തിരുവനന്തപുരം
പ്രളയത്തെതുടർന്ന‌് കനത്ത തിരിച്ചടിയേറ്റ കേരളത്തിലെ വിനോദസഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കർമപദ്ധതികൾ ആവിഷ‌്കരിച്ചെന്ന‌് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രളയത്തിൽ തകർന്ന ടൂറിസംകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനർനിർമാണവും അറ്റകുറ്റപ്പണിയുമാണ‌് കർമപദ്ധതിയിലെ പ്രധാനപ്പെട്ട ഇനം. വിനോദസഞ്ചാരികൾക്ക‌് തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താനാണ‌് ഈ ജോലി അടിയന്തരമായി ഏറ്റെടുക്കുന്നത‌്.
പ്രളയശേഷം ടൂറിസം സേവനങ്ങൾക്ക‌് സംസ്ഥാനം സജ്ജമായോ എന്നറിയാൻ സർവേ നടത്തിയിട്ടുണ്ട‌്. സർവേ റിപ്പോർട്ട‌് 15ന‌് പ്രസിദ്ധീകരിക്കും. മേഖലയിലെ 90 ശതമാനവും പ്രവർത്തനസജ്ജമാണെന്ന‌് സർവേയിൽ തെളിഞ്ഞു. ബാക്കി എട്ടു ശതമാനം രണ്ടുമാസത്തിനകവും അവശേഷിക്കുന്ന രണ്ടു ശതമാനം ആറുമാസത്തിനുള്ളിലും തയ്യാറാകും. കേരള ട്രാവൽ മാർട്ടിന്റെ പത്താം എഡിഷൻ കൊച്ചിയിൽ നടക്കും. 27 മുതൽ 30 വരെയാണ‌് പരിപാടി. ലണ്ടനിൽ നവംബർ അഞ്ചുമുതൽ ഏഴുവരെ നടക്കുന്ന ലോക ടൂറിസം മാർട്ടിൽ കേരളം പങ്കെടുക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ ടൂറിസം മാർട്ട‌് ഉൾപ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട ടൂറിസം ട്രേഡ‌്ഫെയറുകളിലും കേരളത്തിന്റെ പങ്കാളിത്തം ഉണ്ടാകും. ധാരാളം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കൊച്ചി മുസിരസ‌് ബിനാലെ മുൻ നിശ്ചയപ്രകാരം സംഘടിപ്പിക്കും. 2018 ഡിസംബർമുതൽ 2019 മാർച്ചുവരെയാണ‌് ബിനാലെ.
പ്രളയക്കെടുതിയിൽനിന്ന‌് കേരളത്തിലെ വിനോദ സഞ്ചരമേഖല തിരിച്ചുവന്നുവെന്ന‌് ലോകത്തെ അറിയിക്കാൻ വ്യാപക പ്രചാരണം നടത്തും. ഓൺലൈൻ വീഡിയോ, സാമൂഹ്യമാധ്യമങ്ങളിൽ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച‌് തത്സമയ സംപ്രേഷണം, യാത്രാവിവരണ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, ട്രാവൽ ഏജന്റുമാർ എന്നിവർക്കായി ഫാം ടൂറുകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
അച്ചടി, മൾട്ടി മീഡിയ സംവിധാനങ്ങളിലൂടെ ബ്രാൻഡ‌് പ്രചാരണം ഉടൻ തുടങ്ങും. നേരത്തെ നിശ്ചയിച്ച വള്ളംകളി ലീഗ‌് നടത്താനാകുമോ എന്ന‌് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2x4srUQ
via IFTTT
No comments:
Post a Comment