കൊല്ലം
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനസർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ഒത്തുകൂടുകയും ചെയ്യുന്നവർ മതനിരപേക്ഷതയുടെ അടിത്തറയുള്ള മഹാശക്തിക്കു മുന്നിൽ നിസ്സാരന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് എൽഡിഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിനെതിരെ സമരവുമായി ഇറങ്ങിയവർ ചിലർക്കൊപ്പം നിൽക്കുമ്പോൾ വലുതായി എന്നൊരു തോന്നലുണ്ടാകും. എന്നാൽ, അവർ ഒന്നുമല്ലെന്നതാണ് യാഥാർഥ്യം. ഉയർന്ന മാനവിക സംസ്‌കാരമുള്ള നാടാണിത്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാത്ത നാട്. ഈ രാജ്യവും ലോകവും നമ്മുടെ നാട് സ്വീകരിക്കുന്ന നിലപാട് പൊതുവെ അംഗീകരിക്കുന്നു. ഈ നാടിന്റെ നന്മയും സാംസ്‌കാരികമൂല്യങ്ങളും നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുത്. നവോത്ഥാനമൂല്യങ്ങൾ ശക്തിപ്പെടുത്തണം. ഇതിനൊപ്പം സർക്കാർ ഉണ്ടാകും.
ദുരാചാരങ്ങളെ നാം അതിജീവിച്ചത് സ്വയമേവയല്ല. അതിനായി ശക്തിയായ പ്രക്ഷോഭം ഉയർന്നിരുന്നു. കടന്നുവന്ന വഴികൾ മറക്കരുത്. കൊല്ലം പെരിനാട്ട് നടന്ന കല്ലുമാല സമരചരിത്രം ഇവിടെ ഓർമിക്കണം. പട്ടികജാതി സ്ത്രീകൾ സ്വർണം അണിയാൻ പാടില്ലെന്നും കല്ലുമാല മാത്രം ധരിച്ചാൽ മതിയെന്നും പറഞ്ഞതിനെതിരെ നടത്തിയ ഉജ്വല ജനമുന്നേറ്റം. 1915 ഒക്ടോബറിൽ ഈ സമ്മേളനം ചേരുന്ന മൈതാനിയിലാണ് സവർണമേധാവിത്തം അടിച്ചേൽപ്പിച്ച കല്ലുമാല ആയിരക്കണക്കിന് സ്ത്രീകൾ പൊട്ടിച്ചെറിഞ്ഞത്. ഈ മാറ്റത്തിൽ എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു. നവോത്ഥാനകാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു ഇത്.
ശബരിമല വിഷയത്തിൽ കൃത്യമായ നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആരാധനാലയങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യനീതി എന്ന മതനിരപേക്ഷ നിലപാട്. വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാം. ഈ ഉറപ്പു നൽകുന്നത് ഭരണഘടനയാണ്. ഇതിനെ എതിർക്കുന്നവർ മതനിരപേക്ഷതയുടെ ശത്രുക്കളാണ്. ഭരണഘടനയെ എതിർക്കുന്നവർ രാജ്യത്തെ ഭരണകക്ഷിയാണ്. ഇവർ ലക്ഷ്യം വയ്ക്കുന്നത് മതാധിഷ‌്ഠിത രാജ്യമാണെന്നും പിണറായി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Rflwjt
via IFTTT
No comments:
Post a Comment