തിരുവനന്തപുരം
പ്രളയക്കെടുതി അതിജീവിക്കുന്നതിനായി ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പ്രോജക്ടുകൾ തയ്യാറാക്കാൻ തദ്ദേശ വകുപ്പ‌് അനുമതി. ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ‌് ഈ സാമ്പത്തിക വർഷംമുതൽ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ സംയുക്തമായി ജില്ലാ പദ്ധതികൾ തയ്യാറാക്കുന്നത‌്. ഇത്തരം പദ്ധതികൾക്ക‌് അനുമതി നൽകാൻ ജില്ലാ വികസന സമിതിക്ക‌് നിർദേശം നൽകി. അടിയന്തരമല്ലാത്തതും മാറ്റിവയ‌്ക്കാവുന്നതുമായ പ്രോജക്ടുകൾ, ജില്ലാ ആസൂത്രണ സമിതി നിരസിച്ച പദ്ധതികൾ എന്നിവയിലെ വിഹിതം പ്രളയക്കെടുതിമൂലം നശിച്ച ആസ‌്തികൾ പുനരുജ്ജീവിപ്പിക്കുന്നതിന‌് ഉപയോഗിക്കാം. ഇതിനായി നിലവിലെ പ്രോജക്ടുകളിൽ മാറ്റം വരുത്താം. എന്നാൽ, പ്രളയക്കെടുതി നേരിടാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രോജക്ടുകൾ അഴിച്ചുപണിയാൻ അനുമതിയില്ല. വികേന്ദ്രീകൃതാസൂത്രണം സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയോഗമാണ‌് ഈ തീരുമാനമെടുത്തത‌്.
കുട്ടനാട് അനുയോജ്യമായ കക്കൂസ‌് നിർമിക്കുന്നതിന്റെ സാധ്യത റിപ്പോർട്ട് നൽകാൻ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. പ്രളയത്തിൽ നശിച്ച പൊതുസ്ഥാപനങ്ങളിലെ ശൗചാലയങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പുനർനിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാം.
തദ്ദേശ സ്ഥാപനങ്ങളിലെ കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തണം. അല്ലാത്തവയ‌്ക്കുപകരം പുതിയത‌് വാങ്ങാം. ഇതിന്റെ കണക്ക് പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാരും ഗ്രാമവികസന കമീഷണറും എടുക്കണം. ഇതിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ വകുപ്പുമേധാവികളെ ചുമതലപ്പെടുത്തി.
ജലക്ഷാമം പരിഹരിക്കാൻ നിലവിലെ വാട്ടർ കിയോസ‌്കുകൾ നന്നാക്കണം. അല്ലാത്തിടത്ത‌് പുതിയ കിയോസ്കുകൾ സ്ഥാപിക്കാനാവശ്യമായ ടാങ്കുകൾ വാങ്ങണം. കിണറുകൾ ശുചീകരിക്കുന്നതു വരെ വാട്ടർ അതോറിറ്റിയുടെ ശുദ്ധീകരിച്ച വെള്ളം ടാങ്കർ ലോറികളിൽ മുടങ്ങാതെ വിതരണംചെയ്യണം.
ഉൾപ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന‌് വീതികുറഞ്ഞ റോഡുകൾക്കനുയോജ്യമായ വാഹനം വാടകയ‌്ക്ക‌് എടുക്കണം. ബോട്ടുകളോ വള്ളങ്ങേളാ ഉപേയാഗിച്ചും കുടിവെള്ള വിതരണത്തിന‌് അനുമതി നൽകി.
from Kerala || Deshabhimani Online News https://ift.tt/2QLOojD
via IFTTT
No comments:
Post a Comment