മാന്യമായ തൊഴിലന്തരീക്ഷം ഉടമ ഉറപ്പുവരുത്തണം: മന്ത്രി ടി പി രാമകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

മാന്യമായ തൊഴിലന്തരീക്ഷം ഉടമ ഉറപ്പുവരുത്തണം: മന്ത്രി ടി പി രാമകൃഷ‌്ണൻ


കൊച്ചി
സ്ത്രീകളടക്കം എല്ലാ തൊഴിലാളികൾക്കും അന്തസ്സായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഒരുക്കാൻ തൊഴിലുടമകൾക്ക് ബാധ്യതയുണ്ടെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ വേതനം നൽകുന്നുണ്ടെന്നും നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും ഇരിപ്പിടസൗകര്യം ഉൾപ്പെടെ  ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം. സംതൃപ്തമായ തൊഴിൽമേഖലയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു‌. സംസ്ഥാനത്തെ വ്യാപാരവ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് ഏർപ്പെടുത്തിയ 2017ലെ വജ്ര, സുവർണ, രജത ഗ്രേഡിങ‌് സർട്ടിഫിക്കറ്റുകൾ എറണാകുളം ടൗൺ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ തൊഴിൽസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ‌് ഏർപ്പെടുത്താൻ തീരുമാനിച്ചത്.  മികച്ച തൊഴിലാളി–തൊഴിലുടമാ ബന്ധം കെട്ടിപ്പടുത്ത് പുതിയ തൊഴിൽസംസ്‌കാരം സൃഷ്ടിക്കാനും കേരളത്തെ നിക്ഷേപകസൗഹൃദ സംസ്ഥാനമാക്കാനും സർക്കാരിന് കഴിഞ്ഞു.

മികച്ച തൊഴിൽദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിലന്തരീക്ഷം, തൊഴിൽനൈപുണ്യ വികസനത്തിൽ സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീസൗഹൃദ അന്തരീക്ഷം, തൊഴിലാളികൾക്ക് നൽകുന്ന സൗകര്യങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗ്രേഡിങ‌് നടത്തിയത്. മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതടക്കം തൊഴിലാളികൾക്ക് മാന്യമായ തൊഴിൽസാഹചര്യം ഉറപ്പുവരുത്തുകയാണ് ഗ്രേഡിങ‌് സംവിധാനത്തിന്റെ മുഖ്യലക്ഷ്യം.

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവർക്ക് അഞ്ചുമിനിറ്റുപോലും ഇരിക്കാനുള്ള അവകാശമില്ലെന്ന ആക്ഷേപം ശക്തമായി ഉയർന്ന സംസ്ഥാനമാണ് കേരളം. ഇരിക്കാനുള്ള അവകാശം ഉൾപ്പെടെ തൊഴിലാളികൾക്ക് അന്തസ്സോടെ ജോലിചെയ്യാനുള്ള  സാഹചര്യം ഉറപ്പാക്കി നിയമഭേദഗതി വരുത്തി. ഇന്ത്യയിൽ ഏറ്റവും ഉയർന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ഈ സർക്കാർ അധികാരമേറ്റശേഷം 26 മേഖലകളിലാണ് മിനിമം വേതനം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.

അധ്വാനിക്കുന്നവന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ  സാമൂഹ്യസുരക്ഷയും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും ഉൾപ്പെടെയുള്ള അനാരോഗ്യപ്രവണതകൾ എല്ലാ ട്രേഡ്‌ യൂണിയനുകളുടെയും പിന്തുണയോടെ നിയമംമൂലം അവസാനിപ്പിച്ചു. വ്യാപാരികളും വ്യവസായികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടും സർക്കാരിന് അനുഭാവപൂർണമായ സമീപനമാണുള്ളത‌്.

ഏറ്റവും  മികച്ച അന്തരീക്ഷം വാണിജ്യവ്യവസായ രംഗത്ത് സൃഷ്ടിക്കാൻ ഈ സർക്കാരിന‌് കഴിഞ്ഞു. തൊഴിലാളികളെ പഴിപറഞ്ഞ് നിക്ഷേപകരെ അകറ്റാൻ ഇന്നാർക്കും കഴിയില്ല. കേരളത്തെ തൊഴിൽസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിൽ നിർണായക പിന്തുണ നൽകുന്നവരാണ് തൊഴിലാളികൾ. സർക്കാരിന്റെ ഈ നിലപാട് കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന‌് കാരണമാക്കിയിട്ടുണ്ട‌്.  
സ്ഥാപനങ്ങൾക്ക് പ്രശ്‌നപരിഹാരത്തിനുള്ള ഫെസിലിറ്റേറ്റർമാരായി മാറേണ്ടവരാണ് ഉദ്യോഗസ്ഥർ. തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരികളും തൊഴിലാളിസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കേരളത്തിന്റെ വികസനസ്വപ്‌നങ്ങൾ നടപ്പിൽ വരുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2AckZsO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages