ശബരിമല
കന്നിമാസ പൂജകൾക്ക് ശബരിമല നട ഞായറാഴ‌്ച തുറക്കാനിരിക്കെ ശബരിമലയിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. പമ്പയിൽ തകർന്ന കിണറും പമ്പ് ഹൗസും പുനഃസ്ഥാപിക്കുകയും കുടിവെള്ളം സന്നിധാനത്തേക്ക് എത്തിക്കുകയും ചെയ‌്തു. മണിക്കൂറിൽ 30,000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് നൽകാനുള്ള പ്ലാന്റുകളും കിയോസ്കുകളും പമ്പയിൽ താൽക്കാലികമായി സജ്ജമാക്കി. ഗണപതി കോവിൽ, ത്രിവേണി പാത, രാജമണ്ഡപം എന്നിവിടങ്ങളിൽ കുടിവെള്ളം ലഭിക്കും. ടാപ്പുകളും ശരിയാക്കി. നേരത്തെ സന്നിധാനത്തേക്ക‌് കുടിവെള്ളം എത്തിക്കുന്ന കുന്നാർ അണക്കെട്ട‌് മണൽ നിറഞ്ഞത‌് സ്ഥിതി വഷളാക്കിയിരുന്നു. പ്രതിദിനം 25 ലക്ഷം ലിറ്റർ വെള്ളമായിരുന്നു കുന്നാറിൽ നിന്ന‌് സന്നിധാനത്ത‌് എത്തിച്ചിരുന്നത‌്. അണക്കെട്ടിലെ മണ്ണ‌് മണ്ഡല﹣മകരവിളക്ക‌് തീർഥാടനത്തിന‌് മുമ്പ‌് നീക്കാനാകുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. ഇവിടെ ദേവസ്വം ബോർഡ‌് മരാമത്ത‌് വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണ‌് നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ‌്.
ഞായറാഴ‌്ച നട തുറക്കുമ്പോൾ പമ്പയിൽ തീർഥാടകർക്കുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനാണ‌് ദേവസ്വം ബോർഡും ടാറ്റ ഗ്രൂപ്പും ശ്രമിക്കുന്നത‌്. ഇതോടനുബന്ധിച്ച‌് മണലടിഞ്ഞ‌് അപ്രത്യക്ഷമായ പമ്പാ മണപ്പുറത്തെ നടവഴി വീണ്ടെടുത്തിരുന്നു. നടപ്പന്തലിന‌് താഴെയുള്ള വഴിയാണ‌് മണൽമാറ്റി വീണ്ടെടുത്തത‌്. ഇത‌് കൂടാതെ തീർഥാടകർ മണപ്പുറത്തേക്ക‌് ഇറങ്ങാതിരിക്കാൻ ത്രിവേണി പാലം മുതൽ സർവീസ‌് റോഡ‌് വരെ സുരക്ഷാവേലി സ്ഥാപിച്ചു. മണൽപുറത്തെ കെട്ടിട അവശിഷ‌്ടങ്ങൾ നീക്കുന്ന ജോലികളും പുരോഗമിക്കുകയാണ‌്. തീർഥാടകർക്കായി 1000 ബയോ ടോയ‌് ലെറ്റുകൾ പമ്പയിൽ എത്തിച്ചിട്ടുണ്ട‌്. പമ്പയിലെ സ്ഥിരം ശൗചാലയങ്ങൾ പ്രളയത്തിൽ തകർന്നിരുന്നു. കുഴലും ടാങ്കുകളും ചെളി നിറഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ബയോ ടോയ‌് ലെറ്റുകൾ സ്ഥാപിക്കുന്നത്.
പമ്പയുടെ ഇരു കരകളിലും ഒാരോ വലിയ ടവറുകൾ സ്ഥാപിച്ച‌് കെഎസ‌്ഇബി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട‌്. സുരക്ഷാ കേബിൾ ടവറിലൂടെ വലിച്ചാണ‌് വൈദ്യുതി വിതരണം സുഗമമാക്കിയത‌്. മണൽപ്പുറം ഒഴിച്ചുള്ളിടത്തെ തൂണുകളും പുനഃസ്ഥാപിച്ചു. പ്രളയത്തിൽ ചെളി നിറഞ്ഞ‌് ഉപയോഗശൂന്യമായ പമ്പ സർക്കാർ ആശുപത്രിയുടെ മൂന്നാം നിലയിലാണ‌് ആശുപത്രി പ്രവർത്തിക്കുക. ഇത‌് സംബന്ധിച്ച‌് അന്തിമ തീരുമാനം ശനിയാഴ‌്ച ചേരുന്ന യോഗത്തിൽ ഉണ്ടാകും. നാല് ഡോക്ടർമാർ, നാല് വീതം നേഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുണ്ടാകും. ആശുപത്രിയിലേക്കുള്ള ആവശ്യ മരുന്നുകൾ പമ്പയിൽ എത്തിച്ചിട്ടുണ്ട‌്. സന്നിധാനം, നീലിമല, അപ്പാച്ചിമേട് എന്നീ ആശുപത്രികളും പ്രവർത്തിക്കും. രണ്ട് വീതം ഡോക്ടർമാർ ഉണ്ടാകും.
പമ്പയിൽ ഒഴുക്കിൽ തകർന്നുപോയ ഹോട്ടലുകൾ പുതിയ ഇടത്തേക്ക് മാറ്റിക്കെട്ടാൻ ദേവസ്വം ബോർഡ‌് അനുമതി നൽകിയിട്ടുണ്ട‌്. ത്രി വേണി മൈതാനത്ത് ഇവ പ്രവർത്തിക്കും. പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശനിയാഴ‌്ച പകൽ രണ്ടിന‌് ദേവസ്വം ബോർഡ‌് പ്രസിഡന്റ‌് എ പത‌്മകുമാറിന്റെ അധ്യക്ഷതയിൽ പമ്പയിൽ യോഗം ചേരുന്നുണ്ട‌്. ദേവസ്വം ബോർഡ‌് അംഗങ്ങൾ ജില്ലാ കലക്ടർ, പൊലീസ‌്, വിവിധ വകുപ്പ‌് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
from Kerala || Deshabhimani Online News https://ift.tt/2Nfi9v5
via IFTTT
No comments:
Post a Comment