തിരുവനന്തപുരം > കേരളത്തിന‌് ആവശ്യമുള്ള മദ്യം ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല മുഖ്യമന്ത്രിക്ക‌് കത്ത‌് നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്ന‌് കേരളം ഒരുതുള്ളി വിദേശമദ്യം വാങ്ങരുതെന്നാണ‌് തന്റെ നിലപാടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിൽ ആവശ്യമായ മദ്യത്തിന്റെ എട്ട‌് ശതമാനമാണ‌് മറ്റ‌് സംസ്ഥാനങ്ങളിൽനിന്ന‌് കൊണ്ടുവരുന്നത‌്. ഇത‌് വേണ്ടെന്ന‌് വയ‌്ക്കണം. കർണാടകയിലെ വിദേശമദ്യ ലോബിയുമായുള്ള കോൺഗ്രസുകാരുടെ അടുപ്പത്തെക്കുറിച്ച‌് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തല ഇക്കാര്യം പറഞ്ഞത‌്.
നിലവിലെ സർക്കാർ, കോ‐ഓപറേറ്റീവ് ഡിസ്‌റ്റലറികളുടെയും ബ്രൂവറികളുടെയും ഉൽപാദനശേഷി കൂട്ടണമെന്നാണ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നത്. ബിവറേജസ് കോർപറേഷൻ മുഖേന വിതരണം െചയ്യുന്ന മദ്യം പൂർണ്ണമായും ഇങ്ങനെ സമാഹരിക്കണം. തമിഴ്‌നാട്ടിലെ ടാസ്‌മാക് മോഡൽ കേരളത്തിലും വേണമെന്നും കത്തിൽ പറയുന്നു.
കേരളത്തിന‌് ആവശ്യമുള്ള ബിയറിന്റെ 40 ശതമാനം കർണാടകയിൽനിന്നാണ‌് വാങ്ങുന്നത‌്. അവിടത്തെ പ്രധാന മദ്യരാജാവ‌് ജോർജ‌് ചെന്നിത്തലയുടെ അടുപ്പക്കാരനാണ‌്. ഇതേക്കുറിച്ച‌് ചോദിച്ചപ്പോഴാണ‌് പുറത്തുനിന്ന‌് മദ്യം വാങ്ങേണ്ടെന്ന വാദവുമായി മുന്നോട്ടുവന്നത‌്.
പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അന്വേഷണം നടത്തുന്നതിന‌് ഗവർണർക്ക‌് കത്തു നൽകിയതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിനെക്കുറിച്ച‌് ചോദിച്ചപ്പോൾ ഓരോ കാലത്തും നടന്നതിനെക്കുറിച്ച‌് തനിക്ക‌് മറുപടി പറയാനാകില്ലെന്ന‌് ചെന്നിത്തല പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2DN87x3
via IFTTT
No comments:
Post a Comment