കൊച്ചി > എറണാകുളം കെഎസ്ആർടിസ് ബസ് സ്റ്റാൻഡിന്റെ പേര്ദോഷം മാറ്റി പുതിയ ബസ് ടെർമിനൽ ഒരുങ്ങുന്നു. ടെർമിനലിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചാൽ റെയിൽവേ, മെട്രോ റെയിൽവേ, ബസ് ടെർമിനൽ എന്നിവ സംയോജിപ്പിച്ചുള്ള സംസ്ഥാനത്തെ ആദ്യ മൾട്ടി മോഡൽ മൊബിലിറ്റി ഹബ് യാഥാർഥ്യമാകും. ഇതോടെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് നഗരത്തിലെ പൊതുഗതാഗത വികസന മുന്നേറ്റത്തിൽ മറ്റൊരു നാഴികക്കല്ലാകും.
ഇൻകെൽ തയ്യാറാക്കിയ പുതിയ ബസ് ടെർമിനലിന്റെ രൂപരേഖ കെഎസ്ആർടിസി സിഎംഡിക്ക് കൈമാറിയിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കും. നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധം തെക്ക് വശത്തെ ഗ്യാരേജിരിക്കുന്ന മൂന്ന് ഏക്കർ സ്ഥലത്താണ് പുതിയ ടെർമിനൽ നിർമിക്കാനുദ്ദേശിക്കുന്നത്. ഇവിടെയുള്ള കെട്ടിടം പൈലിങ് ഉൾപ്പെടെ പൂർണമായും പൊളിച്ചുമാറ്റും. ഈ കെട്ടിടം അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ടെർമിനൽ പൂർത്തിയായാൽ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിലേക്ക് 220 മീറ്റർ ദൂരമേയുള്ളു. ഇവിടേക്ക് നടപ്പാതയും നിർമിക്കും. ബസുകൾക്ക് ടെർമിനലിൽനിന്നു പുറത്തേക്ക് പോകുന്നതിന് വിവേകാനന്ദ റോഡ് വീതി 12 മീറ്റർ ആക്കേണ്ടിവരും. ഇതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് മീറ്ററാണ് ഈ റോഡിന്റെ വീതി. റോഡിലെ യൂ ടേൺ ഒഴിവാക്കുന്നതിനും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ടെർമിനലിന്റെ സമീപത്തെ ജിസിഡിഎയുടെ റോഡും വീതി കൂട്ടും.
വെള്ളക്കെട്ടില്ലാതെ യാത്ര സുഗമമാക്കും വിധമായിരിക്കും ടെർമിനലിന്റെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുക. ചെറുമഴയത്ത്പോലും വെള്ളം കയറുന്ന നിലവിലെ ബസ് സ്റ്റാൻഡിൽനിന്നു ഏറെ വ്യത്യസ്ത രീതിയിലാണ് കെട്ടിടം നിർമിക്കുക. ബസിറങ്ങുന്ന യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലേക്കും മെട്രോ സ്റ്റേഷനിലേക്കും നടന്നുപോകാം. മെട്രോ സ്റ്റേഷനിലേക്ക് 670 മീറ്റർ മാത്രമെയുള്ളു. പുതിയ ടെർമിനലിലെ താഴെഭാഗം ബസ് പാർക്കിങ് ബേയാണ്. ഇവിടെ ഇൻഫർമേഷൻ കൗണ്ടർ, സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ മറ്റ് ഓഫീസുകൾ, ടോയ്ലറ്റ്, എടിഎം, ഫുഡ്കോർട് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മുകൾ നില വാണിജ്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാരേജും നവീകരിക്കും.
നിലവിലെ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയും ബസുകളുടെ നീക്കവും പഠിച്ച ശേഷമാണ് ഇൻകെൽ പ്രാഥമിക രൂപരേഖയുണ്ടാക്കിയത്. ചിറ്റൂർ റോഡ് വഴിയുള്ള ബസ് ഗതാഗതം സുഗമാക്കാനും പുതിയ ടെർമിനൽ ലക്ഷ്യമിടുന്നു. മെട്രോ റെയിൽവേ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ ടെർമിനലുമായി ബന്ധിപ്പിച്ചുള്ള യാത്ര സജ്ജീകരിക്കും. കൂടാതെ ഓട്ടോറിക്ഷ, ബൈക്ക്, റെന്റ് എ കാറുകൾ എന്നിവയുമായും ബന്ധിപ്പിക്കുമെന്ന് ഇൻകെൽ വ്യക്തമാക്കി. ടെർമിനലിന്റെ മൂന്ന് വിധത്തിലുള്ള പ്രാഥമിക രൂപരേഖയാണ് ഇപ്പോഴത്തേതെന്നും അത് അംഗീകരിച്ച ശേഷമെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയുള്ളുവെന്നും ഇൻകെൽ വ്യക്തമാക്കി. പദ്ധതിയുടെ നിർമാണച്ചെലവും അപ്പോഴാണ് നിശ്ചയിക്കുക. രൂപരേഖ ജനപ്രതിനിധികൾക്കും ഗതാഗത രംഗത്തെ വിദഗ്ധർക്കും കൈമാറിയിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2xn8A2C
via IFTTT
No comments:
Post a Comment