ചങ്ങനാശേരി
വല്യന്നങ്ങൾ എഴുന്നള്ളിയതോടെ ചരിത്രവും ഐതീഹ്യവും സമന്വയിക്കുന്ന നീലംപേരൂർ പൂരം പടയണിക്ക‌് സമാപനമായി. വഴിപാടായി സമർപ്പിച്ച 71 ചെറിയ അന്നങ്ങളും ഒരുവല്യന്നവും രണ്ട് ചെറിയന്നങ്ങളും പൂരനഗരിയിൽ പറന്നിറങ്ങി. പൂരം പടയണിയുടെ സമാപനദിവസത്തിലാണ് അന്നങ്ങൾ പറന്നിറങ്ങിയത്. തിരുവോണ പിറ്റേന്ന് അവിട്ടം നാൾമുതൽ തുടങ്ങിയ ആഘോഷമാണ് പൂരം നാളായ ഞായറാഴ്ച വല്യന്നങ്ങൾ എഴുന്നള്ളിയതോടെ സമാപനമായത്.
പള്ളിഭഗവതിയുടെ നടയിൽ നിന്ന് ചേരമാൻ പേരുമാൾ സ്മാരകത്തിലെത്തി ക്ഷേത്രഭരണസമിതി പ്രതിനിധി അനുജ്ഞവാങ്ങുന്ന ചടങ്ങോടെയാണ് വലിയ പടയണി ആരംഭിക്കുന്നത്. പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ ഭാഗമായി അത്യപൂർവമായ ശില്പവടിവിൽ ദേശവാസികൾ ഒരുക്കുന്ന കെട്ടുകാഴ്ചയാണ് നീലംപേരൂർ അന്നം. കോലങ്ങൾക്ക് നിറപണികൾ പൂർത്തിയാക്കുന്ന ചടങ്ങ് ഞായറാഴ്ച പുലർച്ചെ ആറു മുതൽ ആരംഭിച്ചു. മണിക്കൂറുകളോളം വിശ്രമമില്ലാതെയുള്ള ജോലികളിൽ ഗ്രാമവാസികൾ ഒരേ മനസ്സോടെ പങ്കെടുത്തു. മുന്നൂറ് പറ ചെത്തിപ്പൂവ് കൊണ്ടാണ് അന്നങ്ങളുടെ നിറ പണികൾ പൂർത്തിയാക്കിയത്. വാഴപ്പോളയും താമരയിലയും വാഴപ്പിണ്ടിയും അന്നങ്ങളിൽ വർണവിസ്മയം തീർത്തു. വൈകിട്ട‌് ആറോടെ നിറപണികൾ പൂർത്തിയായി. രാത്രി എട്ടിന് പുത്തൻ അന്നങ്ങളുടെ തേങ്ങ മുറിയ്ക്കൽ ചടങ്ങ് നടന്നു. 10 ന് ആഴിക്ക് ചുറ്റും നിന്നുള്ള കുടംപൂജ കളി. 10.30 ന് തോർത്ത് വീശിയുള്ള തോത്താ കളി, 11 ന് പുത്തൻ അന്നങ്ങളുടെ തിരുനട സമർപ്പണം 12 ന് വായ്പാട്ടിന്റെ അകമ്പടിയോടെയുള്ള കോലങ്ങളുടെയും വല്യന്നങ്ങളുടെയും എഴുന്നെള്ളത്ത്. അന്നങ്ങളോടൊപ്പം പുലിവാഹനൻ, നാഗയക്ഷി, ഭീമൻ, ഹനുമാൻ, നരസിംഹം, ആന, അമ്പലകോട്ട, വേലയന്നം എന്നിവയും പടയണിക്കളത്തിലെത്തി. രാത്രി 10.30 ന് മേൽശാന്തി കൊല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സർവ പ്രായശ്ചിത്വം ചെയ്തു. തുടർന്ന് പതിവു ചടങ്ങുകൾ പ്രകാരം ദേവസ്വം പ്രസിഡന്റ് സി കരുണാകര കൈമൾ ചേരമാൻ പെരുമാൾ കോവിലിൽപോയി പടയണിക്കായി അനുജ്ഞവാങ്ങിയതോടെ ചടങ്ങുകൾ ആരംഭിച്ചു. വല്ല്യന്നങ്ങൾ കൂടാതെ 71 പുത്തൻ അന്നങ്ങൾ തിരുനടയിൽ സമർപ്പിച്ചു. രാത്രി 12 ഓടെ ഒരു വല്ല്യന്നവും രണ്ട് ചെറിയ അന്നങ്ങളും പടയണി കളത്തിലേക്ക് എഴുന്നള്ളിയതോടെ ആയിരങ്ങൾ ആർപ്പുവിളികളുയർത്തി. ഇതിനുശേഷം കോലങ്ങളും സിംഹവാഹനവും പൊയ്യാനയും എഴുന്നള്ളി. തുടർന്ന‌് അരിയും തിരിയും വയ്പ് എന്ന ഗുരുതി ചടങ്ങ് നടന്നു. ചൂട്ട് വെളിച്ചത്തിന്റെ പൊൻപ്രഭയിൽ പുത്തനന്നങ്ങളുടെ തിരുനട സമർപ്പണവും, ഇടത്തരം അന്നങ്ങളും, വലിയ അന്നവും എഴുന്നെള്ളി. പുലർച്ചെ ഒന്നൊടെ പടയണി ഗ്രാമത്തിന്റെ സമർപ്പണ സുകൃതമായ വല്യന്നം പടയണിക്കളത്തിലെത്തി.
from Kerala || Deshabhimani Online News https://ift.tt/2oUJILC
via IFTTT
No comments:
Post a Comment