പ്രളയത്തിനുശേഷം വേമ്പനാട്ടുകായൽ കുപ്പത്തൊട്ടിയായി. പ്ലാസ‌്റ്റിക‌് മാലിന്യങ്ങൾ കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടി. ഉപരിതലത്തിൽ പ്ലാസ‌്റ്റിക‌് കുപ്പികളുടെ കൂമ്പാരമാണ‌്. നദികളും തോടുകളും വന്നുചേരുന്ന ഭാഗങ്ങളിലെല്ലാം വൻതോതിൽ മാലിന്യം വന്നടിഞ്ഞു. മഴ ശക്തമായപ്പോൾ കായലിലും നീരൊഴുക്ക‌് തീവ്രമായിരുന്നു. ഒഴുക്കിൽ മാലിന്യങ്ങൾ പടരാനും ഇടയാക്കി.
വലിയതോതിൽ ചെളി അടിഞ്ഞുകൂടി അടിത്തട്ട‌് മലിനമായത‌് മത്സ്യസമ്പത്തിനും കക്ക ഉൽപ്പാദനത്തെയും ബാധിക്കുമെന്നും വിദഗ‌്ധാഭിപ്രായമുണ്ട‌്. കായലിന്റെ സ്വഭാവിക ആവാസവ്യവസ്ഥയ‌്ക്ക‌് പ്രളയം വലിയ പോറൽ ഏൽപ്പിച്ചതായാണ‌് വിലയിരുത്തൽ. കുട്ടനാട‌് ശുചീകരണംപോലെ കായലിന്റെ അടിത്തട്ടിലെയടക്കം മാലിന്യം നീക്കംചെയ്യുന്ന ശുദ്ധീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചാൽ മാത്രമേ പ്രശ‌്നം പരിഹരിക്കാനാവൂ.
കോളിഫോം ഒഴുകുന്നു
പ്രളയസമയത്ത‌് ആഗസ‌്ത‌് ആറിനും ഏഴിനും അന്തർദേശീയ കായൽ കൃഷി ഗവേഷണ‐പരിശീലന കേന്ദ്രം നടത്തിയ പരിശോധനയിൽ 100 മില്ലിലിറ്റർ കായൽജലത്തിൽ 11,000ൽപ്പരം കോളിഫോം ബാക്ടീരിയകളുണ്ടെന്ന‌് കണ്ടെത്തി.
പുന്നമട, പള്ളാത്തുരുത്തി, കഞ്ഞിപ്പാടം തുടങ്ങിയ 20 സ്ഥലങ്ങളിലായിരുന്നു പരിശോധന. ഈ ദിവസങ്ങൾക്കുശേഷമാണ‌് പ്രളയം വൻതോതിൽ ബാധിച്ചത‌്. ഇപ്പോൾ പരിശോധന നടത്തിയാൽ ഒരുലക്ഷംവരെ കോളിഫോം ബാക്ടീരിയകൾ കണ്ടേക്കാമെന്ന‌് ഡയറക്ടർ ഡോ. കെ ജി പത്മകുമാർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ വീടുകളിലെ സെപ‌്റ്റിക‌് ടാങ്കുകളെല്ലാം പൊട്ടുകയോ മലിനജലം പുറത്തേക്കൊഴുകുകയോ ചെയ‌്തു.
നദികളിലൂടെയും തോടുകളിലൂടെയും ഈ മാലിന്യവും കായലിലാണ‌് എത്തിയത‌്. ശബരിമല സീസൺ കഴിയുമ്പോൾ പമ്പാനദിയിലും സമാന്തരമായി കായലിലും കോളിഫോം ബാക്ടീരിയയുടെ അളവ‌് ക്രമാതീതമാകാറുണ്ട‌്.
മീനില്ലാകാലം വരുമോ?
കായൽ മത്സ്യങ്ങൾക്ക‌് ഭീഷണിയായി ചില വളർത്തുമത്സ്യങ്ങൾ ഇപ്പോൾ പെരുകിയിട്ടുണ്ട‌്. നട്ടർ, മലേഷ്യൻ വാള തുടങ്ങിയ മത്സ്യങ്ങളാണിത‌്. മത്സ്യകുഞ്ഞുങ്ങളെ തിന്നുന്നതാണ‌് നട്ടർ മത്സ്യം. മറ്റൊന്ന‌് സൂക്ഷ‌്മസസ്യങ്ങൾ പെരുകുന്നത‌് മൂലം പ്രാണവായു കുറയാനിടയാക്കുന്നതും മത്സ്യങ്ങളെ ബാധിക്കും. 1992ൽ കായലിലെ മത്സ്യങ്ങൾക്ക‌് രോഗം ബാധിച്ചിരുന്നു. അന്ന‌് പ്രളയത്തിനുശേഷമായിരുന്നു ഈ പ്രതിഭാസം. കായൽ ജലത്തിന‌് പച്ചപ്പ‌് വർധിച്ചതും കുറുകുന്നതുമായ അവസ്ഥ ഇപ്പോഴുണ്ട‌്. വെള്ളത്തിന്റെ ഈ മാറ്റം മത്സ്യഗവേഷകർ സസൂക്ഷ‌്മം നിരീക്ഷിക്കുന്നുണ്ട‌്. കായലിലെ ജലനിരപ്പും അസാധാരണമായി താഴുന്നുണ്ട‌്. ഏതാനും ദിവസത്തിനിടെ ഒരുമീറ്ററോളം വെള്ളം താഴ‌്ന്നു.
from Kerala || Deshabhimani Online News https://ift.tt/2M6acTC
via IFTTT
No comments:
Post a Comment