കൊച്ചി
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാനെത്തിയ ഒഡീഷയിൽ നിന്നുള്ള നൈപുണ്യ കർമ സേനാംഗങ്ങളെ വ്യാവസായിക പരിശീലനവകുപ്പ‌് ആദരിച്ചു. പൂവത്തുശേരി വൈഎംസിഎയിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംഘത്തിന്റെ പ്രവർത്തനം കേരളം ഒരിക്കലും മറക്കില്ലെന്ന‌് അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് സേനയുടെ സേവനംപകർന്ന ആശ്വാസം വാക്കുകളിൽ ഒതുക്കാനാകില്ല. ഒഡീഷയിൽ നിന്നെത്തിയ ഐടിഐ ട്രെയിനികളും അധ്യാപകരും രാജ്യത്തിന് മാതൃകയാണ‌്. കളമശേരി കേന്ദ്രീകരിച്ച് കർമസേന കാഴ്ചവച്ച സേവനം കേരളം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ഐടിഐ വിദ്യാർഥികളും അധ്യാപകരുമടങ്ങിയ 25 അംഗ സംഘമാണ‌് പ്രളയത്തിൽ മുങ്ങിയ വീടും നശിച്ച ഉപകരണങ്ങളും നന്നാക്കാനെത്തിയത‌്. വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള നൈപുണ്യ കർമ സേനയും ചേർന്ന‌് ഇതുവരെ 1041 വീടുകളിലാണ‌് സൗജന്യമായി അറ്റകുറ്റപണി നടത്തിയത‌്. ‘‘നാട്ടിലെ വെള്ളപൊക്കവും കെടുതിയും ഞങ്ങൾക്ക‌് പരിചയമാണ‌്. എന്നാൽ കേരളത്തെ പ്രളയജലം കവർന്നെന്ന‌് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. വീടുകളും ഉപകരണങ്ങളും തകർന്ന കേരളത്തിലെ സഹോദരങ്ങൾക്ക‌് കൈത്താങ്ങാകാൻ പുറപ്പെട്ടു’’ ‐ സംഘത്തിന്റെ ചുമതലക്കാരനും ട്രെയിനിങ‌് ഒാഫീസറുമായ പ്രദീപ‌് കുമാർ സാഹുപറഞ്ഞു. ഇലക‌്ട്രിക്കൽ, പ്ലംബിങ്, കാർപ്പന്റർ അറ്റകുറ്റപ്പണികൾക്കായി സഹായം അഭ്യർഥിച്ച‌് വ്യവസായ പരിശീലന വകുപ്പ‌് മറ്റ‌് സംസ്ഥാനങ്ങളിലേക്ക‌് കത്തയച്ചിരുന്നു. ഇതിന‌് മുന്നേതന്നെ കേരളത്തെ സഹായിക്കാൻ സന്നദ്ധമാണെന്ന‌് ഒഡീഷയിലെ ഒമ്പത‌് സർക്കാർ ഐടിഐയിൽ നിന്നുള്ളവർ അറിയിച്ചിരുന്നു. ആഗസ‌്ത‌് 31ന‌് സ‌്കിൽഡ‌് ഇൻ ഒഡീഷ എന്ന പേരിലുള്ള സംഘം നൈപുണ്യകർമസേനയുടെ ഭാഗമായി. ഒമ്പതുവരെ വിവിധ പഞ്ചായത്തുകളിലെ വീടുകളിലെത്തി ഉപകരണങ്ങളും വീടുകളും സംഘം നന്നാക്കും. സംഘത്തിലെ പത്തുപേർ അധ്യാപകരും 15 പേർ ഇലക‌്ട്രിക്കൽ, പ്ലംബിങ്, കാർപ്പന്റർ കോഴ‌്സുകൾ കഴിഞ്ഞ‌് വിവിധ കമ്പനികളിൽ അപ്രന്റിഷിപിന‌് ചേർന്നവരുമാണ‌്.
from Kerala || Deshabhimani Online News https://ift.tt/2NoreBi
via IFTTT
No comments:
Post a Comment