മഹാപ്രളയം വൻനാശം വിതച്ച കേരളത്തിന‌് ഇതുവരെ കേന്ദ്രത്തിൽനിന്ന‌് ലഭിച്ചത‌് 600 കോടി രൂപ മാത്രം. മഹാദുരന്തത്തിൽ പിടിച്ചു നിൽക്കാൻ 5000 കോടി അടിയന്തര സഹായമായി അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. മുഖ്യമന്ത്രി നേരിട്ട‌് നൽകിയ വിശദമായ നിവേദനത്തോടും മുഖം തിരിച്ചു. പ്രളയക്കെടുതി വിലയിരുത്താൻ വന്ന കേന്ദ്രസംഘം മടങ്ങി ആഴ‌്ചകൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.
നവകേരള സൃഷ്ടിക്ക‌് ധനസമാഹരണം ലക്ഷ്യമിട്ട മന്ത്രിമാരുടെ വിദേശയാത്രകളും കേന്ദ്രം വിലക്കി. പ്രധാനമന്ത്രി നേരിട്ട‌് എത്തി ദുരന്തവ്യാപ‌്തി വിലയിരുത്തി പോയിട്ടും നിഷേധ നിലപാട‌് തുടരുകയാണ‌്.
കേന്ദ്രാവിഷ‌്കൃത പദ്ധതികളുടെ വിഹിതം പത്തു ശതമാനം വർധിപ്പിക്കണമെന്നും വായ‌്പാ പരിധി 4.9 ശതമാനമായി ഉയർത്തണമെന്നുമുള്ള ആവശ്യവും അംഗീകരിച്ചിട്ടില്ല. 27000 കോടിയുടെ പ്രാഥമിക നഷ്ടമാണ‌് യുഎൻ സംഘം കണക്കാക്കിയത‌്.
സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി 45000 കോടിയുടെ പദ്ധതികളാണ‌് സർക്കാർ തയ്യാറാക്കിയത‌്. ഇത‌് പ്രാവർത്തികമാക്കാനുള്ള വിപുലമായ ശ്രമങ്ങൾക്കാണ‌് സംസ്ഥാന സർക്കാർ തുടക്കമിട്ടിരിക്കുന്നത‌്. പ്രളയത്തിൽ 17,024 വീടുകൾ പൂർണമായും 2.28 ലക്ഷം വീടുകൾ ഭാഗികമായും തകർന്നു. 45,000 ഹെക്ടറിലേറെ കൃഷി നശിച്ചു. 15,250 കിലോമീറ്റർ പൊതുമരാമത്ത‌് റോഡും 77,330 കിലോമീറ്റർ ഗ്രാമീണ റോഡുകളും തകർന്നു. 510 പാലങ്ങൾക്ക‌് നാശമുണ്ടായി. ഈ റോഡുകൾ പുനർ നിർമിക്കാൻ കോടികൾ വേണം. പ്രളയത്തിൽ തകർന്ന സ‌്കൂളുകൾ പുനർനിർമിക്കാനുള്ള മാസ‌്റ്റർ പ്ലാനുകൾ തയ്യാറായി വരികയാണ‌്. 141 സ‌്കൂളുകളാണ‌് പൂർണമായി തകർന്നത‌്.
5300 കിലോമീറ്റർ വൈദ്യുതി ലൈനാണ‌് നശിച്ചത‌്. 22 സബ‌്സ‌്റ്റേഷനുകൾ, 1700 ട്രാൻസ‌്ഫോർമറുകൾ തുടങ്ങിയവയ‌്ക്കും നാശമുണ്ടായി. ഇവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനായി. തകരാറിലായ വൈദ്യുതി പദ്ധതികൾ പൂർണ തോതിൽ പ്രവർത്തനസജ്ജമായി വരുന്നതേയുള്ളു.
ദുരിതബാധിരായ 5.96 ലക്ഷം കുടുംബങ്ങൾക്ക‌് 10,000 രൂപ വീതം സർക്കാർ നൽകി. രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും എസ‌്ഡിആർഎഫിൽനിന്നുമായി 850 കോടിയിലേറെ ഇതിനോടകം ചെലവിട്ടു.
പ്രളയത്തെ തുടർന്ന‌് സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക‌് സൗജന്യമായി നൽകി വന്ന അഞ്ച‌് കിലോ അരി ഡിസംബർ വരെ നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുൻഗണനാ കാർഡുടമകൾക്ക‌് സൗജന്യ അരിയും ധാന്യങ്ങളും ലഭിക്കുന്നുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2yvwL09
via IFTTT
No comments:
Post a Comment