കോഴിക്കോട്
ഇന്ത്യയിലാദ്യമായി ഷോറൂം മാനേജരായി റോബോട്ടെത്തുന്നു. പ്രീ ഓൺഡ് ലക‌്ഷ്വറി കാറുകളുടെ ഷോറൂമായ കോഴിക്കോട‌് ബൈപാസിലെ റോയൽ ഡ്രൈവിലാണ് ഷോറൂം മാനേജരായി റോബോട്ടെത്തുന്നത‌്. അടുത്ത മാസം മുതൽ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങൾ നൽകാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റൊബോട്ടിക് ഇന്ററാക്ടീവ് സർവീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായുള്ള ഫ്ള്യൂ അപ് ടെക‌്നോളജീസാണ് വികസിപ്പിച്ചെടുത്തത‌്.
മനുഷ്യരൂപത്തിൽ നിർമിച്ച ഈ റോബോട്ടിന‌് ‘റോയ’ എന്നാണ‌് പേരിട്ടത‌്. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറുമാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തത്. ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം. 150 കിലോ ഗ്രാം തൂക്കവും. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകൾക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകുക.
വിവരങ്ങൾ നൽകാനായി റോയയുടെ നെഞ്ചിന് മുകളിലായി സ‌്ക്രീനും ഘടിപ്പിച്ചിട്ടുണ്ട‌്. റോയക്ക് 150ലധികം ഭാഷകൾ കൈകാര്യം ചെയ്യാനാകും. ബാറ്ററിയുടെ ചാർജ‌് തീരാനായാൽ റോയ തന്നെ ചാർജ‌് ചെയ്യും. ഷോറൂമിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ ഷോറൂമിലെ ലൈറ്റ്, കംപ്യൂട്ടർ, എസി, ടെലിവിഷൻ എന്നിവ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും റോയക്ക് സാധിക്കും. കൂടാതെ ഷോറൂമിലെ മറ്റ് ജീവനക്കാർ വല്ല കള്ളവും കാണിച്ചാൽ പിടികൂടാനും കഴിയും.
from Kerala || Deshabhimani Online News https://ift.tt/2AbrufA
via IFTTT
No comments:
Post a Comment