നാടിറങ്ങുന്ന കാട്ടാനകളുടെ മാനസിക സമ്മർദം പഠിച്ച‌് പിഎച്ച‌്ഡി തീസിസ‌് പൂർത്തിയാക്കി കോഴിക്കാട് തളിവെട്ടത്ത് ശ്രീധർ
ഇതെന്ത‌് ആനക്കാര്യം എന്ന‌് ചിരിച്ചുതള്ളാൻ വരട്ടെ. മലയോരത്തെ കൃഷിയിടങ്ങളിൽ കാട്ടാനകൾ കലിയിളകി നടക്കുമ്പോൾ ഈ ഇരുപത്തിയെട്ടുകാരൻ പറയുന്നതിന‌് ചെവിയോർക്കുന്നത‌് നന്നാകും. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽനിന്ന‌് ആനകളെക്കുറിച്ച‌് ഗവേഷണം പൂർത്തിയാക്കാനൊരുങ്ങുന്ന ശ്രീധറിന്റെ പഠനം ആഗോളതലത്തിൽതന്നെ ചർച്ചയായി.
നാട്ടിലിറങ്ങുന്ന കാട്ടാനകളെ ആട്ടിപ്പായിക്കുമ്പോൾ അവയിൽ മാനസിക സമ്മർദമുണ്ടാകുന്നു എന്നാണ‌് ശ്രീധറിന്റെ നിരീക്ഷണം. ആനയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ എല്ലാ മേഖലകളിലുംഎത്തിയ ശ്രീധർ ആനകളിൽ സമ്മർദംമൂലം 20 ശതമാനത്തിലേറെ ഹോർമോൺ മാറ്റമുണ്ടാകുന്നുവെന്ന‌് കണ്ടെത്തി.
ആനപ്പിണ്ടത്തിൽനിന്ന് ഫീക്കൽ ഗ്ലൂക്കോകോർട്ടിക്കോയ്ഡ് മെറ്റാബൊലൈറ്റ് എന്ന ഹോർമോൺ വേർതിരിച്ചെടുത്താണ‌് കണ്ടെത്തൽ. സമ്മർദം കൂടുമ്പോൾ ഉണ്ടാകുന്ന ഹോർമോണാണിത‌്. ഒരു ഗ്രാമിൽ മൂന്ന് മൈക്രോഗ്രാമാണ് സാധാരണ അളവ‌്. എന്നാൽ പേടിച്ചോടിയ കുട്ടിയാനയിൽ 105 ശതമാനം കൂടുതലാണ‌്. മുതിർന്ന ആനകളിൽ 24 ശതമാനവും. സമ്മർദം ആനകളുടെ ദഹനവ്യവസ്ഥ, പ്രത്യുല്‍പ്പാദനശേഷി, പ്രതിരോധശക്തി എന്നിവയെയും ബാധിക്കും.
അമേരിക്കയിൽനിന്ന് പുറത്തിറങ്ങുന്ന ജനറൽ ആൻഡ് കംപാരിറ്റീവ് എൻഡോക്രൈനോളജി എന്ന അന്താരാഷ്ട്ര മാസികയിൽ ശ്രീധറിന്റെ പഠനനിഗമനം പ്രസിദ്ധീകരിച്ചു. സിംഗപ്പൂരിൽ ഇന്റർനാഷണൽ എലഫെന്റ് കൺസർവേഷൻ സമ്മേളനത്തിലും ചർച്ചയായി. മുന്നൂറോളം ആനകളെയാണ‌് നിരീക്ഷിച്ചത‌്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഒച്ചയിട്ടും പടക്കംപൊട്ടിച്ചും ഓടിക്കുമ്പോൾ അവയ്ക്കുപിന്നാലെ കാട്ടിലേക്ക് കയറി സ്വഭാവമാറ്റങ്ങൾ പഠിച്ചു. 294 സാമ്പിളെടുത്താണ് ഹോർമോൺ മാറ്റം വിശകലനം ചെയ‌്തത‌്. ഉൾക്കാടുകളിൽനിന്നടക്കം പിണ്ടം ശേഖരിച്ച് ചൂടാക്കിപ്പൊടിച്ച് സൂക്ഷിക്കും. അത് ഹൈദരബാദിലെ കേന്ദ്ര ഗവ. ലാബിൽ പരിശോധിച്ചാണ് അന്തിമനിഗമനം.
കോഴിക്കാട് തളിവെട്ടത്ത് തറവാട്ടിലെ പരേതനായ വിജയകൃഷ്ണന്റെയും നിലമ്പൂർ കോവിലകത്തെ ജയന്തി തമ്പാട്ടിയുടെയും മകന് കുഞ്ഞുനാളിലേയുണ്ട് ആനക്കമ്പം. മേട്ടുപ്പാളയത്തെ ഫോറസ്റ്റ് കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന‌് ബിഎസ്‌സി ഫോറസ്ട്രി ബിരുദവും ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽനിന്ന് വൈൽഡ്‌ലൈഫ് ബയോളജിയിൽ എംഎസ്‌സിയുംനേടി. തുടർന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പിഎച്ച്ഡിക്ക് ചേർന്നത‌്. വാൽപ്പാറ, ആനമല, പറമ്പിക്കുളം, ഇരവികുളം, ഇടമലയാർ, വാഴച്ചാൽ, വയനാട‌്, മുതുമല, ബന്ദിപ്പൂർ എന്നിവിടങ്ങളിലും തായ്‌ലന്‍ഡിലും ആനക്കമ്പവുമായി ശ്രീധർ കാടുകയറി.
from Kerala || Deshabhimani Online News https://ift.tt/2QkvJKN
via IFTTT
No comments:
Post a Comment