തിരുവനന്തപുരം> പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി 10 വർഷത്തിനിടെ കേന്ദ്രം കേരളത്തിനു നൽകിയത‌് ചോദിച്ചതിന്റെ പത്തിലൊന്ന‌് തുക പോലുമില്ലെന്ന‌് കണക്കുകൾ. 2010നുശേഷം കഴിഞ്ഞ പ്രളയംവരെ കേരളം 11 തവണ കേന്ദ്ര സഹായം തേടിയിട്ടുണ്ട‌്. 2018 ആഗസ‌്ത‌് വരെ 12,000 കോടി രൂപയാണ‌് ആവശ്യപ്പെട്ടത‌്. കിട്ടിയതാകട്ടെ 951 കോടി രൂപ മാത്രം. ഇതിൽ 600 കോടി കഴിഞ്ഞ മെയ‌് മുതൽ ജൂലൈ വരെയുണ്ടായ ആദ്യഘട്ട പ്രളയ ദുരന്തത്തെ തുടർന്നാണ‌് അനുവദിച്ചത‌്.
ആഗസ‌്തിൽ 4796 കോടി രൂപയുടെ സഹായംതേടി നിവേദനം നൽകിയെങ്കിലും ഇതുവരെ തുകയൊന്നും അനുവദിച്ചിട്ടില്ല. ഇതിനു പുറമെയാണ‌് മുഖ്യമന്ത്രി കഴിഞ്ഞ തിങ്കളാഴ‌്ച പ്രധാനമന്ത്രിയെ നേരിട്ടുകണ്ട‌് 5000 കോടിയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ടത‌്. പ്രകൃതിദുരന്തം മൂലമുള്ള നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം 2010നുശേഷം കഴിഞ്ഞ ജൂലൈ വരെ 1521 കോടി രൂപ അനുവദിക്കാൻ ശുപാർശ നൽകിയിട്ടുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിലാണ‌് 951.12 കോടി അനുവദിച്ചത‌്. 2013, 2014 വർഷങ്ങളിലായി കേന്ദ്രസംഘം 125 കോടിയുടെ ശുപാർശ നൽകിയെങ്കിലും അന്നത്തെ യുപിഎ സർക്കാർ ഒരു രൂപ പോലും നൽകിയതായി രേഖയില്ല.
കഴിഞ്ഞവർഷം ഓഖി ദുരന്തത്തെ തുടർന്ന‌് 431 കോടിയാണ‌് കേരളം ആവശ്യപ്പെട്ടത‌്. ദുരന്തം നേരിട്ട‌് വിലയിരുത്തിയ കേന്ദ്രസംഘം 169.63 കോടിയുടെ ശുപാർശ നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നു നൽകിയത‌് 111 കോടി രൂപ.
2011ലെ ഉരുൾപൊട്ടലിനെ തുടർന്ന‌് 1500 കോടി ആവശ്യപ്പെട്ടു. കേന്ദ്രസംഘം 225 കോടി ശുപാർശ ചെയ‌്തു. കിട്ടിയത‌് 109.69 കോടിയും. 2012–13ൽ കാലവർഷക്കെടുതിയെ തുടർന്ന‌് 1428 കോടി രൂപ ചോദിച്ചു. കേന്ദ്രസംഘം വെറും 54.59 കോടിയുടെ ശുപാർശ നൽകി. കിട്ടിയത‌് 15.96 കോടിയും. 2012ൽ വരൾച്ച ദുരിതാശ്വാസമായി 1884 കോടി ചോദിച്ചെങ്കിലും അനുവദിച്ചത‌് 18 കോടി.
2013ൽ വീണ്ടും കാലവർഷക്കെടുതിയെ തുടർന്ന‌് 503 കോടി ചോദിച്ചു. 94.47 കോടി കേന്ദ്രസംഘം ശുപാർശ ചെയ‌്തു. കിട്ടിയത‌് പൂജ്യം. 2014ൽ വെള്ളപ്പൊക്ക ദുരിതാശ്വാസമായി 237 കോടിക്ക‌് നിവേദനം നൽകി. 31 കോടിക്ക‌് കേന്ദ്രസംഘം ശുപാർശ നൽകി. ഒരു രൂപപോലും കിട്ടിയില്ല. 2016ൽ വരൾച്ചയെ തുടർന്ന‌് 992.5 കോടി ആവശ്യപ്പെട്ടു. വരൾച്ചബാധിത പ്രദേശം സന്ദർശിച്ച‌് നഷ്ടം നേരിട്ട‌് വിലയിരുത്തി കേന്ദ്ര സംഘം 112 കോടിയുടെ ശുപാർശ നൽകി. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത‌് 31 കോടിയും. 2014 ലെ മഴക്കെടുതിക്ക‌് ആശ്വാസമായി 258 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത‌് രണ്ടു കോടിയാണ‌്.
കഴിഞ്ഞ മെയ‌് മുതൽ ജൂലൈവരെയുണ്ടായ പ്രളയദുരന്തത്തിന‌് അടിയന്തരസഹായമായി 820.4 കോടി രൂപയാണ‌് ആവശ്യപ്പെട്ടത‌്. കേന്ദ്ര സംഘം 597 കോടി അനുവദിക്കാൻ ശുപാർശ നൽകി. ഇത‌് കണക്കിലെടുത്താണ‌് ആഗസ‌്തിലെ രണ്ടാംഘട്ട പ്രളയത്തെ തുടർന്ന‌് ദുരന്ത ബാധിത പ്രദേശം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി 600 കോടിയുടെ സഹായം അനുവദിച്ചത‌്. എന്നാൽ, ആഗസ‌്തിലെ മഹാപ്രളയത്തെ തുടർന്ന‌് 4796 കോടി അടിയന്തരസഹായമായി ചോദിച്ചെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2NOpAtA
via IFTTT
No comments:
Post a Comment