കൊച്ചി
അഭിലാഷ‌് ടോമിയുടെ മനസ്സ‌് കമാൻഡർകൂടിയായ അച്ഛൻ വി സി ടോമിക്ക‌് നന്നായറിയാം. അവന്റെ ആത്മവിശ്വാസം അവനെ കൈവിടില്ല എന്നായിരുന്നു അപകടവിവരം അറിഞ്ഞ ആ അച്ഛന്റെ വാക്കുകൾ. സാഹസികത അഭിലാഷിന്റെ രക്തത്തിൽ അലിഞ്ഞതാണ‌്.
അച്ഛൻ നാവികസേനാ ഉദ്യോഗസ്ഥനായിരുന്നതിനാൽ വിവിധ നേവൽബേസ‌് ക്വാർട്ടേഴ‌്സുകളിലായിരുന്നു അഭിലാഷിന്റെ കുട്ടിക്കാലം. മോബിഡിക‌്, ട്രഷർ ഐലന്റ‌് പോലുള്ള പുസ‌്തകങ്ങളായിരുന്നു അക്കാലത്ത‌് കൂട്ട‌്. തന്നിലെ സാഹസികത ഉയർത്തിയത‌് ഈ പുസ‌്തകങ്ങളായിരുന്നെന്ന‌് അഭിലാഷ‌് പറഞ്ഞിട്ടുണ്ട‌്.
2012 നവംബറിൽ ലോകംചുറ്റാൻ മുംബൈയിൽനിന്ന‌് ഒറ്റയ‌്ക്ക‌് പുറപ്പെടുമ്പോൾ അങ്ങനെയൊരു ലോകസഞ്ചാരം പൂർത്തിയാക്കിയ ഇന്ത്യൻ മുൻഗാമി അഭിലാഷിനുണ്ടായിരുന്നില്ല. നാവികസേനയുടെ സാഗർ പരിക്രമ 2 പദ്ധതിയുടെ ഭാഗമായാണ‌് അഭിലാഷ‌് പായ‌്‌വഞ്ചിയുമായി യാത്രയ‌്ക്കിറങ്ങിയത‌്. ലോകം ചുറ്റി 2013 ഏപ്രിൽ ആറിന‌് മുംബൈയിലെത്തുമ്പോൾ സ്വീകരിക്കാനെത്തിയത‌് അന്നത്തെ രാഷ്ട്രപതി പ്രണബ‌് മുഖർജിയായിരുന്നു.
ഒറ്റയ‌്ക്ക‌് ലോകം ചുറ്റിവരുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി അഭിലാഷ‌് അന്ന‌് സ്വന്തംപേരിനൊപ്പം എഴുതിച്ചേർത്തു. രണ്ടാമത്തെ ഏഷ്യക്കാരനും ലോകത്തെ 79‐ാമനും. രണ്ടാമത്തെ സൈനിക ബഹുമതിയായ കീർത്തിചക്ര നൽകിയാണ‌് രാജ്യം അന്ന‌് ഈ മലയാളിയെ ആദരിച്ചത‌്.
അന്നും ഗോവയിൽ നിർമിച്ച പായ‌്‌വഞ്ചിയിലായിരുന്നു യാത്ര. ഗോവയിലെ മുക്കുവർ ദൈവമായി ആരാധിക്കുന്ന മാദേയി എന്നായിരുന്നു വഞ്ചിയുടെ പേര‌്.
ലോകയാത്ര പൂർത്തിയാക്കി ഇനിയെന്ത‌് എന്നു ചിന്തിക്കുമ്പോഴാണ‌് ഗോൾഡൻ ഗ്ലോബ‌് റേസ‌് എന്ന അതിസാഹസികയാത്രയ‌്ക്ക‌് പ്രത്യേക ക്ഷണം ലഭിച്ചത‌്. ആധുനിക സംവിധാനങ്ങളില്ലാതെ, വടക്കുനോക്കിയന്ത്രവും ഭൂപടവും നക്ഷത്രങ്ങളും മാത്രം തുണയാക്കി അതിദുർഘടമായ സമുദ്രയാത്ര.
ജൂലൈ ഒന്നിന‌് ഫ്രാൻസിൽനിന്ന‌് പുറപ്പെട്ട‌് 82 ദിവസമെത്തുമ്പോഴാണ‌് അപകടം. മത്സരത്തിൽ മൂന്നാംസ്ഥാനത്ത‌് മുന്നേറിയ അഭിലാഷിന്റെ തുരിയ എന്ന പായ്‌വഞ്ചി മണിക്കൂറിൽ 120 കിലോമീറ്ററിലേറെ വേഗത്തിലും 10 മീറ്ററിലേറെ ഉയർന്ന തിരമാലയിലുംപെട്ട‌് തകരുകയായിരുന്നു. ഓസ‌്ട്രേലിയയിലെ പെർത്തിന‌് 3200 കിലോമീറ്റർ അകലെയായിരുന്നു അപകടസമയത്ത‌് അഭിലാഷിന്റെ പായ‌്‌വഞ്ചി. 18 പേരുമായാണ‌് ജൂലൈ ഒന്നിനു മത്സരം തുടങ്ങിയതെങ്കിലും മോശം കാലാവസ്ഥകാരണം ഏഴുപേർ പിന്മാറി.ആദ്യമായി പായ‌്‌വഞ്ചിയിൽ ലോകംചുറ്റിയ സർ റോബിൻ നോക‌്സ‌് ജോൺസ‌്റ്റണിന്റെ ഐതിഹാസികയാത്രയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ‌് ഗോൾഡൻ ഗ്ലോബ‌് റേസ‌് സംഘടിപ്പിച്ചത‌്. സുഹൈലി എന്ന ഇന്ത്യൻനിർമിത പായ‌് കപ്പലിലായിരുന്നു 50 വർഷംമുമ്പ‌് ബ്രിട്ടീഷ‌് നാവികനായ ജോൺസ‌്റ്റണിന്റെ യാത്ര.
from Kerala || Deshabhimani Online News https://ift.tt/2DtMuSi
via IFTTT
No comments:
Post a Comment