തിരുവനന്തപുരം
പ്രളയത്തെതുടർന്ന‌് കേന്ദ്ര സർക്കാർ അനുവദിച്ച അരി സംസ്ഥാനം വേണ്ടെന്നു പറഞ്ഞെന്ന മനോരമ വാർത്ത നുണ. കേന്ദ്രം 25 രൂപ നിരക്കിൽ അനുവദിച്ച 89,540 മെട്രിക് ടൺ അരിയിൽ മുപ്പത‌് ശതമാനത്തിലധികം നിലവിൽ ഏറ്റെടുത്തെന്നും 19നകം ബാക്കി ഏറ്റെടുക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. കേന്ദ്രം അനുവദിച്ച അരി കേരളം ഏറ്റെടുക്കുന്നില്ലെന്നും ഇതുവരെ ആറ‌് ശതമാനം അരിയാണ‌് ഏറ്റെടുത്തതെന്നുമായിരുന്നു മനോരമയുടെ വെള്ളിയാഴ‌്ചത്തെ പ്രധാന വാർത്ത.
മുഖ്യമന്ത്രിയുടെ അഭ്യർഥനയെത്തുടർന്ന‌് ആഗസ‌്ത‌് 21നാണ‌് 89,540 ടൺ അരി കേന്ദ്രം അനുവദിച്ചത‌്. സൗജന്യ നിരക്കിൽ നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും കിലോയ‌്ക്ക‌് 25 രൂപ നിരക്കിൽ നൽകണമെന്ന‌് കേന്ദ്രഭക്ഷ്യവകുപ്പ‌് ഉത്തരവിറക്കി. ഇൗ പണം കേന്ദ്രം കേരളത്തിന‌് നൽകുന്ന ദുരന്തനിവാരണ ഫണ്ടിൽനിന്ന‌് കിഴിക്കുമെന്നുമായിരുന്നു ഉത്തരവ‌്. ഇത‌് വിവാദമായപ്പോൾ അരി സൗജന്യമായിത്തന്നെ നൽകുമെന്ന‌് കേന്ദ്രമന്ത്രി രാംവിലാസ‌് പസ്വാൻ പ്രസ‌്താവന ഇറക്കിയെങ്കിലും ഇതുവരെ അനുകൂല ഉത്തരവിറക്കിയില്ല. എങ്കിലും അരി എടുക്കാൻ തന്നെയായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞ 29ന‌് സർക്കാർ സംസ്ഥാനത്തെ എഫ‌്സിഐ ഉന്നത ഉദ്യോഗസ്ഥരുടെയും ചുമട്ടുതൊഴിലാളി യൂണിയനുകളുടെയും യോഗം വിളിച്ചു. ഇതുപ്രകാരം അവധി ദിവസങ്ങളിൽ ഉൾപ്പെടെ എഫ‌്സിഐ ഡിപ്പോയിൽനിന്ന‌് അരി എടുക്കാൻ തീരുമാനിച്ചു. ഇപ്രകാരം എടുത്ത അരിയിൽനിന്ന‌് 38.5 ലക്ഷം കുടുംബങ്ങൾക്ക‌് സൗജന്യമായി അഞ്ച‌് കിലോവീതം നൽകി. കേന്ദ്രം അനുവദിച്ച അരിവിഹിതം സമയബന്ധിതമായി ഏറ്റെടുക്കാനും വിതരണം ചെയ്യാനുമുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെയാണ‌് മനോരമ വ്യാജ വാർത്ത നൽകിയത‌്.
സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ച അരിക്ക‌് കേന്ദ്രം അമിതവില ഈടാക്കുന്നതിൽ ഒരു കുറ്റവും കാണാത്ത മനോരമയുടെ ലക്ഷ്യം സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ‐പുനർനിർമാണ പ്രവർത്തനങ്ങളെ താറടിച്ചുകാണിക്കലാണ‌്. കേന്ദ്രം കിലോയ‌്ക്ക‌് 25 രൂപ ഈടാക്കുമെന്നു പറഞ്ഞ അരിയാണ‌് 38.5 ലക്ഷം കുടുംബത്തിന‌് സൗജന്യമായി നൽകിയത‌്. ഇതും മനോരമയ‌്ക്ക‌് വാർത്തയല്ല.
from Kerala || Deshabhimani Online News https://ift.tt/2CWc7eo
via IFTTT
No comments:
Post a Comment