കൊച്ചി > ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സിപിഐ എം നിലപാട് വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സ്ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്ദമാണ് സ്ത്രീകളെ ശബരിമലയില്‍ കയറ്റരുത് എന്ന വാദക്കാര്‍ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം 2016ല്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
'ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്‌മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്‌തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്‌ടിക്കുകയാണ് ആവശ്യം. സ്വന്തം ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍തന്നെ വിലയിരുത്തി മലകയറട്ടെ''ലേഖനത്തില്‍ പറഞ്ഞു.
ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായ വ്യത്യാസമെന്യേ സാമൂഹ്യപ്രശ്‌നങ്ങളിലും നിയമപരിഷ്‌കാര വിഷയങ്ങളിലും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ സമീപനംതന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും പാര്‍ടി പിന്തുടരുന്നത്
ക്രിസ്‌ത്യന്‍-മുസ്‌ളിം സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയും ലേഖനത്തിലുണ്ട്:
'സ്ത്രീപ്രവേശനത്തിന് സിപിഐ എം അനുകൂലമാണ്. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരസ്യമായി വ്യക്തമാക്കിയപ്പോള്‍ ചില കോണുകളില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നു. ക്രിസ്ത്യന്‍മുസ്‌ളിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. അവരുടെ സന്ദേഹം നീക്കാനായി സിപിഐ എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്.
കേരളത്തിലെ ക്രിസ്‌ത്യന്‍ സ്‌ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭയ്ക്കകത്തും പുറത്തും സിപിഐ എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരുംചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ എം എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പമുതല്‍ വികാരിവരെയുള്ള പൌരോഹിത്യശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്‌നമാണെന്ന് ഇഎംഎസ് ഉറക്കെ പറഞ്ഞു.
സ്‌ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്‌ദമാണിത്
അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ളിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ളിംസ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ളിംപ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ളിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ളിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പം നിന്നു.''ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
from Kerala || Deshabhimani Online News https://ift.tt/2OXfbIu
via IFTTT
No comments:
Post a Comment