തിരുവനന്തപുരം > ചെലവുകുറച്ച‌് ആഘോഷങ്ങൾ ഒഴിവാക്കിയുള്ള സംസ്ഥാന സ‌്കൂൾ കലോത്സവം ഇത്തവണ ഏപ്രിലിൽ നടത്താമോയെന്നത‌് സംബന്ധിച്ച അന്തിമതീരുമാനം 17ന‌് ചേരുന്ന മാന്വൽ കമ്മിറ്റിയിലെടുക്കും. പ്രളയത്തെ തുടർന്ന‌് നഷ്ടപ്പെട്ട അധ്യയനദിനങ്ങൾ ശനിയാഴ‌്ച പ്രവൃത്തി ദിവസമാക്കിയാൽമാത്രം നികത്താനാകില്ല.
ഇനിയുള്ള ദിവസങ്ങൾ പരമാവധി ക്ലാസുകൾ നടത്തി, കലോത്സവം വാർഷികപരീക്ഷയ‌്ക്ക‌് ശേഷം നടത്തണമെന്നാണ‌് വിദ്യാഭ്യാസ വകുപ്പിൽ നടന്ന ചർച്ചയിൽ ഉയർന്നത‌്. ഇക്കാര്യത്തിൽ മുഴുവൻ അധ്യാപക സംഘടനകളും പച്ചക്കൊടി കാണിച്ചിട്ടില്ല. അതേസമയം മുൻ നിശ്ചയപ്രകാരം ആലപ്പുഴയിൽത്തന്നെ സംസ്ഥാന കലോത്സവം വേണമെന്നും വാദമുണ്ട‌്. പ്രളയക്കെടുതിയിൽനിന്ന‌് അതിജീവിച്ച‌് കരുത്ത‌് വീണ്ടെടുത്ത ആലപ്പുഴയ‌്ക്ക‌് ആദരമാകും അതെന്നാണ‌് ഒരുവിഭാഗത്തിന്റെ നിരീക്ഷണം.
കലോത്സവം എങ്ങനെ വേണമെന്നതും 17ന‌് തീരുമാനിക്കും. എൽപി, യുപി മത്സരങ്ങൾ സ‌്കൂൾതലത്തിൽ ഒതുങ്ങിയേക്കും. ഗ്രേസ‌് മാർക്കും ദേശീയമത്സരങ്ങളിലെ പ്രാതിനിധ്യവും ഉറപ്പാക്കേണ്ട ഹൈസ‌്കൂൾ, ഹയർസെക്കൻഡറി മത്സരങ്ങളാണ‌് സംസ്ഥാനതലംവരെ നടത്താൻ ആലോചിക്കുന്നത‌്.
പന്തലുകൾ ഒഴിവാക്കി ഹാളുകളിലായിരിക്കും കലോത്സവം. ആലപ്പുഴയിൽനിന്ന‌് കലോത്സവം മാറ്റേണ്ടിവന്നാൽ തിരുവനന്തപുരവും കണ്ണൂരുമാണ‌് പരിഗണനയിൽ. വിവിധ മത്സരങ്ങളിലെ വേഷങ്ങളുടെ ധൂർത്ത‌് ഒഴിവാക്കുന്നതും ചർച്ചചെയ്യും. കായികമേളാമത്സരങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ട‌്. ഒക്ടോബറിലാണ‌് ദേശീയ ഗെയിംസ‌്. അതിനകം മത്സരങ്ങൾ പൂർത്തിയാക്കണം. കായിക മേളയിലെ ഇനങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്തതിനാൽ നടത്തിപ്പിന‌് സ‌്പോൺസർമാരെ കണ്ടെത്താനും ആലോചനയുണ്ട‌്. ശാസ‌്ത്രമേളയ‌്ക്കും കലോത്സവത്തിനും അതത‌് തലങ്ങളിൽ സ‌്പോൺസർമാരുടെ സഹായംതേടും. കലോത്സവത്തിൽ പണം ഏറെ ചെലവിട്ടുള്ള ചില ഗ്രൂപ്പിനങ്ങൾ ഇൗ വർഷം ഒഴിവാക്കുന്നതും പരിശോധിക്കുന്നുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2NGHFcp
via IFTTT
No comments:
Post a Comment