കൊടുങ്ങല്ലൂർ
മതിലകം പാലത്തിന് സമീപം വീട‌് കുത്തിത്തുറന്ന‌് 145 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. മംഗലംപിള്ളി അബ്ദുൾ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിന്റെ പിറകുവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. ചുമരലമാരയിൽ സൂക്ഷിച്ചിരുന്ന 65 സ്വർണ നാണയങ്ങൾ, വജ്രമാല, ആഭരണങ്ങൾ, ഒരു ലക്ഷം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. ആൻഡമാനിൽ ബിസിനസ് നടത്തുന്ന അസീസ് 20 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോയപ്പോൾ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. കാറ്റും മഴയും വന്ന് വൈദ്യുതി നിലച്ചതോടെ വീട്ടുകാർ തൊട്ടടുത്ത സഹോദരന്റെ വീട്ടിലേക്ക് പോയി. അസീസ് രാത്രി ഒരു മണിയോടെ തിരിച്ചെത്തിയെങ്കിലും സഹോദരന്റെ വീട്ടിൽ തന്നെ താമസിച്ചു. രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിവിആർ മോഷ്ടാക്കൾ കൊണ്ടുപോയി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പൊലീസ‌് കണ്ടെത്തി.
ഇരിങ്ങാലക്കുട ഡിവൈഎസ‌്പി ഫേമസ് വർഗീസ്, മതിലകം എസ് ഐ കെ പി മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. ഇരിങ്ങാലക്കുടയിൽനിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പൊലീസ‌് നായ മുറിയിൽനിന്ന് മണം പിടിച്ച് തൊട്ടടുത്ത വീടിന്റെ ഗേറ്റിൽ വന്ന് നിന്നു. അവിടെ ബൈക്ക് വന്ന് നിന്നതിന്റെയും മതിൽ ചാടിക്കടന്നതിന്റേയും അടയാളമുണ്ട്. മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന‌് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഫേമസ് വർഗീസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2y6uloD
via IFTTT
No comments:
Post a Comment