തിരുവനന്തപുരം > പ്രളയത്തെ തുടർന്ന‌് നാശനഷ്ടം വന്ന വ്യാപാരികൾക്ക‌് സമാശ്വാസം ഉറപ്പാക്കുന്നതിനായി ഉൽപ്പാദന കമ്പനികളുടെ യോഗം സർക്കാർ വിളിച്ചുചേർക്കും. കമ്പനികൾക്ക‌് എങ്ങനെയൊക്കെ സഹായിക്കാൻ കഴിയുമെന്നത‌് ചർച്ച ചെയ്യാനാണ‌് യോഗം. ധനമന്ത്രി ടി എം തോമസ‌് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ജിഎസ‌്ടി ഫെസിലിറ്റേഷൻ കമ്മിറ്റിയുടേതാണ‌് തീരുമാനം. സിമന്റ‌്, മരുന്ന‌്, ഉപഭോക‌്തൃ ഉൽപ്പന്നങ്ങൾ (എഫ‌്എംസിജി) തുടങ്ങിയ കമ്പനികളുടെ യോഗമാകും വിളിക്കുക. വ്യാപാരികളുടെ ആവശ്യത്തെ തുടർന്നാണ‌് തീരുമാനം.
പ്രളയവുമായി ബന്ധപ്പെട്ട വ്യാപാരമേഖലയുടെ നിർദേശങ്ങൾ കേൾക്കാനാണ‌് ശനിയാഴ‌്ച യോഗം ചേർന്നത‌്. സാധനങ്ങളുടെ വലിയതോതിലുള്ള നാശനഷ്ടമടക്കം ചർച്ചയായി. ഇക്കാര്യങ്ങൾ ജിഎസ‌്ടി കൗൺസിലിൽ അവതരിപ്പിച്ച‌് അനുകൂലമായ തീരുമാനങ്ങളിലേക്ക‌് എത്താനുള്ള നടപടി സ്വീകരിക്കുമെന്ന‌് ധനമന്ത്രി ഉറപ്പുനൽകി. ജിഎസ‌്ടി കൗൺസിലിന‌് മാത്രമാണ‌് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകുക.
നഷ്ടപരിഹാരം വേണമെന്ന ആവശ്യം വ്യാപാരികൾ മുന്നോട്ടുവച്ചു. ഇക്കാര്യം വ്യാപാരി ക്ഷേമനിധി ബോർഡുമായും തുടർന്ന‌് വ്യാപാരി പ്രതിനിധികളുമായും ചർച്ച നടത്താനും ധാരണയായി. ജിഎസ‌്ടി റിട്ടേണിങ‌് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന‌് നടപടി സ്വീകരിക്കും. സെൻട്രൽ ജിഎസ‌്ടി വകുപ്പിന്റെയും സംസ്ഥാന ജിഎസ‌്ടി വകുപ്പിന്റെയും ഉദ്യോഗസ്ഥരും വ്യാപാരികളുടെയും ടാക‌്സ‌് പ്രാക്ടീഷണേഴ‌്സിന്റെയും പ്രതിനിധികളും അടങ്ങുന്നതാണ‌് ഫെസിലിറ്റേഷൻ കമ്മിറ്റി.
from Kerala || Deshabhimani Online News https://ift.tt/2I84Nev
via IFTTT
No comments:
Post a Comment