കാസർകോട്
മോഡി സർക്കാരിന്റെ രാഷ്ട്രീയ അജൻഡയാണ് മുത്തലാഖ് ഓർഡിനൻസെന്ന് സാമൂഹ്യപ്രവർത്തക ശബ്‌നം ഹാശ്‌മി. മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം നിയമ വിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓർഡിനൻസിന്റെ ആവശ്യമില്ല. പാർലമെന്റിനെ നോക്കുകുത്തിയാക്കിയാണ് ഓർഡിനൻസ് ഇറക്കുന്നത്. മുത്തലാഖിന് ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാനുള്ള വകുപ്പുണ്ട്. അതിനാൽ ഓർഡിനൻസ് കൊണ്ടുവന്നത് പ്രത്യേക താൽപര്യം വച്ചാണ്. ഇതിന് പിന്നിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിരായ പ്രതിഷേധം വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യവുമുണ്ട്. കാസർകോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അഖിലേന്തകൊ ശാന്തി സംവാദ യാത്രക്കെത്തിയ ശബ്‌നം ഹാശ്‌മി.
വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നില്ലെങ്കിൽ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും. നോട്ട് നിരോധനവും ജിഎസ്‌ടിയും ആൾക്കൂട്ടക്കൊലപാതകവും പശുവിന്റെ പേരിലുള്ള നരഹത്യയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റവുംമൂലം രാജ്യത്തെ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭവും മോഡി സർക്കാറിന്റെ അന്ത്യം കുറിക്കുന്നതിനുള്ള പോരാട്ടമാണ്.
എല്ലാവരും ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. നാല് വർഷത്തെ മോഡി ഭരണത്തിൽ ജനാധിപത്യ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ അജൻഡ അടിച്ചേൽക്കുകയാണെന്നും ശബ്‌നം ഹാശ്‌മി പറഞ്ഞു.
ദേശീയ സമാധാന സംവാദ യാത്ര തുടങ്ങി
കാസർകോട്
രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും അസഹിഷ്ണുതയ്ക്കുമെതിരെ പുരോഗമന വനിതാ കൂട്ടായ്‌മകളുടെ നേതൃത്വത്തിലുള്ള ദേശീയ സമാധാന സംവാദ യാത്ര കാസർകോടുനിന്ന് തുടങ്ങി. രക്തസാക്ഷി സഫ്ദർ ഹാശ്‌മിയുടെ സഹോദരിയും സാമൂഹ്യ പ്രവർത്തകയുമായ ശബ്‌നം ഹാശ്‌മിയുടെ നേതൃത്വത്തിലുള്ള കേരളപര്യടനം കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡിൽ ചെങ്കള പഞ്ചായത്തംഗം സിന്ധു പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. പി പി കെ പൊതുവാൾ അധ്യക്ഷനായി. ശബ്‌നം ഹാശ്‌മി, പി വി ഷെബി, ടി ഹരിദാസ് എന്നിവർ സംസാരിച്ചു. കെ യു മേരി സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചൊല്ലി. ജാഥാ അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു. പെരിയ കേന്ദ്ര സർവകലാശാല വിദ്യാർഥികളുമായും ജാഥാ അംഗങ്ങൾ സംവദിച്ചു.
സാമൂഹ്യപ്രവർത്തകരായ ഫരീദഖാൻ, നുസ്രത്ത് പർവീൺ, മാധുരി വർഷണി, സോണി ദുർഗ, പർമർ സുമിത്ര ബെൻ, കെ ലില്ലി, ഫൈസാൻ ആലം, മീനാക്ഷി, നൂർജഹാൻ, നസ്‌നീം തൗഫീഖ് ഷേഖ്, മധുബൻ പ്രവീൺ ഭായ് ചെനവ, ഷഫീഖ ബീഗം, ഷബീന ഷബിർ, അഖ്വിബ് ജമീൽ, അബ്ദുൾ റൗഫ് ഷേഖ‌് എന്നിവരാണ് ജാഥാംഗങ്ങൾ. പി വി ഷെബി, ടി ഹരിദാസ് എന്നിവർ കോ﹣ഓഡിനേറ്റർമാരാണ്. ശനിയാഴ്‌ച രാവിലെ പത്തിന് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്‌റ്റാൻഡ‌്, പകൽ മൂന്നിന് കാലിക്കടവ‌്, അഞ്ചിന് പയ്യന്നൂർ എന്നിങ്ങനെയാണ‌് സ്വീകരണം. 23ന് കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, 24ന് കോഴിക്കോട് സർവകലാശാല, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, 25ന് താമരശേരി, കൽപ്പറ്റ, മാനന്തവാടി, 26ന് സുൽത്താൻ ബത്തേരിയിലെ കോളേജുകൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി 27ന് കർണാടകത്തിലെ ആദ്യ പര്യടന കേന്ദ്രമായ മൈസൂരുവിൽ പ്രവേശിക്കും. ഒക്ടോബർ 13ന് ഡൽഹിയിൽ സമാപിക്കും.
സമാധാനം, സ്‌നേഹം, ഭരണഘടനാമൂല്യങ്ങളുടെ പരിരക്ഷ എന്നീ സന്ദേശങ്ങൾ ഉയർത്തി ബാത്തേൻ അമൻ കി എന്ന പേരിൽ നടത്തുന്ന അഞ്ച് ദേശീയ യാത്രകളിൽ ഒന്നാണ് കേരളത്തിൽ പര്യടനം നടത്തുന്നത്. മല്ലിക സാരാഭായ്, ഷബാന ആസ്‌മി, അരുണ റോയ്, ആനിരാജ, ലീന ദൈബിരു, അപർണ സെൻ, നിഷ അഗർവാൾ, കവിത കൃഷ്‌ണൻ എന്നിവരാണ് മറ്റ് ജാഥകൾക്ക് നേതൃത്വം നൽകുന്നത്.
from Kerala || Deshabhimani Online News https://ift.tt/2puwRAn
via IFTTT
No comments:
Post a Comment