ശബരിമല സ‌്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട‌് ശബരിമലയിലും വിവിധ ജില്ലകളിലും വ്യാപക അക്രമം നടത്തിയവരെ അറസ്റ്റ‌് ചെയ്യുന്നത‌് തുടരുന്നു. മൊത്തം 440 കേസാണ‌് രജിസ്റ്റർ ചെയ‌്തത‌്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകും.
തൃപ്പൂണിത്തുറ
നിലയ‌്ക്കലിൽ പ്രതിഷേധത്തിന‌് നേതൃത്വംകൊടുത്ത തൃപ്പൂണിത്തുറ സ്വദേശികളെ പൊലീസ‌് പിടികൂടി. തൃപ്പൂണിത്തുറ കോട്ടയ‌്ക്കകം ശാന്തികുഞ്ജിൽ അഡ്വ. ഗോവിന്ദ‌് മധുസൂദനൻ, അമ്പിളിനഗർ ജാനകിമന്ദിരത്തിൽ ഹരികുമാർ എന്നിവരെയാണ‌് പ്രത്യേക അന്വേഷണസംഘം വ്യാഴാഴ‌്ച അറസ‌്റ്റ‌്ചെയ‌്തത‌്.
തൃപ്പൂണിത്തുറയിലെ സജീവ ആർഎസ‌്എസ‌്, ബിജെപി പ്രവർത്തകരാണിവർ. ശബരിമലയിൽ സ‌്ത്രീകൾ പ്രവേശിക്കുന്നതിന‌് ഏതാനും ദിവസംമുമ്പ‌് ഇവർ നിലയ‌്ക്കലിൽ തമ്പടിച്ചിരുന്നതായി പൊലീസ‌് പറഞ്ഞു.
16ന‌് ശബരിമലയിലേക്ക‌് പോകാൻ സ‌്ത്രീകളെത്തിയപ്പോൾ നിലയ‌്ക്കലിൽ വാഹനങ്ങൾ തടഞ്ഞ‌് ഇറക്കിവിട്ടു. സ‌്ത്രീകളെ കൈയേറ്റംചെയ്യാനും ശ്രമിച്ചു. 17ന‌് ദർശനത്തിനെത്തിയവരെ നിലയ‌്ക്കലിൽ തടഞ്ഞ അക്രമികളെ തുരുത്താൻ നടപടി ആരംഭിച്ചപ്പോൾ പൊലീസിനെ ആക്രമിക്കാനെത്തിയ സംഘത്തിലും ഗോവിന്ദും ഹരികുമാറുമുണ്ടായിരുന്നുവെന്ന‌് പൊലീസ‌് കണ്ടെത്തി. ഇവരെ പത്തനംതിട്ട പൊലീസിനു കൈമാറിയെന്ന‌് തൃക്കാക്കര എസിപി പി പി ഷംസ‌് പറഞ്ഞു.
കോട്ടയം
കോട്ടയം ജില്ലയിൽ 95 ആർഎസ‌്എസുകാർ അറസ‌്റ്റിൽ. 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ‌്. പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസിലുള്ള പാലാ കടപ്പാട്ടൂർ തച്ചുപുരയിടത്തിൽ രാഹുൽ രാജേന്ദ്രനും പിടിയിലായി. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി.
ആർഎസ്എസ്‐ ബിജെപി പ്രവർത്തകനും യുവമോർച്ച മുത്തോലി മണ്ഡലം പ്രസിഡന്റുമാണ‌് ഇയാൾ. ആളെ തിരിച്ചറിഞ്ഞ പാലാ പൊലീസ‌് തുടർന്ന‌് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ചാറ്റിങ്ങിലൂടെയാണ് കുടുക്കിയത്.
പൊലീസ് വരുന്നതറിഞ്ഞ് വീടിന്റെ സമീപ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ച പ്രതിയെ തെരച്ചിലിൽ പിടികൂടുകയായിരുന്നു. സ്വകാര്യ വിതരണ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവാണിയാൾ. മൂന്നുമാസം മുൻപ് രാത്രി 11 ന് പാലായിലെ ബാർ അടിച്ചുതകർത്ത സംഭവത്തിലും ഉൾപ്പെട്ടിരുന്നു.
ഈ സംഭവത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സതേടിയ ശേഷം സിപിഐ എം പ്രവർത്തകർ ആക്രമിച്ചതായി കള്ളക്കേസ് ചമയ്ക്കാനും ശ്രമിച്ചു. പിന്നീട‌് ഇത‌് തിരിച്ചടിയാകുമെന്ന‌് മനസ്സിലാക്കി കേസ‌് പിൻവലിച്ചു.
പത്തനംതിട്ട
ജില്ലയിൽ 50 കേസുകളാണ‌് എടുത്തതെന്ന‌് പത്തനംതിട്ട പൊലീസ‌് ചീഫ‌് ടി നാരായണൻ പറഞ്ഞു. ഇതുവരെ 152 പേരെ അറസ‌്റ്റ‌്ചെയ‌്തു. 60 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. റാന്നി ഒന്നാംക്ലാസ‌് മജിസ‌്ട്രേറ്റ‌് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌്ചെയ‌്തു. ലുക്കൗട്ട‌് നോട്ടീസിലുള്ള 16 പേരെ കൂടി പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തിട്ടുണ്ട‌്.
