കൊച്ചി
ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സത്യഗ്രഹസമരത്തിന് ഐക്യദാർഢ്യവുമായി പ്രമുഖരും. റിട്ട. ജഡ‌്ജി ജസ്റ്റിസ് ബി കെമാൽപാഷ, ഫാ. പോൾ തേലക്കാട്ട് തുടങ്ങിയവർ ഞായറാഴ‌്ച ഹൈക്കോടതി ജങ‌്ഷനിലെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ക്രൈസ്തവ സംഘടനകളും സന്യാസസമൂഹവും മറ്റ് സാമൂഹ്യ ‐ സാംസ്ക്കാരിക പ്രവർത്തകരുമെല്ലാം ഇവർക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി.
ബിഷപ‌് പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിപ്പെട്ട് 75 ദിവസമായിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കിയാണ് കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്. ഭാരത കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു കന്യാസ‌്ത്രീകളുടെ പ്രത്യക്ഷസമരം. പീഡനത്തിനിരയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മിഷണറീസ് ഒാഫ് ജീസസ് കോൺവെന്റിലെ അഞ്ചു കന്യാസ്ത്രീകളാണ് സമരത്തിനിറങ്ങിയത്.
ഇവർക്കൊപ്പം പരാതിക്കാരിയുടെ ബന്ധുക്കളും ജോയിന്റ് ക്രിസ്ത്യൻ കൗൺസിലുമുണ്ടായി. കന്യാസ്ത്രീകളായ അനുപമ, ആൽഫി, ജോസഫൈൻ, ആൻസിറ്റ എന്നിവരാണ് ഞായറാഴ്ച സമരത്തിലുണ്ടായിരുന്നത‌്.
നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. തിങ്കളാഴ്ച ഹർത്താലായതിനാൽ സമരപ്പന്തലിലേക്ക് വരില്ല. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട‌്. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎയ്ക്കെതിരേയും പരാതി നൽകുമെന്ന് അവർ പറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പി സി ജോർജിന്റെ കോലം കത്തിച്ചു.
കപ്പൂച്ചിൻ സഭാംഗങ്ങളായ ഫാ. ജിജോ കുര്യൻ, ഫാ. ജോൺ ചൊള്ളാനി, ഫാ. ഷാജി കരിമ്പ്ലാനിൽ, എറണാകുളം അങ്കമാലി അതിരൂപത അംഗമായ ഫാ. ജോയ്സ് കൈതക്കോട്ടിൽ, ഫാ. ബെന്നി മാരാപ്പറമ്പിൽ, മിഷണറി സിസ്റ്റർമാർ തുടങ്ങിയവരും ഞായറാഴ്ചത്തെ സമരത്തിൽ പങ്കെടുത്തു.
‘അനിയത്തി സഹിക്കുന്നത് നീതിക്കുവേണ്ടി’
കൊച്ചി
തന്റെ അനിയത്തി നീതിക്കുവേണ്ടിയാണ് സഹിക്കുന്നതെന്നും അവൾക്കൊപ്പം കുടുംബാംഗങ്ങൾ കൂടെയുണ്ടാകുമെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി ഡാർലി സാബു. അമ്മ മരിച്ചശേഷം അനിയത്തിമാരെ അമ്മയുടെ സ്ഥാനത്ത് നിന്നാണ് വളർത്തിയത്. ഞങ്ങൾ അഞ്ചുപേരിൽ രണ്ടുപേർ കന്യാസ്ത്രീകളാണ്. അവരുടെ മുഖം കണ്ട് മഠത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചോദിക്കാറുണ്ടെങ്കിലും ഇന്നുവരെയും ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങൾക്കെതിരെ പി സി ജോർജ്ജ് എംഎൽഎ നടത്തിയ പ്രതികരണം വേദനാജനകമാണ‌്. സഹോദരിയുടെ നീതിക്കുവേണ്ടി പൊരുതുക തന്നെ ചെയ്യും. കേസിൽനിന്ന് പിന്മാറില്ലെന്നും എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കുമെന്നും ഡാർലി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2MfL7Wo
via IFTTT
No comments:
Post a Comment