കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ തകർത്ത് ഓഹരിവിപണിയിൽ കനത്ത തകർച്ച. മുംബൈ ഓഹരി സൂചിക സെൻ സെക്സ് 505 പോയിന്റും ദേശീയ ഓഹരി സൂചിക നിഫ്റ്റി 137 പോയിന്റും ഇടിഞ്ഞു. നിക്ഷേപകർക്ക് തിങ്കളാഴ‌്ച നഷ്ടപ്പെട്ടത് 1.14 ലക്ഷം കോടി രൂപ. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ ഡോളറുമായുള്ള വിനിമയനിരക്ക് 72.51 ആയി. ഇന്ത്യൻ വിപണിയിൽ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ പ്രതിഫലനമാണ് ഓഹരി കമ്പോളത്തിലെ ഇടിവ്. വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ‌് സാമ്പത്തിക വിദഗ‌്ധർ നൽകുന്ന മുന്നറിയിപ്പ‌്. രൂപയുടെ വൻ തകർച്ചയിൽ നിക്ഷേപകർ പരിഭ്രാന്തിയിലാണ‌്. കുതിച്ചുയരുന്ന ഇന്ധനവിലയും വിപണിയിൽ ആശങ്ക പടർത്തുന്നു. മുംബൈ വിപണിയിൽ 1441 ഓഹരികളുടെ മൂല്യത്തിൽ ഇടിവുണ്ടായി; ഇതിൽ 140 ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് കൈമാറിയത്.
നാലര വർഷത്തിനിടെ ഡോളറുമായുള്ള മൂല്യത്തിലുണ്ടായത് 13.50 രൂപയുടെ വ്യത്യാസം. നരേന്ദ്ര മോഡി അധികാരമേൽക്കുംമുമ്പ് 2014 മെയിൽ ഡോളറിന‌് 59 രൂപയായിരുന്നു. വിദേശസ്ഥാപന നിക്ഷേപകർ ഈവർഷം 6300 കോടി രൂപയുടെ ഓഹരികളും ബോണ്ടുകളും വിറ്റൊഴിഞ്ഞു. രൂപയുടെ മൂല്യം വീണ്ടെടുക്കാനെന്ന പേരിൽ കേന്ദ്രം നടത്തിയ പ്രഖ്യാപനങ്ങളും ഗുണം ചെയ്തില്ല. വിദേശ വായ്പാവ്യവസ്ഥകളിൽ ഇളവ്, അത്യാവശ്യമല്ലാത്ത ഇറക്കുമതിക്ക് നിയന്ത്രണം തുടങ്ങിയ പ്രഖ്യാപനങ്ങൾ നിലവിലെ ആഗോളസാഹചര്യത്തിൽ വിപരീതഫലമുണ്ടാക്കിയെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടി. മൂന്നുവർഷത്തേക്ക് അഞ്ചുകോടി ഡോളർവരെ വായ്പ എടുക്കാനാണ് കമ്പനികളെ അനുവദിച്ചിരുന്നത്.
ഒരു വർഷത്തേക്ക് വേണമെങ്കിലും വായ്പ എടുക്കാൻ അനുമതി നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇതുവഴി 1000 കോടി ഡോളർ സമ്പദ്ഘടനയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, വ്യാപാരയുദ്ധം വഷളായ ആഗോളസാഹചര്യത്തിൽ കമ്പനികൾക്ക് വിദേശഫണ്ട് ലഭിക്കുക ദുഷ്കരമാണ്. ഡോളറുമായി ഇന്ത്യൻരൂപയുടെ മാത്രമല്ല, ഇതര കറൻസികളുടെയും വിനിമയമൂല്യം ഇടിയുന്നുണ്ടെന്ന വാദമാണ് ഇതുവരെ കേന്ദ്രസർക്കാർ ഉയർത്തിയത്. എന്നാൽ, ഏഷ്യയിലെ ഏറ്റവും ദുർബലമായ കറൻസിയായി രൂപ മാറി. ബിജെപിക്ക് അധികാരം കിട്ടിയാൽ ഡോളറിന‌് 40 രൂപയെന്ന നിരക്കിൽ എത്തിക്കുമെന്നാണ് 2014ലെ തെരഞ്ഞെടുപ്പിനുമുമ്പ് നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്.
50‐ാം ദിവസവും ഇന്ധനവില കൂട്ടി
ന്യൂഡൽഹി
തുടര്‍ച്ചയായ അമ്പതാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. ഒരാഴ്ചയ‌്ക്കുള്ളിൽ പെട്രോൾ ലിറ്ററിന‌് 1.33 രൂപയും ഡീസലിന‌് ഒരു രൂപയുമാണ‌് കൂട്ടിയത‌്. മഹാരാഷ്ട്രയിലെ 12 ഇടങ്ങളിൽ പെട്രോള്‍ വില 90 രൂപ കടന്നു. ലിറ്റിറിന‌് 80 രൂപയിലേക്കെത്തുന്നു ഡീസൽവില.
തിങ്കളാഴ്ച ഡൽഹിയിൽ പെട്രോൾവില ലിറ്ററിന‌് 15 പൈസയും ഡീസൽവില ആറ് പൈസയും കൂട്ടി. പെട്രോൾ ലിറ്ററിന‌് 82.06 രൂപയും ഡീസൽ ലിറ്ററിന‌് 73.78 രൂപയുമായി. മുംബൈയിൽ പെട്രോളിന‌് 89.44 ഉം ഡീസലിന‌് 78.33 രൂപയുമായി. തിരുവനന്തപുരത്ത‌് പെട്രോൾ വില 85.51 രൂപയും ഡീസലിന് 79.07 രൂപയുമായും കൊച്ചിയിൽ പെട്രോളിന് 84.08 രൂപയും ഡീസലിന് 77.73 രൂപയുമായും ഉയർന്നു.
from Kerala || Deshabhimani Online News https://ift.tt/2NiJOLZ
via IFTTT
No comments:
Post a Comment