തിരുവനന്തപുരം > വാഹനാപകടത്തിൽ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അപകടനില തരണംചെയ‌്തശേഷംമാത്രമേ തുടർശസ‌്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും. വെന്റിലേറ്ററിലാണ‌് ബാലഭാസ‌്കർ. തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട‌്. കഴിഞ്ഞ ദിവസം കഴുത്തിലെ ശസ‌്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അബോധാവസ്ഥയിലാണ‌് ബാലഭാസ‌്കർ. കാലുകൾക്കും ശസ‌്ത്രക്രിയ ആവശ്യമുണ്ട‌്. തലച്ചോറിലെ ക്ഷതം മരുന്നുകളിലൂടെ പരിഹരിക്കാനാകുമെന്ന ശുഭാപ‌്തിവിശ്വാസത്തിലാണ‌് മെഡിക്കൽ സംഘം.
വെന്റിലേറ്ററിൽ തുടരുന്ന ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥ തരണംചെയ‌്തു. ഇവർക്ക‌് ഇടയ‌്ക്കിടെ ബോധം തെളിയുന്നുണ്ട‌്. എന്നാൽ, സ്ഥിരമായി ബോധം നിൽക്കുന്നില്ല. ലക്ഷ‌്മിയെയും അടിയന്തര ശസ‌്ത്രക്രിയക്ക‌് വിധേയയാക്കിയിരുന്നു. ഇവരുടെ തലച്ചോറിന‌് ചതവും ശരീരത്തിലെ വിവിധ എല്ലുകൾക്ക‌് പൊട്ടലുമുണ്ട‌്. ഇടയ‌്ക്ക‌് ആന്തരിക രക്തസ്രാവമുണ്ടായെങ്കിലും പിന്നീട‌് നിയന്ത്രണവിധേയമായി. ഡ്രൈവർ അർജുനന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട‌്. അർജുനൻ ഐസിയുവിലാണ‌്. ഇയാളുടെ കാലുകളുടെ എല്ലുകൾക്ക‌് ഗുരുതരമായ പൊട്ടലുണ്ട‌്. അനന്തപുരി ആശുപത്രിയിലാണ‌് മൂവരും.
ബാലഭാസ‌്കറിന്റെയും ലക്ഷ‌്മിയുടെയും ഏക മകൾ തേജസ്വിനിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം എംബാംചെയ‌്ത‌് അനന്തപുരിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ‌്. ബാലഭാസ‌്കറിനെയും ഭാര്യയെയും കുട്ടിയെ കാണിച്ചശേഷം സംസ‌്കാരം നടത്താമെന്നാണ‌് ബന്ധുക്കളുടെ നിലവിലെ തീരുമാനം.
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ‌് ക്യാമ്പിനും താമരക്കുളത്തിനും ഇടയിൽ ചൊവ്വാഴ‌്ച പുലർച്ചെ 4.30നായിരുന്നു നാടിനെ നടുക്കിയ അപകടം. ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തേജസ്വിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം കഴിഞ്ഞ‌് 16 വർഷത്തിനുശേഷം ബാലഭാസ‌്കറിനും ലക്ഷ‌്മിക്കും ജനിച്ച കുഞ്ഞാണ‌് തേജസ്വിനി.
from Kerala || Deshabhimani Online News https://ift.tt/2OefIbY
via IFTTT
No comments:
Post a Comment