കൊച്ചി> വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന് എഎംഎംഎയിലും ഭിന്നത രൂക്ഷം. സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും സിദ്ദിഖുമാണ് നേർക്കുനേർ പ്രസ്‌താവനയിറക്കുന്നത്.
രാവിലെ സംഘടനയുടെ ഔദ്യോഗിക വക്‌താവെന്ന നിലയിൽ ജഗദീഷാണ് ആദ്യം പ്രസ്‌താവനയിറക്കിയത്. മോഹൻ ലാലിനെ മാത്രമായി കുറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ധാർമികമായ കാഴ്‌ചപാടോടെ പരിഹരിക്കുമെന്നും പറയുന്ന പ്രസ്‌താവനയിൽ ജനറൽ ബോഡി ഉടനെ വിളിച്ചു ചേർക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ ഉച്ചക്ക് ശേഷം സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിൽ ജഗദീഷിനെ പാടെ തള്ളി. സംഘടനയുടെ പേരിൽ പ്രസ്‌താവനയിറക്കാൻ ജഗദീഷ് ആരാണെന്നും അതിനാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു പ്രതികരണം.
ജനറൽ ബോഡി ഉടനെ വിളിച്ചുചേർക്കേണ്ട കാര്യമില്ലെന്നും സംഘടനയിൽ നിന്ന് രാജിവെച്ചവർ പുറത്തുതന്നെയാണെന്നും സിദ്ദീഖ് പറഞ്ഞു. എന്നാൽ വാർത്ത സമ്മേളനം കഴിഞ്ഞയുടനെ സിദ്ദിഖിനെ തള്ളി ജഗദീഷ് രംഗത്തെത്തി. താരസംഘടനയായ അമ്മയുടെ വക്‌താവ് താനാണെന്ന് ജഗദീഷ് പറഞ്ഞു. പ്രസ്‌താവനയിറക്കിയത് മോഹൻലാലുമായി ചർച്ചചെയ്‌താണ് . സിദ്ദിഖടക്കം എല്ലാ ഭാരവാഹികൾക്കും ഇതയച്ചു നൽകിയിരുന്നുവെന്നും ജഗദീഷ് വ്യക്‌തമാക്കി. ദിലിപിനൊപ്പം എന്നും നിൽക്കുന്ന ആളാണ് സിദ്ദിഖ്. ദിലിപിനെ തിരിച്ചെടുത്തത് ചോദ്യം ചെയ്‌ത് സംഘടനയിൽ നിന്ന് രാജിവെച്ച നടിമാരെ രൂക്ഷമായ ഭാഷയിലാണ് സിദ്ദിഖ് പ്രതികരിച്ചത്.ദിലിപ് രാജിക്കത്ത് നൽകിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QLu01e
via IFTTT
No comments:
Post a Comment