പ്രളയത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടം സംബന്ധിച്ച‌് ഒരാഴ്ചയ്ക്കകം റിപ്പോർട്ട‌് തയ്യാറാക്കി കേന്ദ്രത്തിന‌് സമർപ്പിക്കുമെന്ന‌് ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ തലവനും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറിയുമായ ബി ആർ ശർമ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദുരിതം ബാധിച്ച 12 ജില്ലയിലെ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സംഘം.
പ്രളയത്തിൽപ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സർക്കാർ നടത്തിയ ദ്രുതഗതിയിലുള്ളതും കുറ്റമറ്റതുമായ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നുവെന്ന് ബി ആർ ശർമ പറഞ്ഞു. പ്രളയശേഷം വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും സർക്കാർ മാതൃകാപരമായ നടപടി സ്വീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ചും രക്ഷാപ്രവർത്തനം സംബന്ധിച്ചും ജനങ്ങളിൽനിന്ന‌് ഒരു പരാതിയും ലഭിച്ചില്ലെന്നത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതി വിലയിരുത്താൻ നാലു ടീമുകളായാണ് വിവിധ ജില്ലകൾ സന്ദർശിച്ചത്. സ്ഥലങ്ങൾ നേരിൽക്കണ്ടും ജനങ്ങളിൽനിന്ന‌് നേരിട്ടു വിവരങ്ങൾ ശേഖരിച്ചുമാണ് പ്രളയത്തിന്റെ രൂക്ഷത വിലയിരുത്തിയത്. സംസ്ഥാനത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകുന്നവിധത്തിലുള്ള റിപ്പോർട്ട് ഏഴുദിവസത്തിനകം കേന്ദ്രസർക്കാരിന‌് സമർപ്പിക്കും. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, മാത്യു ടി തോമസ്, വി എസ് സുനിൽകുമാർ, ചീഫ‌് സെക്രട്ടറി ടോം ജോസ‌്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, മറ്റു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
from Kerala || Deshabhimani Online News https://ift.tt/2xB8up2
via IFTTT
No comments:
Post a Comment