കൊച്ചി > കോണ്ഗ്രസിന്റെ പിന്നില് അണിനിരന്ന ജനാധിപത്യ മതനിരപേക്ഷ വാദികള് ഇടതുപക്ഷത്തോട് കൂടുതല് അടുക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും വ്യക്തമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങള് ഒന്നിച്ചുസമാധാനത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരാള്ക്കും ബിജെപിയിലേക്ക് പോകാനാകില്ല. വ്യാമോഹമുക്തരായി കോണ്ഗ്രസില്നിന്ന് ഇടതുപക്ഷത്തേക്കു വരുന്ന ബഹുജനങ്ങളെ സിപിഐ എം സ്വാഗതം ചെയ്യും. അതിനെ കോണ്ഗ്രസിന്റെ കാര്യങ്ങളിലുള്ള ഇടപെടലായി ദുര്വ്യാഖ്യാനിച്ചിട്ട് കാര്യമില്ലെന്നും വിജയരാഘവന് 'ദേശാഭിമാനി'യില് എഴുതിയ ലേഖനത്തില് വ്യക്തമാക്കി.
കോണ്ഗ്രസില് നടക്കുന്ന കലാപം ഡിസിസി പ്രസിഡന്റുമാരെ എഐസിസി നേതൃത്വം നാമനിര്ദേശം ചെയ്തതിന്റെ പേരിലാണെങ്കിലും കുറെക്കാലമായി കോണ്ഗ്രസില് നിലനില്ക്കുന്ന വിവിധ ചേരികള് തമ്മിലുള്ള തര്ക്കങ്ങളുടെ പുതിയഘട്ടമാണ് ഇത്. ജനങ്ങള്ക്കിടയിലെ പ്രവര്ത്തനത്തിന് നേതൃത്വം നല്കുന്നതിലൂടെ ജനസമ്മതി ആര്ജിച്ച നേതൃത്വമെന്ന നിലയിലല്ല, പ്രബല നേതാക്കന്മാര്ക്ക് ചുറ്റും അണിനിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ അവരുടെ നേതൃത്വം പ്രവര്ത്തിക്കുന്നത്. ഗ്രൂപ്പുകള് മാറിക്കളിക്കുന്ന അവസരവാദികള്ക്കിടയില് ആത്മാര്ഥതയുള്ള കോണ്ഗ്രസുകാര്ക്ക് പ്രവര്ത്തിക്കാന് കഴിയാത്ത സ്ഥിതിയാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പുതോല്വിയുടെ ഉത്തരവാദിത്വം തലയിലിട്ട്, പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിക്കപ്പെട്ട രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രകടിപ്പിച്ച അഭിപ്രായം പലവിധത്തില് ശ്രദ്ധേയമാണ്. സംഘടനാ തെരഞ്ഞെടുപ്പാണ് പ്രശ്നങ്ങള് പരിഹരിക്കാനുള്ള വഴിയെന്നാണ് അദ്ദേഹം പറഞ്ഞത്. രസകരമായ കാര്യം, കെപിസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്നു പതിറ്റാണ്ടായി എന്നതാണ്. 1992ലാണ് ഒടുവില് കേരളത്തിലെ കോണ്ഗ്രസില് തെരഞ്ഞെടുപ്പുണ്ടായത്. രമേശ് ചെന്നിത്തല തന്നെ ദീര്ഘകാലം കെപിസിസി പ്രസിഡന്റായത് തെരഞ്ഞെടുപ്പിലൂടെയല്ല. കോണ്ഗ്രസിലെ യുവാക്കളെ സംബന്ധിച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന ഓര്മയേ കാണില്ല.
കേരളത്തില് മൂന്നു പതിറ്റാണ്ടായെങ്കില്, എഐസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് എത്രയോ പതിറ്റാണ്ട് ആയിക്കാണും. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്ഗ്രസില് അംഗത്വത്തിന്റെ അടിസ്ഥാനത്തില് തെരഞ്ഞെടുപ്പ് നടന്നത് അപൂര്വമായിരുന്നു. നടന്നതെല്ലാം ഒത്തുതീര്പ്പുകളായിരുന്നു. ജവാഹര്ലാല് നെഹ്റുവിനുശേഷം ഇന്ദിര ഗാന്ധിയുടെ കാലത്ത് ജനാധിപത്യപ്രക്രിയ അസ്തമിച്ചെന്ന് പറയാം. ഈ പാര്ടിയെ എന്തുകൊണ്ടാണ് ബൂര്ഷ്വാ മാധ്യമങ്ങള് ജനാധിപത്യ കക്ഷിയെന്ന് വിളിക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്.- വിജയരാഘവന് പറഞ്ഞു.
