പ്രളയം നഷ്ടപ്പെടുത്തിയത‌് തിരിച്ചുപിടിക്കാനുള്ള കേരള ജനതയുടെ നിശ്ചയദാർഢ്യത്തിന‌് എൽഡിഎഫ‌് സർക്കാർ പ്രഖ്യാപിച്ച പിന്തുണയുടെ രണ്ടാംഘട്ടമായ ഒരുലക്ഷംരൂപ വായ‌്പാസഹായത്തിന‌് തുടക്കമായി. നഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനും ഉപജീവനോപാധികൾ ഉറപ്പാക്കാനും ഒരുലക്ഷം രൂപ പലിശരഹിത വായ‌്പയാണ‌് നൽകുക. ഒമ്പത‌് ശതമാനം പലിശയുടെ ബാധ്യത സംസ്ഥാന സർക്കാർ വഹിക്കും.
ഒമ്പതുമാസം വായ‌്പയ‌്ക്ക‌് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട‌്. പത്താംമാസംമുതൽ നിശ്ചിത ഗഡു തിരിച്ചടച്ചാൽ മതി. 113229 കുടുംബനാഥർ ഇതുവരെ അപേക്ഷ നൽകി. റിസർജന്റ‌് കേരള ലോൺ സ‌്കീം എന്ന പദ്ധതിയിൽ സഹകരണ ബാങ്കുകൾക്കൊപ്പം പൊതുമേഖലാ ബാങ്കുകളും പങ്കാളികളാകുന്നുണ്ട‌്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയാണ‌് നടപ്പാക്കുന്നത‌്. ബാങ്കുകളിൽനിന്ന‌് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കാണ‌് തുക അനുവദിക്കുക.
14609 കുടുംബശ്രീ യൂണിറ്റുകളാണ‌് വായ‌്പയ‌്ക്ക‌് അപേക്ഷിച്ചത‌്. കുടുംബശ്രീയിലെ 2.77 ലക്ഷം അയൽക്കൂട്ടങ്ങളിൽ 1.1 ലക്ഷം എണ്ണത്തിന്റെ ബാങ്ക‌് അക്കൗണ്ടും സഹകരണ ബാങ്കുകളിലാണ‌്. സഹകരണ വകുപ്പിന്റെ കെയർ ലോൺ പദ്ധതിയിൽ പ്രാഥമിക കാർഷിക സംഘങ്ങൾക്കാണ‌് വായ‌്പാവിതരണത്തിന‌് ചുമതല.
അടിയന്തര ധനസഹായമായ 10000 രൂപ ലഭിച്ചവർക്കെല്ലാം വായ‌്പാ പദ്ധതിയിൽ സഹായം ഉറപ്പാണ‌്. ടിവി, ഫ്രിഡ‌്ജ‌്, മിക‌്സി, ഗ്യാസ‌് സ‌്റ്റൗ, ഫർണിച്ചർ, മെത്ത, കുക്കർ തുടങ്ങിയവ വാങ്ങാനും വീടിന്റെ ചെറിയ അറ്റകുറ്റപ്പണികൾക്ക‌് സാധനങ്ങൾ വാങ്ങുന്നതിനും കോഴി, ആട‌് തുടങ്ങി കുറഞ്ഞ മുതൽമുടക്കുള്ള ഉപജീവനോപാധികൾ വാങ്ങാനും വായ‌്പ ഉപയോഗിക്കാം.
എറണാകുളം ജില്ലയിൽനിന്നാണ‌് കൂടുതൽ അപേക്ഷകർ‐ 38476 പേർ. തൃശൂരിൽ 33669, ആലപ്പുഴയിൽ 11133, കോട്ടയത്ത‌് 13251, പത്തനംതിട്ടയിൽ 5710, മലപ്പുറത്ത‌് 4995, വയനാട‌് 2859 എന്നിങ്ങനെയും കണ്ണൂരിൽ 18 പേരുമാണ‌് അപേക്ഷിച്ചത‌്.
36 മുതൽ 48 മാസംവരെയാണ‌് തിരിച്ചടവ‌് കാലാവധി. ഒമ്പത‌് ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ‌് വഹിക്കുക.
കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവർക്കും വായ‌്പ ലഭ്യമാക്കും. ഇവർ അടുത്ത അയൽക്കൂട്ടത്തിൽ അംഗമായാൽ മതിയാകും. ആർക്കെങ്കിലും അംഗത്വം നിഷേധിച്ചാൽ കുടുംബശ്രീ സിഡിഎസ‌് മെമ്പർ സെക്രട്ടറിക്കോ ചെയർപേഴ‌്സണോ പരാതി നൽകാം.
from Kerala || Deshabhimani Online News https://ift.tt/2xCpnzE
via IFTTT
No comments:
Post a Comment