കുളനട മാന്തുക ശ്രീശൈലത്തിൽ ശൈലേഷ‌് എസ‌് പിള്ള(28), കൊച്ചി ഇടപ്പള്ളി ലാൽ ബഹദൂർ ശാസ‌്ത്രി റോഡിൽ കെ സി 37/ 1198 ൽ ആനന്ദു വി കുറുപ്പ‌്(31), കുളനട കൈപ്പുഴ നോർത്തിൽ വലിയ വാഴക്കാലായിൽ അശ്വത‌് രാജ‌്(19), കൈപ്പുഴ പനങ്ങാട്ടിൽ ഗുരുനാഥൻമുകുടി അമ്പലത്തിൽ അഭിലാഷ‌് രാജ‌്(36), കോട്ടയം മണിമല പുളിക്കൻപാറ പൊടിപ്പാറയിൽ അച്ചു എന്ന കിരൺ(23), പന്തളം തോന്നല്ലൂർ കൊച്ചുപുരയിൽ വിനോദ‌്(39), ചിറ്റാർ പാമ്പിനി പുതുപ്പറമ്പിൽ വീട്ടിൽ ജയരാജ‌്(33), ചിറ്റാർ പാമ്പിനി മാമൂട്ടിൽ വീട്ടിൽ അഭിലാഷ‌്(34), സീതത്തോട‌് ആങ്ങമൂഴി കൊച്ചാണ്ടി കല്ലുംപുറത്ത‌് വീട്ടിൽ ബാബുരാജ‌്(39), വെച്ചൂച്ചിറ കൊല്ലമുള മണിവിലാസത്തിൽ കണ്ണൻ എന്ന‌് വിളിക്കുന്ന അഭിജിത്ത‌് ചന്ദ്രൻ(23), പന്തളം തോന്നല്ലൂർ മുളമ്പുഴ ചെറുകുളത്തിൽ സോമശേഖരൻ എന്ന സോമൻ(51), സീതത്തോട‌് ആങ്ങമൂഴി ഇടിപ്പുകല്ല‌് ഷീന ഭവനത്തിൽ ബിനീഷ‌്(അപ്പു –21), സീതത്തോട‌് ആങ്ങമൂഴി വാലുപാറ മാടപ്പള്ളിൽ വീട്ടിൽ ഷാജി(45), കോട്ടയം മീനച്ചിൽ കടപ്പാട്ടൂർ തച്ചുപുരയിടത്തിൽ രാഹുൽ, പാലക്കാട‌് ചെർപ്പുളശേരി തൂത തെക്കുംമുറി പുത്തൻവീട്ടിൽ സുരേഷ‌്കുമാർ(സുര –36), പാലക്കാട‌് ചെർപ്പുളശേരി തൂത തെക്കുംമുറി പുത്തൻവീട്ടിൽ വൈശാഖ‌്(24) എന്നിവരാണ‌് അറസ‌്റ്റിലായത‌്.
ആലപ്പുഴ
തെരച്ചിൽ നോട്ടീസിൽ 166–ാം നമ്പർ പ്രതിയായ കരീലക്കുളങ്ങര മലമേൽഭാഗം പുതിയവീട്ടിൽ വിനോദ‌് (42) ആലപ്പുഴയിൽ അറസ‌്റ്റിലായി. നിലയ‌്ക്കലിൽ അക്രമം നടത്തിയതാണ‌് കേസ‌്. ഇയാളെ പത്തനംതിട്ട എസ‌്പിക്ക‌് കൈമാറി. ഹർത്താലിലുൾപ്പെടെ അക്രമം അഴിച്ചുവിട്ട ആർഎസ‌്എസ‌് –ബിജെപി പ്രവർത്തകരെ അറസ‌്റ്റ‌്ചെയ്യുന്നത‌് തുടരുകയാണ‌്. ബുധനാഴ‌്ച മാത്രം 27 പേരെ അറസ‌്റ്റ‌്ചെയ‌്തു. കൂടുതൽ പേരെ കസ‌്റ്റഡിയിലെടുത്തിട്ടുണ്ട‌്.
തെരച്ചിൽ നോട്ടീസിലുൾപ്പെട്ട മാവേലിക്കര ചെട്ടികുളങ്ങര സ്വദേശികളായ രണ്ട് ആർഎസ്എസ് പ്രവർത്തകർക്കായി അന്വേഷണം ഊർജിതമാക്കി. ഇരുവരും ഒളിവിലാണ‌്. 142–ാം നമ്പരിലെ പേള രാജീവ‌് ഭവനത്തിൽ രാധാകൃഷ‌്ണൻ, 184–ാം നമ്പരിലെ ഈരേഴ വടക്ക‌് ഹരിശ്രീഭവനത്തിൽ ഉണ്ണി കൃഷ‌്ണൻ എന്നിവരെയാണ് മാവേലിക്കര പൊലീസ് തെരയുന്നത്.
ചെർപ്പുളശേരി
ലുക്ക്ഔട്ട് നോട്ടീസിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി തൂത തെക്കുംമുറി മാരിയംകളം പുത്തൻവീട്ടിൽ സുരേഷ‌്‌കുമാർ (36), സഹോദരൻ വൈശാഖ് (22) എന്നിവരെയാണ് ബുധനാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഇവരെ പത്തനംതിട്ട പൊലീസിന് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2ShQnwS
via IFTTT
No comments:
Post a Comment