അബുദാബി
കേരള പുനർനിർമിതിക്ക‌് സാമ്പത്തിക സഹായം തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ആരംഭിച്ചു. പുലർച്ചെ നാലിന‌് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന‌് യാത്രതിരിച്ച അദ്ദേഹം പകൽ ഏഴിന‌് അബുദാബിയിൽ എത്തി. രാവിലെ ഏഴോടെ അബുദാബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി, നോർക്ക ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ സ്വീകരിച്ചു. രണ്ടുദിവസം അബുദാബിയിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി സംബന്ധിക്കും.
വൈകിട്ട് ദൂസിത് താനി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി സംസാരിച്ചു. കേരള പുനർനിർമിതിക്ക‌് പ്രവാസികളുടെ സഹായം അദ്ദേഹം അഭ്യർഥിച്ചു. വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും . യു എ ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ‌്ച രാത്രി ദുബായിലേക്ക‌് തിരിക്കുന്ന മുഖ്യമന്ത്രി വെള്ളിയാഴ‌്ച രാത്രി എട്ടിന‌് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യും. ശനിയാഴ‌്ച ഉച്ചയ‌്ക്ക‌് ഷാർജയിൽ ബിസിനസ‌് മീറ്റിൽ പങ്കെടുക്കും. രാത്രി ഏഴിന‌് പൊതുസമൂഹവുമായി സംവദിക്കും. ഞായറാഴ‌്ച കേരളത്തിലേക്ക‌് തിരിക്കും.
വിവിധ വിദേശരാജ്യങ്ങളിൽനിന്ന‌് സഹായം സമാഹരിക്കാനുള്ള മന്ത്രിമാരുടെ യാത്രയ‌്ക്ക‌് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധം വ്യാപകമാണ‌്. പ്രവാസി സംഘടനകൾ മന്ത്രിമാരെ സ്വീകരിക്കാനും സഹായം ലഭ്യമാക്കാനും എല്ലാ ഒരുക്കവും പൂർത്തീകരിച്ചിരുന്നു. അതിനിടെയാണ‌് കേന്ദ്രം അനുമതി നിഷേധിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2EtUHGL
via IFTTT
No comments:
Post a Comment