തിരുവനന്തപുരം > മതവിശ്വാസവും അതിന്റെ ഭാഗമായ ആരാധനാസമ്പ്രദായങ്ങളും സംരക്ഷിച്ച‌് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയപ്രേരിത സംഘര്‍ഷങ്ങള്‍ക്ക‌് പുറപ്പെടുന്നവരുടെ പരിശ്രമങ്ങള്‍ക്കുമുന്നിൽ ഒരുകാരണവശാലും കീഴടങ്ങില്ല. എല്ലാവര്‍ക്കും തുല്യനീതി എന്ന കാഴ്ചപ്പാട് നടപ്പാക്കും. ശബരിമല ക്ഷേത്രത്തിലെ സ‌്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെതുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെറ്റിദ്ധാരണ ഏതെങ്കിലും വിഭാഗത്തിനുണ്ടായിട്ടുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചയ‌്ക്കും തെറ്റിദ്ധാരണ തിരുത്താനും സര്‍ക്കാര്‍ തയ്യാറാണ്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാര്‍ നയമല്ല. അവര്‍ക്ക് സൗകര്യമൊരുക്കാനാണ‌് എപ്പോഴും പരിശ്രമിച്ചത‌്. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട‌് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവോ, നല്‍കിയ കേസോ, നിയമനിര്‍മാണമോ അല്ല ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക‌് ഇടയാക്കിയത‌്. സ‌്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട‌് 1991 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പിന്നീട‌് ശബരിമലയിൽ തീര്‍ഥാടകർക്ക‌് പ്രവേശനം നൽകിയത‌്.
2006ൽ സുപ്രീംകോടതിയിൽ കേസ‌് വന്നപ്പോൾ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ‌് സത്യവാങ്മൂലം സമര്‍പ്പിച്ചത‌്. പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത‌് പിൻവലിച്ച് പുതിയത‌് നൽകി. ഇതിൽ സ്ത്രീപ്രവേശത്തെ എതിര്‍ത്തു. വീണ്ടും എൽഡിഎഫ‌് വന്നപ്പോള്‍ 2007ല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അതേ സത്യവാങ‌്മൂലം നിലനിര്‍ത്താൻ തീരുമാനിച്ചു. ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാടാണ‌് സര്‍ക്കാര്‍ സ്വീകരിച്ചത‌്. വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാൽ ഹിന്ദു ധര്‍മശാസ്ത്രത്തില്‍ പരിജ്ഞാനമുള്ള പണ്ഡിതരും സാമൂഹ്യ പരിഷ‌്കര്‍ത്താക്കളും ഉള്‍പ്പെട്ട കമീഷനെ നിയോഗിച്ച് നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്ന നിലപാടും സ്വീകരിച്ചു.
കമീഷനെ നിയോഗിക്കണമെന്നും അതിനുശേഷമേ അന്തിമവിധിയിലേക്ക് കടക്കാവൂ എന്നുമുള്ള സര്‍ക്കാര്‍ സമീപനം വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിക്കുന്ന നിലപാടാണ്. അവരുടെ അഭിപ്രായം അറിയാതെ അന്തിമതീരുമാനം എടുക്കരുതെന്നാണ് പറഞ്ഞത്. ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വിധി പ്രകാരം പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.
സര്‍ക്കാരിന്റെ ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ വന്ന ഒരുവിധിയില്‍ പുനഃപരിശോധനാ ഹര്‍ജി അസാധ്യമാണ‌്. ആ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നത് എങ്ങനെയാണ് ശരിയാവുക. മാത്രമല്ല, അത് സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പിന് എതിരാകും. അതുകൊണ്ടാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം മറ്റാരെങ്കിലും പുനഃപരിശോധനാ ഹര്‍ജിക്ക് പോകുന്നതിന‌് സര്‍ക്കാരിന് തടസ്സമില്ല. സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ‌് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വം വ്യക്തമാക്കിയത‌്. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിധി എല്ലാവര്‍ക്കും ബാധകമാണെന്നും അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇത്തരത്തില്‍ വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് പിന്നീട‌് മറിച്ചൊരു നിലപാട് സ്വീകരിച്ചത് വിസ്മയകരമാണ്. ഇത് പ്രതിപക്ഷനേതാവിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ്.
ബിജെപിയുടെ നിലപാടും ഇതിന് സമാനമാണ്. ബിജെപിയെ നയിക്കുന്ന ആര്‍എസ്എസ‌് അഖിലേന്ത്യാ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്ന കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് വിധിക്കെതിരെ രംഗത്തിറങ്ങി തെരുവുകളില്‍ കലാപം സൃഷ്ടിക്കുന്നതിന‌് തയ്യാറായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2QDGmJ4
via IFTTT
No comments:
Post a Comment