തിരുവനന്തപുരം
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്ന മഹായത‌്നത്തിന്റെ ഭാഗമായ വിഭവശേഖരണത്തെ തകർക്കാൻ മലയാള മനോരമയുടെ കുത്സിത ശ്രമം. പുനരധിവാസത്തിനും പുനർനിർമിതിക്കും വിദ്യാർഥികളെയും പൊതുജനങ്ങളെയും അണിനിരത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരണം നടത്താനുള്ള അഞ്ചുദിവസത്തെ യജ്ഞം ചൊവ്വാഴ‌്ച തുടങ്ങാനിരിക്കെയാണ‌് നുണക്കഥയുമായി മനോരമ പത്രം രംഗത്തെത്തിയത‌്.ദുരിതാശ്വാസ സംഭാവനകളെല്ലാം പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിൽനിന്ന‌് സർക്കാർ പിന്മാറിയെന്നും, ഇത‌് പണത്തിന്റെ ദുരുപയോഗത്തിന‌് കാരണമാകുമെന്നുമാണ‌് മനോരമ പറയുന്നത‌്. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ഉന്നയിച്ച‌് മുനയൊടിഞ്ഞ ആരോപണത്തിന‌് ജീവൻ വെപ്പിക്കാനാണ‌് ശ്രമം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക‌് ദേശസാൽകൃത, ഷെഡ്യൂൾഡ‌് ബാങ്കുകളും പേടിഎംപോലുള്ള ഇ‐പേമെന്റ‌് സൗകര്യങ്ങളുമടക്കം ഉപയോഗിക്കാൻ തീരുമാനമുണ്ട‌്. ഇതിനായി 16ൽപരം അക്കൗണ്ടും ആരംഭിച്ചു. ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പണം ദുരിതാശ്വാസനിധിയിലേക്കാണ‌് എത്തുക. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി എത്തുന്ന തുകയുടെ കണക്കും ചെലവും പ്രത്യേകം സൂക്ഷിക്കുമെന്ന‌് സർക്കാർ വ്യക്തമാക്കിയതുമാണ‌്.
കേരളത്തെ സഹായിക്കാൻ ഓണം ഉത്സവബത്തയും ശമ്പളവുമൊക്കെ സംഭാവന ചെയ്യാനുള്ള സർക്കാരിന്റെ അഭ്യർഥന ജീവനക്കാരും അധ്യാപകരുമൊക്കെ ഏറ്റെടുത്തു. ഈ തുക ട്രഷറിയിൽനിന്ന‌് പിൻവലിച്ച‌് ദുരിതാശ്വാസനിധിയുടെ അക്കൗണ്ടിലേക്ക‌് മാറ്റിയാൽ നേട്ടം ബാങ്കിനായിരിക്കും. അതിനാൽ, തുക ട്രഷറിയിൽത്തന്നെ പ്രത്യേക എസ‌്ബി അക്കൗണ്ട‌് രൂപീകരിച്ച‌്, അതിൽ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക‌് പണം ആവശ്യാനുസരണം പ്രത്യേക ട്രഷറി അക്കൗണ്ടിൽനിന്ന‌് വിട്ടുനൽകും.
മറ്റ‌് മേഖലയിൽനിന്ന‌് എത്തുന്ന സഹായം ഈ അക്കൗണ്ടിൽ വരവുവയ‌്ക്കുന്നത‌് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നതിനാലാണ‌് ശമ്പളവും ഉത്സവബത്തയുമടക്കമുള്ള സംഭാവനമാത്രം ഈ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതിയെന്ന‌് ധന വകുപ്പ‌് നിർദേശിച്ചത‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി രൂപീകരിച്ച കാലംമുതൽ 50 വർഷത്തിലേറെയായി എസ‌്ബിടിയുടെ അക്കൗണ്ടിലാണ‌് തുക സൂക്ഷിക്കുന്നത‌്. ഇപ്പോൾ എസ‌്ബിഐയുടേതായി. വർഷം ശരാശരി 10 മുതൽ 15 ലക്ഷം രൂപവരെയാണ‌് സംഭാവന ലഭിച്ചിരുന്നത‌്. ശരാശരി 200 മുതൽ 250 കോടി രൂപവരെ സഹായം അനുവദിക്കാറുമുണ്ട‌്. ഇതിനുള്ള തുക ബജറ്റിൽ വകയിരുത്തുകയാണ‌് പതിവ‌്.
പ്രത്യേക സാഹചര്യങ്ങളിൽമാത്രമാണ‌് എന്തെങ്കിലും മാറ്റമുണ്ടാകുക.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പരിപാലകൻമാത്രമാണ‌് ധന സെക്രട്ടറി. മുഖ്യമന്ത്രിയുടെ അനുമതിയോടെ മറ്റ‌് നടപടിയെല്ലാം പൂർത്തീകരിച്ച‌് തുകയുടെ വിനിയോഗം ഉറപ്പാക്കുന്നത‌് റവന്യൂവകുപ്പാണ‌്. ഇതെല്ലാം മറച്ചുവച്ചാണ‌് ദുരിതാശ്വാസനിധിയുടെ പ്രത്യേക ട്രഷറി അക്കൗണ്ട‌് പിൻവലിച്ചെന്ന‌് പത്രം നുണ പ്രചരിപ്പിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2MYbe9r
via IFTTT
No comments:
Post a Comment