മട്ടന്നൂർ
കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കലിന്റെ ഭാഗമായി രണ്ടാം ദിവസവും യാത്രാ വിമാനമിറങ്ങി.
70 സീറ്റുകളുള്ള ഇൻഡിഗോ വിമാനമാണ് വെള്ളിയാഴ്ച പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തിയത്.
പകൽ 2. 20ഓടെ മൂർഖൻപറമ്പിലെ വിമാനത്താവള റൺവേക്ക് മുകളിലെത്തിയ ഇൻഡിഗോ എടിആർ 72 വിമാനം ഒരു മണിക്കൂറിലേറെ ചുറ്റിപ്പറന്ന് പരിശോധന നടത്തിയശേഷം 3.40ന് റൺവേയിലിറക്കി. തുടർന്ന് ഏപ്രണിൽ എത്തിച്ച വിമാനം 3.55ന് പരിശോധനകൾ പൂർത്തിയാക്കി കൊച്ചിയിലേക്ക് തിരിച്ചുപറന്നു. വ്യാഴാഴ്ച എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബോയിങ് 737 വിമാനവും പരീക്ഷണപ്പറക്കലിനെത്തിയിരുന്നു.വിമാനത്താവളത്തിലെ ഡിവിഒആർ സംവിധാനമുപയോഗിച്ചാണ് ലാൻഡിങ് നടത്തിയത്. ഇതിന് മുമ്പായി ഏഴ്, 25 റൺവേകളിൽ ആറു തവണ ലാൻഡിങ് നടത്തി. താഴ്‌ന്ന് പറന്നുള്ള ടച്ച് ആൻഡ് ഗോ മുതലായ പരിശോധനകളും നടത്തി. ഏപ്രണിലെത്തിയ വിമാനത്തിന് അഗ്നിരക്ഷാ വിഭാഗം വാട്ടർസല്യൂട്ട് നൽകി.
കമാൻഡർ ക്യാപ്റ്റൻ സതീഷ് വീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനം പറത്തിയത്. വിമാനത്തിൽനിന്ന‌് പുറത്തിറങ്ങിയ പൈലറ്റുമാർ കിയാൽ എംഡി വി തുളസീദാസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയശേഷം പത്തു മിനുട്ടിനകം മടങ്ങുകയായിരുന്നു.
പരിശോധനയും ലാൻഡിങ്ങും സുഗമവും സുരക്ഷിതവുമായിരുന്നുവെന്ന് പൈലറ്റുമാർ അറിയിച്ചതായി കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ഇവർ പങ്കുവച്ചത്. ഐഎൽഎസ് സംവിധാനത്തിന്റെ പരിശോധനയ്ക്കായി ആവശ്യമെങ്കിൽ വീണ്ടും വിമാനമിറങ്ങും. വിമാനത്താവളത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് ലൈസൻസ് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും തുളസീദാസ് വ്യക്തമാക്കി.
കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ പി ജോസ്, ചീഫ് പ്രോജക്ട് എൻജിനിയർ ഇൻ ചാർജ് കെ എസ് ഷിബുകുമാർ എന്നിവർ ചേർന്നാണ് പൈലറ്റുമാരെ സ്വീകരിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2I3UN5T
via IFTTT
No comments:
Post a Comment