കോഴിക്കോട‌്
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക‌് സിമന്റ‌് കമ്പനികളുടെ വക ഇരുട്ടടി. സെപ‌്തംബർ 25 മുതൽ സിമന്റിന‌് വില കൂട്ടിയാണ‌് സാധാരണക്കാരെ കമ്പനികൾ കൊള്ളയടിക്കുന്നത‌്. മൊത്തവിലയിൽ 10 രൂപയുടെ വർധനയാണ‌് കമ്പനികൾ വരുത്തിയത‌്. ഡീലർമാരിൽനിന്ന‌് 403 രൂപയാണ‌് കമ്പനികൾ ഓരോ ബാഗിനും ഈടാക്കുന്നത‌്. ഇതേത്തുടർന്ന‌് ചില്ലറ വിൽപ്പനവില 430ഉം 440ഉം രൂപയായി കുത്തനെ ഉയർന്നു.
പ്രളയത്തെ തുടർന്ന‌് നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടക്കാനുണ്ട‌്. പതിനായിരക്കണക്കിന‌് വീടുകളും കടകളും മറ്റു കെട്ടിടങ്ങളും പ്രളയത്തിൽ തകർന്നിരുന്നു. ഇവയുടെയെല്ലാം പുനർനിർമാണത്തിന‌് സിമന്റ‌് അവശ്യഘടകമാണ‌്. പ്രളയക്കെടുതി കണക്കിലെടുത്ത‌് പുനർനിർമാണത്തിന‌് സർക്കാർ എല്ലാവരുടെയും സഹായം തേടുകയാണ‌്.
ഇത‌് കണക്കിലെടുത്ത‌് പല ഗൃഹോപകരണ കമ്പനികളും ഉൽപ്പന്നങ്ങളുടെ വില കുറയ‌്ക്കാൻ സന്നദ്ധരായിട്ടുണ്ട‌്. പ്രളയത്തിൽ നിരവധി ഗൃഹോപകരണങ്ങൾ നശിച്ച പശ‌്ചാത്തലത്തിലാണിത‌്. വില കുറക്കേണ്ടതിനുപകരം കുത്തനെ വർധിപ്പിച്ചാണ‌് സിമന്റ‌് കമ്പനികൾ ദുരിതബാധിതരെ പിഴിയുന്നത‌്.
നേരത്തെ കമ്പനികൾ ബിൽ തുകയിൽ നിന്ന‌് ഓരോ ബാഗിനും 10 രൂപ വച്ച‌് ഡീലർമാർക്ക‌് കിഴിവ‌് നൽകിയിരുന്നു. യഥാർഥ ബിൽ തുക 400 രൂപയാണെങ്കിൽ 390 രൂപ ഡീലർമാർ കമ്പനികൾക്ക‌് നൽകിയാൽ മതി. ഈ കിഴിവ‌് കമ്പനികൾ മുന്നറിയിപ്പില്ലാതെ നിർത്തി. സിമന്റിന‌് വില കൂട്ടിയതിനൊപ്പം കിഴിവും എടുത്തുകളഞ്ഞതാണ‌് വിലക്കയറ്റത്തിന‌് കാരണമായത‌്. ഗതാഗതച്ചെലവും കയറ്റിറക്കുകൂലിയും വരുമ്പോൾ ചില്ലറ വിപണയിൽ വില 450നോട‌് അടുക്കുകയാണ‌് സിമന്റ‌് വില.
ചെന്നൈ ആസ്ഥാനമായ പ്രമുഖ സിമന്റ‌് കമ്പനിയാണ‌് സംഘടിതമായി വില കൂട്ടുന്നതിന‌് മുൻകൈ എടുക്കുന്നത‌്. ദക്ഷിണ കേരളത്തിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത‌് ഈ കമ്പനിയുടെ സിമന്റാണ‌്. പ്രളയം കൂടുതൽ ബാധിച്ച ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളെ സിമന്റ‌് വില പ്രതികൂലമായി ബാധിക്കും. സാധാരണക്കാരായ നിരവധി പേരാണ‌് ഇതുമൂലം കൂടുതൽ ദുരിതത്തിലാവുക.
കമ്പനികളുടെ യോഗം രഹസ്യമായി വിളിച്ചുകൂട്ടിയാണ‌് വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത‌്. കേരളത്തിൽ അൾട്രാടെക‌്, എസിസി, രാംകോ, ചെട്ടിനാട‌്, ഡാൽമിയ, ശങ്കർ (ഐസിഎൽ) തുടങ്ങിയ കമ്പനികൾ ഒന്നടങ്കമാണ‌് 25 മുതൽ സിമന്റ‌് വില വർധിപ്പിച്ചത‌്. സംഘടിതമായി വില കൂട്ടുന്നതും വിതരണം നിയന്ത്രിക്കുന്നതും കോംപറ്റീഷൻ ആക്ട‌് പ്രകാരം ശിക്ഷാർഹമാണ‌്.
സംഘടിച്ച‌് വില കൂട്ടിയതിന‌് സിമന്റ‌് ഉടമകളുടെ സംഘടനയായ സിമന്റ‌് മാനുഫാക‌്ചറേഴ‌്സ‌് അസോസിയേഷനും 11 കമ്പനികൾക്കും എതിരെ നാഷണൽ കമ്പനി ലോ അപ്പലറ്റ‌് ട്രൈബ്യൂണൽ (എൻസിഎൽഎടി) 6300 കോടി രൂപ പിഴശിക്ഷ വിധിച്ചത‌് അടുത്തിടെയാണ‌്. 2012ൽ കോംപറ്റീഷൻ കമീഷൻ വിധിച്ച ശിക്ഷ ട്രൈബ്യൂണൽ ശരിവയ‌്ക്കുകയായിരുന്നു. ഇതിൽ നിന്നും പാഠം പഠിക്കാതെയാണ‌് സിമന്റ‌് കമ്പനികൾ വീണ്ടും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത‌്. ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കയാണ‌് സിമന്റ‌് കമ്പനി ഉടമകൾ.
സംഘടിച്ച‌് വില കൂട്ടുന്നതിനെതിരെ സിമന്റ‌് കമ്പനികൾക്ക‌് സംസ്ഥാന സർക്കാർ മുന്നറിയിപ്പ‌് നൽകണമെന്നാണ‌് ഡീലർമാരുടെ ആവശ്യം. ഇല്ലെങ്കിൽ നടപടിക്കായി കോംപറ്റീഷൻ കമീഷനെ സമീപിക്കാൻ സംസ്ഥാന സർക്കാരിനാവും. 2010ൽ ബിൽഡേഴ‌്സ‌് അസോസിയേഷൻ ഓഫ‌് ഇന്ത്യയാണ‌് കമീഷനെ സമീപിച്ചത‌്. 2012ൽ അനുകൂല വിധിയുമുണ്ടായി.
from Kerala || Deshabhimani Online News https://ift.tt/2NUCE0I
via IFTTT
No comments:
Post a Comment