പത്തനംതിട്ട
"തടി കുറയ്ക്കണം, നാളെ തന്നെയൊരു സൈക്കിൾ വാങ്ങാം' എന്ന് ചിന്തിക്കാത്തവർ കുറവ്. വാങ്ങിയ സൈക്കിൾ വീടിന്റെ മൂലയ്ക്ക് എവിടെയോ കിടപ്പുണ്ടെന്ന് മാത്രം. തീരുമാനം പൊളിയായിരുന്നു, പക്ഷേ നടപ്പാക്കൽ അതികഠിനമെന്ന് ഇത്തരം മടിയൻമാർ പറയും. ഇവർക്കൊക്കെ അപമാനമാണ് ജ്യോതിഷ്. തടി കുറയ്ക്കാൻ തുടങ്ങിയ സൈക്കിളോട്ടം നിർത്താനാവാതെ, ഇനി എവിടെ ചെന്ന് നിൽക്കുമെന്നറിയാതെ നീളുന്നു. ജ്യോതിഷിനെ പണ്ട് കണ്ടവർക്ക് ഇപ്പൊ തിരിച്ചറിയാനാവില്ല. 100 കിലോയിൽനിന്ന് എത്തിയത് 75ലേക്കാണ്. ലോക്ഡൗൺ കാലത്ത് ജോലി വീട്ടിലിരുന്നായപ്പോൾ തുടങ്ങിയ വിനോദം പിന്നെ സീരിയസ് ആവുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവൻകൂർ റൈഡേഴ്സ് ക്ലബിലൂടെയാണ് എൻഡ്യൂറൻസ് റൈഡിങ്ങിലേക്ക് (ദീർഘദൂര റൈഡിങ്) എത്തുന്നത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിആർഎം റൈഡിങ്ങിലെത്തി നിൽക്കുകയാണിപ്പോൾ. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി ഇത് പൂർത്തിയാക്കി. ആദ്യം കൊച്ചിയിൽനിന്ന് പീച്ചി ഡാമിലേക്കും തിരിച്ചും (200 കിലോമീറ്റർ). രണ്ടാമത്തേത് കൊച്ചി–-അങ്കമാലി–-തൊടുപുഴ–-പാലാ വഴിയും (300 കിലോമീറ്റർ). ഒക്ടോബറിൽ തകർത്തുപെയ്യുന്ന മഴയിലും ഉരുൾപൊട്ടൽ ഭീഷണിക്കിടയിലുമായിരുന്നു ഈ യാത്ര. റോഡിൽ അരക്കൊപ്പം വെള്ളത്തിൽ പലയിടത്തും സൈക്കിൾ എടുത്തുകൊണ്ട് പോകേണ്ടിവന്നു. മൂന്നാമത്തേത് കൊച്ചി–-തിരുവനന്തപുരവും (400 കിലോമീറ്റർ). നാലാമത്തേത് കൊച്ചി–-വാളയാർ–-കൊച്ചി–-ചാത്തന്നൂർ (600 കിലോമീറ്റർ) ആയിരുന്നു. ഇതിൽ ഒന്നര ദിവസത്തോളം നിർത്താതെ സൈക്കിളോടിച്ചതും വ്യത്യസ്തമായ അനുഭവമെന്ന് ജ്യോതിഷ് അജയ് നായർ പറയുന്നു.
1200 കിലോമീറ്റർ 90 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട അടുത്ത സീസൺ ആണ് ഇനിയുള്ള ലക്ഷ്യം. കഴിഞ്ഞ ഒരു വർഷമായി കൊച്ചിയിൽ പിഎസ്എൻ കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുകയാണ് ഈ ഇരുപത്തിയഞ്ചുകാരൻ. കുമ്പനാട് മോളിക്കൽ കലാഭവനിൽ സുരേഷ്–-അനിത ദമ്പതികളുടെ മകനാണ്. സഹോദരി: ജ്യോതി.
from Kerala || Deshabhimani Online News https://ift.tt/3luWoGG
via IFTTT
No comments:
Post a Comment