തിരുവനന്തപുരം
പോക‌്സോ കേസുകളിൽ ഇരയുടെ മൊഴി ദൃശ്യ, ശ്രവ്യ ഇലക‌്ട്രോണിക‌്സ‌് ഉപകരണങ്ങൾ ഉപയോഗിച്ച‌് റെക്കോഡ‌് ചെയ്യാൻ നിർദേശം. രക്ഷാകർത്താവിന്റെയോ കുട്ടിക്ക‌് വിശ്വാസമുള്ള മറ്റാരുടെയെങ്കിലും സാന്നിധ്യത്തിലോ കുട്ടി പറയുംപ്രകാരം മൊഴി രേഖപ്പെടുത്തണം. ഉദ്യോഗസ്ഥന്റെ ഭാഷ കൂട്ടിച്ചേർക്കരുത‌്. പരാതിയിലോ ഇരയുടെ പ്രഥമവിവര സ‌്റ്റേറ്റ‌്മെന്റിലോ തുടർന്നുള്ള മൊഴിയെടുപ്പിലോ ഉദ്യോഗസ്ഥ ഭാഷ വേണ്ട. പ്രതിക്ക‌് ശിക്ഷ ഉറപ്പാക്കാൻ ഇരയുടെ ജനനതീയതി തെളിയിക്കുന്ന രേഖ നിർബന്ധമായും ശേഖരിക്കണം. ഇതുസംബന്ധിച്ച‌് വിശദമായ സർക്കുലർ സംസ്ഥാന പൊലീസ‌് മേധാവി ജില്ലാ പൊലീസ‌് മേധാവിമാർക്ക‌് കൈമാറി.
എല്ലാ കേസുകളിലും അന്വേഷണത്തിന്റെ ആദ്യപടിയായി ഇരയുടെ വൈദ്യപരിശോധന ഉടനടി നടത്തണം. പല കേസുകളിലും അധ്യാപകരോ സ‌്കൂൾ അധികൃതരോ ശിശുക്ഷേമ സമിതിയോ ആകും പരാതി നൽകുക. എന്നാൽ, പലപ്പോഴും ഇവരുടെ മൊഴി രേഖപ്പെടുത്താറില്ല. മിക്ക കേസുകളിലും പ്രതി ഇരയുടെ ബന്ധുക്കളാകും. അതിനാൽ ഇരയോ അല്ലെങ്കിൽ ബന്ധുതന്നെയോ പിന്നീട‌് കൂറുമാറും. ഇത്തരം കേസുകളിൽ ആദ്യം വിവരംനൽകുന്ന ആളുടെ മൊഴി വളരെ സഹായകമാകും.
അന്വേഷണ ഭാഗമായി വനിതാ പൊലീസ‌്, ചൈൽഡ‌് ലൈൻ ഉദ്യോഗസ്ഥർ, വനിതാ ഡോക്ടർ എന്നിവർ ഒന്നിച്ച‌് ഇരയുമായി കൂടിക്കാഴ‌്ച നടത്തണം. വിവിധ വിഭാഗങ്ങൾ ഒറ്റയായി മൊഴി രേഖപ്പെടുത്തരുത‌്. തുടർച്ചയായ നടപടി ഇരയ‌്ക്ക‌് മാനസിക പ്രശ‌്നമുണ്ടാക്കും. ഇൗ കൂടിക്കാഴ‌്ചയ‌്ക്ക‌്ശേഷം ആവശ്യമായ മൊഴി തയ്യാറാക്കാം. അന്വേഷണ വേളയിൽ ഒരിക്കൽ മാത്രമേ ഇരയുടെ മൊഴിയെടുക്കാവൂ. പല ഉദ്യോഗസ്ഥരും ഇര മജിസ‌്ട്രേറ്റിന‌് നൽകുന്ന മൊഴിക്ക‌് പുറമെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വിമുഖത കാണിക്കുന്നുണ്ട‌്. അത‌് ഒഴിവാക്കി, രഹസ്യമൊഴിക്കപ്പുറം വിവരങ്ങൾ തേടണം.
പോക‌്സോ കേസുകളിൽ മൂന്നുമാസത്തിനകം കുറ്റപത്രം നിർബന്ധമായും കൊടുത്തിരിക്കണം. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. ഇരയ‌്ക്ക‌് നീതി ഉറപ്പാക്കാൻ വിക്ടിം ലെയ‌്സൺ ഓഫീസറെ നിയമിക്കണം. ഇരയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന‌് ഇടയ‌്ക്കിടെ സന്ദർശിച്ച‌് ഈ ഓഫീസർ ഉറപ്പുവരുത്തണം.
സംസ്ഥാനത്തെ പോക‌്സോ കേസുകളിൽ അന്വേഷണവും വിചാരണയും വൈകുന്നുവെന്ന പരാതിയിൽ അന്വേഷണത്തിലുള്ള മുഴുവൻ കേസുകളും റിവ്യൂചെയ്യാൻ ക്രൈംബ്രാഞ്ച‌് ഐജി എസ‌് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. പോക‌്സോ കേസുകളിൽ അന്വേഷണത്തിലും തുടർ നടപടികളിലും വിടവുള്ളതായി സമിതി കണ്ടെത്തി. ഇവരുടെ റിപ്പോർട്ടിനെ തുടർന്നാണ‌് പുതിയ നിർദേശം.
from Kerala || Deshabhimani Online News https://ift.tt/2xBtF9G
via IFTTT
No comments:
Post a Comment