തിരുവനന്തപുരം
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ 11 അന്താരാഷ‌്ട്ര കമ്പനികളും ആറ് ആഭ്യന്തരകമ്പനികളും സമ്മതം അറിയിച്ചെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ‌്ട്ര വിമാനത്താവള കമ്പനി വാർഷിക പൊതുയോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു ചെയർമാൻകൂടിയായ മുഖ്യമന്ത്രി.
രണ്ടുവർഷത്തിനിടെ വിമാനത്താവളനിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനകരമാണ‌്.അന്താരാഷ‌്ട്ര വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവെയ്സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻകമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചത്.
റൺവേയും എയർസൈഡ് വർക്കുകളും ഉൾപ്പെട്ട 694 കോടി രൂപയുടെ ഇപിസി കോൺട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെർമിനൽ ബിൽഡിങ്ങും പൂർത്തീകരിച്ചു. ടെർമിനൽ ബിൽഡിങ്ങിലെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇൻലൈൻ എക്സ്റേ മെഷീൻ, ബാഗേജ് ഹാൻഡ‌്‌ലിങ‌് സിസ്റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ‌് ബ്രിഡ്ജ് ജോലികളും പൂർത്തിയായി.ഗ്രൗണ്ട് ഹാൻഡ‌്‌ലിങ് സേവനങ്ങൾക്കായി എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാൻഡ‌്‌ലിങ് ഡൽഹി പ്രൈവറ്റ് ലിമിറ്റഡിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.
ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലക്സ്, നാലുനില എയർപോർട്ട് ഓഫീസ് സമുച്ചയം, അഞ്ചുനില സിഐഎസ്എഫ് പാർപ്പിടസമുച്ചയം, ചുറ്റുമതിലിനോടുചേർന്ന് 23 കിലോമീറ്റർ നീളമുള്ള റോഡ‌്, ലൈറ്റിങ‌് നിർമാണം, പരിസരം മോടിപിടിപ്പിക്കൽ എന്നിവ ഉൾപ്പെടെ 113 കോടി രൂപയുടെ ജോലികൾ മോണ്ടി കാർലോ ലിമിറ്റഡ് കമ്പനിയെ ഏൽപ്പിച്ചു. ഒന്നരവർഷത്തിനകം ഇവ പൂർത്തീകരിക്കാനാകും. റൺവേ 3050ൽനിന്ന‌് 4000 മീറ്ററാക്കുന്നതിന് ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുകയാണ്. റൺവേ പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ടായി കണ്ണൂർ മാറും. വിമാനത്താവളത്തിൽ വിവിധ തസ്തികകളിലായി 180 ജീവനക്കാരെയാണ് വേണ്ടത്. നിലവിൽ 136 ഉദ്യോഗസ്ഥരുണ്ട‌്. ബാക്കി തസ്തികകളിൽ നിയമനം നടക്കുന്നു.
പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ 29 പേർക്ക‌് വിവിധ തസ്തികകളിൽ നിയമിച്ചു. ഈ വിഭാഗത്തിൽ ബാക്കിയുള്ളവരെ ഗ്രൗണ്ട്/ കാർഗോ ഹാൻഡ‌്‌ലിങ‌് ഏജൻസിയായ എയർ ഇന്ത്യ എടിഎസ്എൽവഴി നിയമിക്കാൻ ധാരണയായി. നിയമന ഉത്തരവ് എയർ ഇന്ത്യ എടിഎസ്എൽ നൽകും.
നാവിഗേഷൻ സംവിധാനമായ ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച് (ഡിവിഒആർ) ഇൻഫർമേഷൻ ലാൻഡിങ‌് സിസ്റ്റവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു.
ഇവയുടെ പരിശോധനയും പൂർത്തിയായി. സെപ‌്തംബർ 20നും 21നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചതനുസരിച്ച് ഡിവിഒആർ അടിസ്ഥാനമായ ഫ്ളൈറ്റ് ട്രയൽ ഡിജിസിഎ എയർ ഇന്ത്യാ എക്സ്പ്രസും ഇൻഡിഗോയും വിജയകരമായി നടത്തി. ഈ പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കും. എയർപോർട്ടിന്റെ സുരക്ഷയ്ക്കായി 613 പേരെ നിയോഗിക്കാൻ സിഐഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ ഇവരെ നിയമിച്ചു
തുടങ്ങും.
എമിഗ്രേഷനായി താൽക്കാലികാടിസ്ഥാനത്തിൽ കേരള പൊലീസിനെ നിയോഗിക്കുമെന്നും വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിനായുള്ള നടപടി 2018ൽ പൂർത്തീകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, മാനേജിങ‌് ഡയറക്ടർ വി തുളസീദാസ്, ഡയറക്ടർ ബോർഡ് അംഗം എം എ യൂസഫലി, കമ്പനി സെക്രട്ടറി ജി ജ്ഞാനേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2NSh10I
via IFTTT
No comments:
Post a Comment