സംസ്ഥാനത്തെ എല്ലാ എയ്ഡഡ് കോളേജുകൾക്കും നാക‌് അക്രഡിറ്റേഷനും എൻഐആർഎഫ‌് റാങ്കിംഗും നിർബന്ധമാക്കുമെന്ന‌് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ. നിശ്ചിത അക്രഡിറ്റേഷൻ നിലവാരമില്ലാത്ത കോളേജുകൾക്ക് പുതിയ കോഴ്സുകൾ അനുവദിക്കില്ല. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ പ്രവർത്തനം സർക്കാർ നിരീക്ഷിക്കും. കോളേജ് യൂണിയൻ പ്രവർത്തനം തടസ്സപ്പെടുത്തരുത‌്. എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എയ്ഡഡ് കോളേജ് അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ മാനദണ്ഡം ഏർപ്പെടുത്തും. ഗവേഷണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അധ്യാപകർക്കും വർഷത്തിൽ ഒരു അന്താരാഷ്ട്ര ഗവേഷണപ്രബന്ധമോ രണ്ട് ദേശീയതലത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളോ നിർബന്ധമാക്കും. അധ്യാപകർക്ക് ഐഎംജി മാതൃകയിൽ വർഷത്തിൽ രണ്ട് പരിശീലന പരിപാടികളെങ്കിലും സംഘടിപ്പിക്കും. ഇതിൽ പങ്കാളിത്തം നിർബന്ധമാക്കും.
എയ്ഡഡ് കോളേജുകളിൽ ഇനി സ്വാശ്രയ പ്രോഗ്രാമുകൾ അനുവദിക്കില്ല. എയ്ഡഡ് കോളേജിന്റെ അടിസ്ഥാനസൗകര്യം എയ്ഡഡ് മേഖലയ്ക്ക് മാത്രമായി നിജപ്പെടുത്തണം. പഠനത്തോടൊപ്പം വിദ്യാർഥികളിൽ ഗവേഷണാഭിരുചി വളർത്താൻ സ്റ്റാർട്ട്അപ്പ‌്– ഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കണം.
എയ്ഡഡ് കോളേജുകളിലെ അധ്യാപക സ്ഥാനക്കയറ്റത്തിന‌് യുജിസി മാനദണ്ഡം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അധ്യാപനരീതികളിൽ കാലാനുഗതമായ മാറ്റം വരുത്താൻ ഐസിടി എനേബിൾഡ് ടീച്ചിംഗ് മെത്തേ്ഡ്സും സ‌്മാർട്ട‌് ക്ലാസ‌്റൂമുകളും ആവിഷ‌്കരിക്കണം. മികച്ച ക്ലാസുകൾ വിദ്യാർഥികൾക്ക‌് ലഭ്യമാക്കാൻ വെർച്വൽ ക്ലാസ‌്മുറികളും ലഭ്യമാക്കണം.
ജോലിഭാരം സംബന്ധിച്ച അദാലത്ത‌് പൂർത്തിയാകുമ്പോൾ പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളും. സ്വാശ്രയ കോഴ്സുകൾക്ക് അമിത ഫീസ് വാങ്ങുന്നത‌് അവസാനിപ്പിക്കണം. കോളേജുകളുടെ വെബ്സൈറ്റിൽ എയ്ഡഡ് കോഴ്സുകളും സ്വാശ്രയകോഴ്സുകളും വേർതിരിച്ച് കാണിക്കണം. പരീക്ഷാഹാളുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണം. പരാതിപരിഹാര സെൽ, ആന്റി റാഗിങ‌് കമ്മിറ്റി, ആന്റി ഹരാസ‌്മെന്റ‌് സെൽ എന്നിവ രൂപീകരിക്കണം–മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PVNTmo
via IFTTT
No comments:
Post a Comment