കൊച്ചി
ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി ലാൻഡിങ് പ്ലാറ്റ് ഫോം ഡോക്കുകൾ (എൽപിഡി) നിർമിക്കാൻ നിലവിലെ സാഹചര്യത്തിൽ കൊച്ചി കപ്പൽശാലയ‌്ക്ക‌് കരാർ നൽകണമെന്ന‌് കൊച്ചിൻ ഷിപ‌്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) ആവശ്യപ്പെട്ടു. 20,000 കോടി രൂപ ചെലവിൽ നാവികസേനയ്ക്കുവേണ്ടി തദ്ദേശീയമായി നാല് ലാൻഡിങ‌് പ്ലാറ്റ് ഫോം ഡോക്കുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമാണം പൂർത്തിയായിവരുന്ന ഐഎൻഎസ് വിരാടിലൂടെ വിമാനവാഹിനി കപ്പലുകൾ നിർമിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റിയത് കൊച്ചി കപ്പൽനിർമാണ ശാലയാണ്. 200 മീറ്ററിലധികം നീളമുള്ള കപ്പലുകൾ നിർമിച്ച് പരിചയമുള്ള കൊച്ചി കപ്പൽശാലയെ ഒഴിവാക്കി, വലിയ കപ്പലുകളുടെ നിർമാണത്തിൽ ഒരു മുൻപരിചയവുമില്ലാത്ത റിലയൻസ് ഡിഫൻസ്, എൽ ആൻഡ് ടി തുടങ്ങിയ സ്വകാര്യ കപ്പൽനിർമാണ ശാലകൾക്കാണ് കേന്ദ്രസർക്കാർ എൽപിഡികളുടെ നിർമാണ കരാറിനുള്ള ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. കരാറിൽനിന്ന‌് ഒഴിവാക്കാൻ സൃഷ്ടിച്ചെടുത്ത ചില സാങ്കേതികകാരണങ്ങൾ പറഞ്ഞാണ‌് കൊച്ചി കപ്പൽശാലയെ കേന്ദ്രസർക്കാർ ടെൻഡറിൽപ്പോലും പങ്കെടുപ്പിക്കാതിരുന്നത‌്. പുതിയതായി നിർമിക്കാനൊരുങ്ങുന്ന വിമാനവാഹിനിയുടേതുൾപ്പെടെ പ്രതിരോധരംഗത്തെ മറ്റു കരാറുകളും റിലയൻസിന്റേതടക്കമുള്ള സ്വകാര്യ കപ്പൽശാലകൾക്ക‌് നൽകാനാണ‌് ബിജെപി സർക്കാർ നീക്കം നടത്തുന്നത്.
കൊച്ചി കപ്പൽശാല അടക്കമുള്ള പൊതുമേഖലയിലെ കഴിവ് തെളിയിച്ച സ്ഥാപനങ്ങളെ മാറ്റിനിർത്തി സ്വകാര്യ കപ്പൽശാലകൾക്ക് നേരിട്ട് പ്രതിരോധരംഗത്തെ ഓർഡറുകൾ നൽകുന്നത് രാജ്യസുരക്ഷയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നതും വൻ സാമ്പത്തിക അഴിമതിക്ക‌് കളമൊരുക്കുന്നതുമാണ്. നിലവിൽ എൽപിഡികളുടെ നിർമാണ കരാർ സ്വകാര്യ കപ്പൽനിർമാണ ശാലകൾക്ക് നൽകിയ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഈ നടപടികൾ പുനഃപരിശോധന നടത്തി എൽപിഡികളുടെയും പുതിയ വിമാനവാഹിനിയുടെയും നിർമാണം കൊച്ചി കപ്പൽനിർമാണ ശാലയ്ക്ക് നൽകണമെന്നും ഫെഡറേഷൻ പ്രസിഡന്റ് പി രാജീവ്, ജനറൽ സെക്രട്ടറി എം അനിൽകുമാർ, വർക്കിങ് പ്രസിഡന്റ് എൻ സതീഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2xZYK7a
via IFTTT
No comments:
Post a Comment