തിരുവനന്തപുരം
ഭിന്നശേഷിക്കാർക്ക‌് സമഗ്ര സ്വയംതൊഴിൽ പരിശീലന പദ്ധതിയുമായി സംസ്ഥാന സർക്കാർ. വൈകല്യങ്ങളെ മറികടന്ന‌് ഭിന്നശേഷിക്കാർക്ക‌് പുതുജീവിതം സ്വന്തമാക്കാനാണ‌് ‘അതിജീവനം’ സ്വയംതൊഴിൽ പരിശീലന പദ്ധതി ആവിഷ‌്കരിക്കുന്നത‌്.
സ്വയംതൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളുമായി ചേർന്ന‌് സാമൂഹ്യനീതിവകുപ്പ‌് ആണ‌് പദ്ധതി നടപ്പാക്കുക. ഭിന്നശേഷിക്കാർക്ക‌് സ്വന്തമായി വരുമാനം ആർജിക്കാൻ കഴിയുംവിധം മികച്ച രീതിയിൽ തൊഴിൽപരിശീലനം നൽകുന്ന സ്ഥാപനങ്ങളെ പദ്ധതിയിലേക്ക‌് തെരഞ്ഞെടുക്കും. ആധുനിക തൊഴിൽരംഗങ്ങളിലുൾപ്പെടെ പരിശീലനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്ക‌് തൊഴിൽപരിശീലനം, ഭക്ഷണം, താമസം, വൈദ്യസഹായം ഉൾപ്പെടെ മുഴുവൻ ചെലവുകൾക്കുമായി സർക്കാരിൽനിന്ന‌് 70 ശതമാനം തുക ഗ്രാന്റ‌് അനുവദിക്കും. 30 ശതമാനം തുക പരിശീലനം നൽകുന്ന സ്ഥാപനം വഹിക്കണം. പരിശീലന കാലയളവിൽ തന്നെ സ്വന്തമായി വരുമാനം നേടാൻ കഴിയുംവിധമായിരിക്കും പദ്ധതി.
സ്ഥാപനത്തിന്റെ പ്രവർത്തന മികവ‌്, തൊഴിൽ സാധ്യത, പരിശീലന സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയേ സാങ്കേതികസമിതി അപേക്ഷ അംഗീകരിക്കൂ. പരിശീലനം ആരംഭിച്ച‌് ഓരോ ഘട്ടത്തിലെയും പുരോഗതി ജില്ലാസാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കും. ഗഡുക്കളായാണ‌് ഗ്രാന്റ‌് നൽകുക. പരിശീലനത്തിൽ വീഴ‌്ചയുണ്ടായാൽ ഗ്രാന്റ‌് തടയുകയും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
അഞ്ച‌് കോടിരൂപയാണ‌് പദ്ധതിക്ക‌് വകയിരുത്താൻ തീരുമാനിച്ചിരിക്കുന്നത‌്. ആദ്യഘട്ടത്തിൽ 100 എൻജിഒകളെയെങ്കിലും ഉൾപ്പെടുത്തി, 5000 ഭിന്നശേഷിക്കാർക്ക‌് പരിശീലനം ലഭ്യമാക്കും. നിലവിൽ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന‌് പരിശീലനപദ്ധതി സാമൂഹ്യനീതിവകുപ്പ‌് നടപ്പാക്കുന്നുണ്ട‌്. എന്നാൽ, സംഘടനകളുടെ എണ്ണം, പരിശീലനം നൽകുന്ന വിവിധ തൊഴിലുകളുടെ എണ്ണം എന്നിവയിൽ കുറവുണ്ട‌്. ഇവ പരിഹരിക്കാനാണ‌് അതിജീവനം ആവിഷ‌്കരിക്കുന്നത‌്. പദ്ധതി ഉടൻ ആരംഭിക്കുമെന്ന‌് സാമൂഹ്യനീതി ഡയറക്ടർ ജാഫർ മാലിക‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Cwr19d
via IFTTT
No comments:
Post a Comment