കൊച്ചി
കേരളത്തിന്റെ വിനോദസഞ്ചാര ചരിത്രത്തിൽ പുത്തൻ അധ്യായം കുറിച്ച‌് സംസ്ഥാനത്തിന്റെ ആദ്യ ആഡംബര കപ്പൽ ‘നെഫർറ്റിറ്റി’ ഒക്ടോബർ അവസാനം വിനോദ സഞ്ചാരികളെ വരവേൽക്കും. ഈജിപ്ഷ്യൻ മാതൃകയിൽ തയ്യാറാക്കിയതാണ‌് ഉൾനാടൻ ജലഗതാഗത കോർപറേഷന്റെ ഈ സമുദ്രയാനം. കൊച്ചിയിൽ ഞായറാഴ‌്ച അവസാനിച്ച കേരള ട്രാവൽ മാർട്ടിലെ പ്രതിനിധികൾക്കായി ‘നെഫർറ്റിറ്റി’ പ്രദർശിപ്പിച്ചു.
കപ്പലിന്റെ ഉദ‌്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന‌് കോർപറേഷൻ മാനേജിങ‌് ഡയറക്ടർ മുഹമ്മദ് ഹനീഷ് പറഞ്ഞു. സൗരോര്‍ജത്തിൽ പ്രവര്‍ത്തിക്കുന്ന മറ്റൊരു കപ്പൽ ശ്രീലങ്കയില്‍ നിര്‍മാണത്തിലാണെന്നും ഇത‌് കോഴിക്കോട് കടപ്പുറത്ത് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലു കോടി രൂപ മുതല്‍മുടക്കുള്ള ഈ കപ്പല്‍ 2019 ആഗസ‌്തിൽ സജ്ജമാകും. കൂടാതെ 160 പേര്‍ക്ക് സഞ്ചരിക്കാവുന്ന ‘ആന്‍ട്രോ മെഡ' എന്ന കപ്പൽ 60 കോടി രൂപ മുടക്കി സ്വന്തമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രീഡി തിയറ്റർ, എസി ഹാൾ, സൺ ഡെക്ക്, ബാങ്ക്വറ്റ് ഹാൾ, ബാർലൗഞ്ച്, വിനോദ സംവിധാനങ്ങൾ എന്നിവയുള്ള നെഫർറ്റിറ്റിക്ക‌് 200 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഒന്നര വർഷമെടുത്താണ് കപ്പലിന്റെ നിർമാണം പൂർത്തിയാക്കിയത‌്. നെഫർറ്റിറ്റി രാജ്ഞിയുടെ പേരു നൽകിയ കപ്പൽ ഓർമിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരങ്ങളിലൊന്നായ ഈജിപ്റ്റിനെയാണ്.
മീറ്റിങ്ങുകൾക്കും കമ്പനികളുടെ പാർടികൾക്കും ആതിഥ്യമരുളാൻ നെഫർറ്റിറ്റിക്ക് കഴിയും. കപ്പലിന് ക്രൂസ് മാനേജരെ നിയമിച്ചിട്ടുണ്ട‌്. ഇത്തരത്തിലൊരു ജോലി കേരളത്തിൽ ആദ്യത്തേതാണ‌്.
20 നോട്ടിക്കൽ മൈൽ വരെ ഉള്ളിൽ പോകാൻ കഴിയുന്ന കപ്പലിന് മണിക്കൂറിൽ 16 കിലോമീറ്റർ വേഗമുണ്ടായിരിക്കും. കൊച്ചി ക്രൂസ് ഹബ് ആയി വികസിക്കുകയാണെങ്കിൽ കേരളത്തിൽ ടൂറിസം വികസനത്തിന് ഏറെ സംഭാവന ചെയ്യാൻ നെഫർറ്റിറ്റിക്കു കഴിയുമെന്ന് കെടിഎം മുൻ പ്രസിഡന്റും ദേശീയ ടൂറിസം ഉപദേശക സമിതി അംഗവുമായ എബ്രഹാം ജോർജ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NQO31s
via IFTTT
No comments:
Post a Comment