തിരൂർ (മലപ്പുറം) > മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച നടത്തി വേലക്കാരി മുങ്ങി. തൃപ്രങ്ങോട് ആലിങ്ങൽ എടശേരി ഖാലിദലിയുടെ വീട്ടിലാണ് സംഭവം. മയക്കുമരുന്ന് കലർന്ന ജ്യൂസ് കഴിച്ച് അബോധാവസ്ഥയിലായ ഖാലിദലി (66), ഭാര്യ സൈനബ (57), മകൾ ഷഹീദ (17) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരി പൊള്ളാച്ചി സ്വദേശി മാരിയമ്മക്കായി പൊലീസ‌് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച രാത്രിയാണ‌് സംഭവം. മൂന്നുദിവസം മുമ്പാണ‌് മാരിയമ്മയെ വീട്ടുജോലിക്ക‌് നിർത്തിയത‌്. ഭക്ഷണശേഷം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും അത് കുടിച്ച മൂന്നുപേരും അവശരായി തളർന്നുവീഴുകയുമായിരുന്നുവെന്ന‌് പൊലീസ‌് പറഞ്ഞു. ജ്യൂസിന്റെ പാത്രവും ഗ്ലാസുകളും പൊലീസ‌് കണ്ടെടുത്തു. സ്വർണാഭരണമടക്കമുള്ളവ നഷ്ടപ്പെട്ടിട്ടുണ്ട‌്.
ഞായറാഴ്ച രാവിലെ ഏഴായിട്ടും ഖാലിദിന്റെ വീട്ടിൽനിന്ന‌് ആരെയും പുറത്തുകാണാത്തതിനെ തുടർന്ന‌് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ടത്. വീട്ടിലെ വേലക്കാരിയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
ഗുരുതരാവസ്ഥയിൽ കിടന്ന മൂന്നുപേരെയും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ശുശ്രൂഷക്കുശേഷം കോഴിക്കോട‌് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ ഡിവൈഎസ‌്പി ബിജു ഭാസ‌്കർ, എസ്ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിലാണ‌് പൊലീസ‌് സ്ഥലത്തെത്തിയത‌്. കവർച്ചക്കുപിന്നിൽ വേലക്കാരി മാരിയമ്മ തന്നെയാണെന്ന‌് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി എസ‌്ഐ പറഞ്ഞു. മാരിയമ്മ പോകുന്നത‌് ആലിങ്ങൽ അങ്ങാടിയിലെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2pk2Mn3
via IFTTT
No comments:
Post a Comment