തൃശൂർ
നമ്മേ നാമാക്കി മാറ്റിയ മഹത് വ്യക്തികളെ ആരും ഓർക്കുന്നില്ലെന്നും അങ്ങനെ മനുഷ്യർ നന്ദികെട്ട വർഗമായി മാറിക്കഴിഞ്ഞുവെന്നും ടി പത്മനാഭൻ. അവനവന്റെ കാര്യത്തിൽ മാത്രമാണ് ഓരോരുത്തർക്കും താൽപ്പര്യം. നിവർന്നുനിൽക്കാൻ മനുഷ്യരെ പഠിപ്പിച്ചവരെക്കുറിച്ച് ആരും ഓർക്കുന്നില്ല. പുത്തേഴൻ ഫാമിലി ട്രസ്റ്റിന്റെ പുത്തേഴൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുഷ്പത്തിന്റെ ഭംഗിയെക്കുറിച്ച് എല്ലാവരും വാഴ‌്ത്തുമെങ്കിലും പുഷ്പത്തെ പുഷ്പമാക്കിയ വേരിനെ ആരും ഓർക്കാത്തപോലെയാണ് മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തിന്റെ ലോകത്ത് ആദ്യം ഉണ്ടായത് കവിതയാണ്. എന്നാൽ, കവിതയെന്ന പേരിൽ സമീപകാലത്ത് അച്ചടിച്ചുവരുന്നത് വങ്കത്തരങ്ങളാണ്. ഏറ്റവും ദയനീയാവസ്ഥയിൽ ഇന്ന് എത്തിനിൽക്കുന്നതും കവിതയാണ്. എല്ലാവരും ഇന്ന് കവികളാണ്.
ഒരുവരിപോലും തെറ്റില്ലാതെ മലയാളം എഴുതാൻ അറിയാത്തവരും കവികളാണ‌്. കവിതയെന്ന പേരിൽ വാചകം മൂന്നായി പകുത്തിവയ്ക്കൽ മാത്രമാണ് നടക്കുന്നത്.
വായനാശീലമില്ലാത്ത ചെറുപ്പക്കാരാണ് ഇന്നുള്ളത്. ആനുകാലികങ്ങൾപോലും അവർ വായിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പലരുടെയും നട്ടെല്ല് വളയാൻ എളുപ്പമുള്ളതായി മാറിക്കഴിഞ്ഞുവെന്ന് സേതു പറഞ്ഞു. പുത്തേഴൻ പുരസ്കാര സമർപ്പണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായസ്ഥിരത ഇല്ലാത്ത കാലഘട്ടമാണിത്. രാവിലെ ഒരു അഭിപ്രായം പറയും. ഉച്ചക്ക് മറ്റൊന്ന് പറയും. രാത്രിയാകുമ്പോൾ രാവിലെത്തെ അഭിപ്രായത്തിലേക്ക് തിരിച്ചെത്തുമെന്നും സേതു വ്യക്തമാക്കി.
അവാർഡ് സമർപ്പണച്ചടങ്ങ് തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പുത്തേഴത്ത് രാമചന്ദ്രൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി പ്രസിഡന്റ‌് വൈശാഖൻ അവാർഡ‌് സമ്മാനിച്ചു. പുത്തേഴത്ത് രാമൻ മേനോന്റെ മകൾ രമ മേനോൻ കവിത വായിച്ചു. പ്രശസ്തിപത്രം പുത്തേഴത്ത് കുമാരമേനോനും ഫലകം പുത്തേഴത്ത് നന്ദകുമാർ മേനോനും സമർപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2CtwSMB
via IFTTT
No comments:
Post a Comment