കോണ്ഗ്രസിലെ ജനാധിപത്യപ്രക്രിയയുടെ കാര്യമിതാണെങ്കില് ഇതില്നിന്ന് തീര്ത്തും വ്യത്യസ്തമായ ചിത്രം നമുക്ക് മുമ്പിലുണ്ട്. ഓരോ മൂന്നു വര്ഷം കൂടുമ്പോഴും പാര്ടിയുടെ നയങ്ങള് അവലോകനം ചെയ്തും സംഘടനാ തെരഞ്ഞെടുപ്പുനടത്തിയും സിപിഐ എം മുമ്പോട്ടുപോകുകയാണ്. കമ്യൂണിസ്റ്റ് പാര്ടി രൂപംകൊണ്ടതുമുതല് ആ പതിവ് തെറ്റിയിട്ടില്ല. 23--ാം പാര്ടി കോണ്ഗ്രസ് 2022 ഏപ്രിലില് കണ്ണൂരില് ചേരാന് പാര്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കയാണ്. എഐസിസി സമ്മേളനം പോലെയോ ബിജെപി ദേശീയ എക്സിക്യൂട്ടീവ് പോലെയോ ഇതൊരു മാമാങ്കമല്ല. പാര്ടിയിലുടനീളം ആശയപരവും സംഘടനാപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്ച്ചയാണ് ഇതിന്റെ ഭാഗമായി നടക്കുക.
പാര്ടിയുടെ ഏറ്റവും താഴെ തട്ടിലുള്ള ഘടകമായ ബ്രാഞ്ചിന്റെ സമ്മേളനങ്ങള് സെപ്തംബര് 15ന് ആരംഭിക്കുകയാണ്. അതിനുശേഷം ലോക്കല്, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങള് ചേരും. സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് പാര്ടി കോണ്ഗ്രസില് പങ്കെടുക്കുക. ഘടകസമ്മേളനങ്ങളില് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മൂന്നു വര്ഷത്തെ പ്രവര്ത്തനങ്ങള് വിലയിരുത്തി ഓരോ ഘടകവും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ബ്രാഞ്ച് തലത്തിലാണെങ്കില് കമ്മിറ്റിയെയല്ല, സെക്രട്ടറിയെയാണ് തെരഞ്ഞെടുക്കുക. വിമര്ശത്തിന്റെയും സ്വയംവിമര്ശത്തിന്റെയും അടിസ്ഥാനത്തില് പാര്ടിസംഘടന പുതിയ ഊര്ജം സമാഹരിച്ച് മുന്നോട്ടുപോകും. പുതിയ വെല്ലുവിളികള് ഏറ്റെടുക്കാന് പാര്ടിസംഘടനയെ ശക്തിപ്പെടുത്തും.
പാര്ടിയുടെ രാഷ്ട്രീയനയം രൂപപ്പെടുത്തുന്നത് പാര്ടി കോണ്ഗ്രസാണ്. ഈ നയരൂപീകരണ പ്രക്രിയക്ക് ഒരു പ്രത്യേകതയുണ്ട്. രാഷ്ട്രീയനയം തീരുമാനിക്കാനുള്ള രേഖ-രാഷ്ട്രീയപ്രമേയം-പാര്ടി കോണ്ഗ്രസിന് മാസങ്ങള്ക്കുമുമ്പേ പ്രസിദ്ധീകരിക്കും. പാര്ടിയുടെ ഓരോ ഘടകവും ഇതു ചര്ച്ചചെയ്ത് അഭിപ്രായം പാര്ടി കേന്ദ്ര കമ്മിറ്റിയെ അറിയിക്കും. ഘടകങ്ങള്ക്ക് മാത്രമല്ല, അംഗങ്ങള്ക്ക് വ്യക്തിപരമായും പാര്ടി പ്രമേയത്തിന് ഭേദഗതി നിര്ദേശിക്കാം. ഇവയെല്ലാം ക്രോഡീകരിച്ച് പാര്ടി കോണ്ഗ്രസില് അവതരിപ്പിക്കും. രാഷ്ട്രീയനയം തീരുമാനിക്കാന് ഇത്രയും വിപുലമായ ജനാധിപത്യപ്രക്രിയ ബൂര്ഷ്വാ പാര്ടികള്ക്ക് ചിന്തിക്കാന് പോലുമാകില്ല.
പാര്ടിയുടെ തന്ത്രപരമായ ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കാന് സഹായകരമായ അടവുനയങ്ങളാണ് രാഷ്ട്രീയ പ്രമേയത്തിലൂടെ രൂപപ്പെടുത്തുന്നത്. പാര്ടിയുടെ അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവര്ത്തനത്തെ വിമര്ശ സ്വയംവിമര്ശപരമായി സമ്മേളനങ്ങളില് വിശകലനം ചെയ്യും. ലോക്കല് തലംമുതല് കേന്ദ്ര കമ്മിറ്റിവരെ തെരഞ്ഞെടുക്കപ്പെടുന്ന ഘടകങ്ങളാണ് സിപിഐ എമ്മിന് ഉള്ളത്. ഈ ശൈലി കോണ്ഗ്രസുകാര്ക്ക് അപരിചിതമാണ്. ഇപ്പോഴും ഹൈക്കമാന്ഡിന്റെ നിയമന ഉത്തരവിലൂടെ നേതൃത്വം പിടിക്കാനുള്ള കിടമത്സരം നടത്താനുള്ള ഭാഗ്യം മാത്രമാണ് കോണ്ഗ്രസുകാര്ക്കുള്ളതെന്നും വിജയരാഘവന് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3yCiryZ
via IFTTT
No comments:
Post a Comment