സ്വന്തം ലേഖകൻ
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഇതുവരെ 39,717 കോടി രൂപയുടെ 466 പദ്ധതിക്ക‌് കിഫ‌്ബി അംഗീകാരം നൽകി. വ്യാഴാഴ‌്ച ചേർന്ന കിഫ‌്ബി യോഗം 13886.93 കോടി രൂപയുടെ 79 പദ്ധതിക്കുകൂടി അംഗീകാരം നൽകിയതോടെയാണിത‌്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.
കിഫ‌്ബി എക‌്സിക്യൂട്ടിവ‌് കമ്മിറ്റി അനുമതി നൽകിയ 2518.35 കോടിയുടെ 72 ഉപപദ്ധതി കിഫ‌്ബി ബോർഡിന്റെ അനുമതി ഘട്ടത്തിലാണെന്നും ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. 7735 കോടിയുടെ 215 പദ്ധതി ടെണ്ടർ ചെയ‌്തു. 5106 കോടി രൂപയുടെ 144 പദ്ധതിയുടെ നടത്തിപ്പ‌് ചുമതല കൈമാറി. പൂർത്തിയാക്കിയ പ്രവൃത്തികൾക്ക‌് 848 കോടിരൂപ നൽകി.
കണ്ണൂർ, പാലക്കാട‌് ജില്ലകളിൽ വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിനായി 12,710 കോടിയുടെ പദ്ധതികൾക്കും അനുമതിയായി. കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമായി പത്തു കിലോമീറ്റർ പരിധിയിൽ വിവിധ വ്യവസായ ക്ലസ്റ്ററുകൾക്കുമായി 5300 ഏക്കർ ഭൂമി ഏറ്റെടുക്കും പാലക്കാട്ട‌് 470 ഏക്കർ ഭൂമിയാണ‌് വാങ്ങുക. കിൻഫ്രാ ഉൾപ്പെടെയുള്ള ഏജൻസികൾ വഴി പദ്ധതി നടപ്പാക്കും. ഭൂമി വിൽപ്പന നടത്തി, പലിശ സഹിതം കിഫ‌്ബിക്ക‌് തിരിച്ചു നൽകുക ഏജൻസികളുടെ ചുമതലയായിരിക്കും. ഇത്തരത്തിൽ വരുമാനം ഉറപ്പാക്കുന്ന പദ്ധതികളാണ‌് അംഗീകാരം ലഭിച്ചതിൽ ഏറെയും.
കിഫ‌്ബി പദ്ധതികൾക്ക‌് ധനസമാഹരണത്തിനായി നവംബറിൽതന്നെ മസാല ബോണ്ട‌് ഇറക്കാൻ കിഫ‌്ബി ചീഫ‌് എക‌്സിക്യൂട്ടിവ‌് ഓഫീസറെ ചുമതലപ്പെടുത്തി. ലണ്ടൻ, സിംഗപ്പൂർ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകളിലായിരിക്കും ലിസ്റ്റ‌് ചെയ്യുക. ആദ്യഘട്ടത്തിൽ 5000 കോടിരൂപ മൂല്യമുള്ള ബോണ്ട‌് ഇറക്കും. ഇതിൽ 2647 കോടിരൂപയുടെ അനുമതി നിലവിൽതന്നെ ആർബിഐയിൽനിന്ന‌് ലഭിച്ചു.
ഒമ്പത‌് ശതമാനം പലിശയിൽ അഞ്ചുവർഷ കാലാവധിയിൽ ബോണ്ട‌് ഇറക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. പ്രവാസികളിൽനിന്ന‌് നിക്ഷേപം സ്വീകരിച്ച‌് വർഷം തിരിച്ചു നൽകുന്ന രീതിയിലുള്ള പദ്ധതി നോർക്കയും പ്രവാസി ക്ഷേമനിധി ബോർഡും വഴി നടപ്പാക്കും. ഈ നിക്ഷേപം കിഫ‌്ബി ബോണ്ടുകളാക്കി മാറ്റാനും തീരുമാനമുണ്ട‌്. കിഫ‌്ബി അക്കൗണ്ടിൽ നിലവിൽ 4077 കോടി രൂപയുണ്ട‌്. ബില്ലുകൾ വരുന്ന മുറയ‌്ക്കുതന്നെ തുക നൽകാനാകും. വിവിധ ബാങ്കുകളിൽനിന്ന‌് നിശ്ചിതകാല വായ‌്പകൾ തരപ്പെടുത്തും.
തീരദേശപാത 2022നകം പൂർത്തിയാക്കാനാകുമെന്നാണ‌് പ്രതീക്ഷ. സൈക്കിൾ ട്രാക്ക‌് അടക്കം 14 മീറ്റർ വീതിയുള്ള റോഡാണ‌് ഉറപ്പാക്കുക. മലപ്പുറം ജില്ലയിൽ 16 കിലോമീറ്ററിൽ ഈ വീതി ഉറപ്പായി. 250 കിലോമീറ്ററോളം റോഡിന‌് അനായാസമായി ഭൂമി ഉറപ്പാക്കാനാകും. കിഫ‌്ബി ചീഫ‌് എക‌്സിക്യൂട്ടിവ‌് ഓഫീസർ ഡോ. കെ എം എബ്രഹാമും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2OOvFa7
via IFTTT
No comments:
Post a Comment