തിരുവനന്തപുരം
വലിയ ദുരന്തങ്ങളിൽനിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തിൽ പ്രളയാനന്തര പുനർനിർമാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളൊഴിവാക്കുന്ന രീതിയിൽ വേണം ഭൂവിനിയോഗം. ജലവിഭവസമ്പത്തും ഫലപ്രദമായി ഉപയോഗിക്കണം. ഇതിനു വേണ്ടി ആവശ്യമെങ്കിൽ പുതിയ നിർമാണം സർക്കാർ പരിഗണിക്കും. കേരള പുനർനിർമാണ പദ്ധതി ഉപദേശകസമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നുതലത്തിൽ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പെട്ടെന്ന് നടപ്പാക്കേണ്ടവ, ഹ്രസ്വകാലം കൊണ്ട് പൂർത്തിയാക്കേണ്ടവ, ദീർഘകാല പദ്ധതികൾ. പുനർനിർമാണം നടത്തുമ്പോൾ കാർഷികരംഗത്ത് കൂടുതൽ ശ്രദ്ധ വേണം. പ്രളയത്തെ തുടർന്ന് കൃഷിഭൂമിയിലെ മണ്ണിന്റെ സ്വഭാവംതന്നെ മാറിയിട്ടുണ്ട്. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്താനാണ് ലക്ഷ്യമിടുന്നത്.
വീട് നഷ്ടപ്പെട്ടവർക്ക് പെട്ടെന്നുതന്നെ വീട് പുനർനിർമിച്ച് നൽകേണ്ടതുണ്ട്. വീട് നിർമിക്കാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയ സ്ഥലം കണ്ടെത്തി ആ പ്രശ്നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപ വരെ സർക്കാർ സഹായം നൽകും. ധാരാളം പേർ ഭൂമി സംഭാവന നൽകാൻ തയ്യാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുമ്പോൾ അതുകൂടി പരിഗണിക്കണം.
രണ്ടാഴ്ചയിലൊരിക്കൽ ഉപദേശക സമിതി ചേരാനാണ് ഉദ്ദേശിക്കുന്നത‌്. അടുത്ത യോഗം നവംബർ 13ന് ചേരും. ഉപദേശക സമിതി അംഗങ്ങളുമായി തുടർച്ചയായ ആശയവിനിമയത്തിന് പ്രത്യേക ഇന്റർനെറ്റ് അധിഷ്ഠിത വേദി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു ടി തോമസ്, മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായർ, ഡോ. കെ പി കണ്ണൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ബൈജു രവീന്ദ്രൻ, ഹഡ്കോ മുൻ ചെയർമാൻ വി സുരേഷ‌് തുടങ്ങിയവർ പങ്കെടുത്തു. സമിതിയിൽ അംഗങ്ങളായ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിദേശത്തായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു അംഗം ഡോ. മുരളി തുമ്മാരകുടി വീഡിയോ കോൺഫറൻസിലൂടെ ചർച്ചയിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2PNC15L
via IFTTT
No comments:
Post a Comment