കൊച്ചി > കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ ഫ്രാങ്കോ മുളയ്‌ക്കൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് അറസ്‌റ്റ്
മൂന്നുദിവസത്തെ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. എന്നാൽ, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദർശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയിൽ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവർ ലൊക്കേഷൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചു.
പല ചോദ്യങ്ങൾക്കും മുമ്പിൽ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ‌് അന്വേഷണസംഘത്തിന‌് കൈമാറി. ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ‌്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.ആദ്യദിവസത്തെ ചോദ്യങ്ങളും മറുപടിയും റേഞ്ച് ഐജി വിജയ് സാഖറേ, കോട്ടയം എസ‌്‌പി ഹരിശങ്കർ, വൈക്കം ഡിവൈഎസ‌്‌പി സുഭാഷ് എന്നിവർ യോഗം ചേർന്ന് വിശകലനം ചെയ‌്തിരുന്നു.
കേസിന്റെ നാള്‍വഴികള്‍
ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴി തൃപ്തികരല്ലെന്നാണ് പൊലീസ് വിലയിരുത്തിയിരുന്നത് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ബിഷപ്പിന് നല്‍കാനായില്ല.കോട്ടയം എസ്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞ് നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നാംഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത്. നാലു ക്യാമറകളിലൂടെ ഇത് പകര്‍ത്തുകയും ചെയ്തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരുന്നു.
ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തെന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫിന് കുറവിലങ്ങാട് മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനി മഠത്തിലെ കന്യാസ്ത്രീ ജൂണ്‍ 27ന് പരാതി നല്‍കിയതോടെയാണ് കേസിന് തുടക്കം. 2014 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്നുതന്നെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിനു നാലു ദിവസം മുന്‍പ് വധശ്രമം ആരോപിച്ച് കന്യാസ്ത്രീയുടെ സഹോദരനെതിരെ ബിഷപ്പും പരാതി നല്‍കിയിരുന്നു.ഇതിലും കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് കന്യാസ്ത്രീക്കെന്നായിരുന്നു ബിഷപ്പിന്റെ വാദം. ജൂണ്‍ 29ന് അന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് കൈമാറി. തുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പീഡനം നടന്ന 20ാം നമ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധനയും നടത്തി. ജൂണ്‍ 30ന് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചു.
ജൂലൈ അഞ്ചിന് ചങ്ങനാശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്‍പില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന് ഇവിടെയും കന്യാസ്ത്രീ ആവര്‍ത്തിച്ചു.രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതിന് അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ജൂലൈ 10 ന് ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും എടുത്തു. രണ്ടു ദിവസത്തിനു ശേഷം മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലെ മഠത്തില്‍ കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. 14 ന് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴിയെടുത്തു. ജലന്ധര്‍ രൂപതയിലുണ്ടായിരുന്ന പിന്നീട് സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികളും അന്നുതന്നെ എടുത്തു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചിരുന്നു.
ആഗസ്ത് 13ന് അന്വേഷണസംഘം ജലന്ധറിലെത്തി ബിഷപ്പിനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു.കന്യാസ്ത്രീ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. സാക്ഷിമൊഴികളിലെ വൈരുധ്യം ആദ്യഘട്ടം മുതല്‍ കേസില്‍ കീറാമുട്ടിയായി. നിര്‍ണായക തെളിവെന്ന് കരുതിയിരുന്ന മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടെന്ന കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയുമായി. മൊഴികളിലെ വൈരുധ്യം പരിശോധിച്ച് പഴുതടച്ചുള്ള തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാംഘട്ട ചോദ്യംചെയ്യല്‍.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യംചെയ്ത മുറിയിലാണ് ഫ്രാങ്കോ മുളയ്ക്കലിനെയും ചോദ്യം ചെയ്തത്.
from Kerala || Deshabhimani Online News https://ift.tt/2QMkETZ
via IFTTT
No comments:
Post a Comment