കണ്ണൂർ >കഴിഞ്ഞവർഷം ആഗസ്ത് 15നാണ‌് കഥാകൃത്തും അധ്യാപകനുമായ കെ വി സുധാകരൻ ജീവിതത്തിൽനിന്ന് എന്നന്നേക്കുമായി മറഞ്ഞത‌്. എന്നിട്ടും ഭാര്യയുടെ നിശ്ചയദാർഢ്യത്തിൽ ആ ദമ്പതികൾക്ക‌് വിരിഞ്ഞത് രണ്ടുകൺമണികൾ. ഐവിഎഫ് വന്ധ്യതാചികിത്സയിലൂടെ സുധാകരന്റെ ഭാര്യ ഷിൽന 13 മാസത്തിന‌് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുപെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കളിചിരികളടർന്നുപോയ സുധാകരന്റെയും ഷിൽനയുടെയും വീട്ടിൽ ഇനി നിറകൺചിരിയുടെ നാളുകൾ. ബന്ധുക്കളും സുഹൃത്തുക്കളും അവിശ്വസനീയമായ ആ സദ്വാർത്ത കേൾക്കുമ്പോൾ, മരിച്ചയാളുടെ ബീജത്തിലൂടെ പുതിയതലമുറ കൺതുറന്നത് കേരളത്തിലെ വൈദ്യശാസ്ത്രത്തിനും നേട്ടമായി.
നവജാതശിശുക്കൾക്കുള്ള ഐസിയുവിലാണ് കുട്ടികൾ. അമ്മയും സുഖമായിരിക്കുന്നു. തലശേരി ഗവ. ബ്രണ്ണൻ കോളേജ് അധ്യാപകനായ സുധാകരൻ ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരിൽ പോയപ്പോഴാണ് ടിപ്പർ ലോറിയിടിച്ച‌് മരിച്ചത‌്. കണ്ണീർമായാത്ത മുഖത്തോടെ ഷിൽന അച്ഛൻ പി വി പവിത്രനോട് പറഞ്ഞത് മക്കൾക്കായുള്ള ചികിത്സ തുടരണമെന്നാണ്. ഇരുകുടുംബങ്ങളും തീരുമാനത്തിന് പച്ചക്കൊടി കാട്ടി. കോഴിക്കോട് എആർഎംസിയിൽ അഞ്ചുവർഷമായി സുധാകരനും ഭാര്യയും വന്ധ്യതാ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി സുധാകരന്റെ ബീജം ശേഖരിച്ചിരുന്നു.
ഷിൽനയുടെ നിശ്ചയദാർഢ്യം തിരിച്ചറിഞ്ഞ ഡോ. കുഞ്ഞിമൊയ്തീനും ഡോ. ശ്രീജയും ശ്രദ്ധാപൂർവമായ ചികിത്സ ആരംഭിച്ചു. 35 ശതമാനം മാത്രമായിരുന്നു വിജയസാധ്യത. ജനുവരിയിലാണ് ആദ്യഘട്ടം ആരംഭിച്ചത്. സ്കാനിങ്ങിൽ രണ്ടുമക്കളുണ്ടെന്ന് തിരിച്ചറിഞ്ഞു. എആർഎംസിയുടെ കണ്ണൂർ ഫോർട്ട്റോഡിലെ ശാഖയിൽ ഡോ. ഷൈജോസിന്റെ മേൽനോട്ടത്തിലായിരുന്നു തുടർചികിത്സ. പരിമിതമായ സാഹചര്യങ്ങളോട് പൊരുതി ഉന്നതബിരുദവും സമ്മാനങ്ങളും നേടിയ സുധാകരന്റെ സർട്ടിഫിക്കറ്റുകളും ട്രോഫികളും നിധിപോലെ സൂക്ഷിക്കുകയാണ് കണ്ണൂർ ഫെഡറൽ ബാങ്കിൽ വായ്പാസെക്ഷനിൽ മാനേജരായ ഷിൽന.
സെപ്തംബറിൽ ചികിത്സ ആരംഭിക്കാനിരിക്കെയാണ് സുധാകരന്റെ അപ്രതീക്ഷിത വിയോഗം. തിമിരി തലവിലെ പിലാക്കൽ കുഞ്ഞിരാമന്റെയും കാനാവീട്ടിൽ ഓമനയുടെയും ഏകമകനായ സുധാകരൻ കോളേജ് അധ്യാപകനാകുന്നതിനു മുമ്പ് പത്രപ്രവർത്തകനായിരുന്നു. മക്കളുടെ പിറവിക്കൊപ്പം സുധാകരന്റെ സ്വപ്നമായിരുന്ന കഥാസമാഹാരവും അടുത്തുതന്നെ പുറത്തിറങ്ങും.
from Kerala || Deshabhimani Online News https://ift.tt/2MtnhXj
via IFTTT
No comments:
Post a Comment