തൃശൂർ
തെരഞ്ഞെടുപ്പു പ്രചാരണത്തിനെന്ന പേരിൽ ബിജെപി കുഴൽപ്പണം എത്തിയത് കർണാടകത്തിൽനിന്നുതന്നെയെന്ന് സ്ഥിരീകരണം. കുഴൽപ്പണം കടത്തിയ ധർമരാജന്റെ സുഹൃത്ത് ബംഗളൂരു സ്വദേശി സുനിൽ സിങ്ങിനെയും ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യത്തിൽ വ്യക്തതയായത്. കേസിൽ പിടികിട്ടാനുള്ള പ്രതി ഷിഗിലിനായി അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിച്ചു. എട്ടു പ്രതികളെ ജയിലിൽ ചോദ്യം ചെയ്തു.
പണം തന്റേതെന്ന്
ധർമരാജൻ
ഇതിനിടെ പണം തന്റേതാണെന്നും കണ്ടെടുത്ത പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ധർമരാജൻ കോടതിയെ സമീപിച്ചു. ബിജെപിയെ രക്ഷിക്കാൻ ധർമരാജന്റെ പേരിൽ ഹർജി നൽകിയതെന്നാണ് സൂചന. ഈ വാദം നിയമപരമായി നില നിൽക്കുകയില്ലെന്ന് അന്വേഷകസംഘം പറയുന്നു.
ഏപ്രിൽ മൂന്നിനാണ് കവർച്ച നടന്നത്. സംഭവത്തിൽ പരാതിക്കാരൻ ഷംജീറാണ്. 25 ലക്ഷമെന്നായിരുന്നു പരാതി. ഒരുഘട്ടത്തിലും ധർമരാജൻ പരാതി നൽകിയിട്ടില്ല. ഷംജീർ നൽകിയ മൊഴിപ്രകാരമാണ് ധർമരാജനെ വിളിപ്പിച്ചത്. കാറിൽ മൂന്നരക്കോടിയുള്ളതായി അന്വേഷകസംഘം കണ്ടെത്തി. 164 പ്രകാരം കോടതിയിൽ ധർമരാജൻ നൽകിയ മൊഴിയിലും സ്വന്തം പണമെന്ന് പറഞ്ഞിട്ടില്ല. പണം ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ കള്ളപ്പണമാണെന്നുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. ബിജെപി നേതാക്കളെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ബിജെപി ബന്ധം വ്യക്തം;
പ്രതിരോധം രോദനം മാത്രം
കൊടകര കുഴൽപ്പണ കേസിലൂടെ തങ്ങളെ കള്ളക്കേസിൽ പെടുത്തുകയാണെന്ന ബിജെപി നേതാക്കളുടെ ശ്രമം പടുകുഴിയിൽനിന്ന് കരകയറാനുള്ള രോദനംമാത്രം.
കർണാടകത്തിൽനിന്ന് കേരളത്തിലെ ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിച്ച കുഴൽപ്പണത്തിന്റെ ഒരു വിഹിതം കാറിൽ കൊണ്ടുപോകവെ ചില ബിജെപി നേതാക്കളുടെതന്നെ ഒത്താശയോടെ ഒരു സംഘം തട്ടിയെടുത്തതാണ് കൊടകരയിലെ കേസ്. അതിൽനിന്നാണ് സംസ്ഥാന ബിജെപി ഉന്നതരുടെ കുഴൽപ്പണ ഇടപാടുകൾ പുറത്തുവന്നത് എന്നു മാത്രം.
പണം കൊടുത്തുവിട്ട ധർമരാജൻ കുഴൽപ്പണ കടത്തിലെ പ്രധാന കണ്ണിയാണ്. ബിജെപി സജീവ പ്രവർത്തകനാണെന്നു മാത്രമല്ല, ഉന്നത നേതാക്കളുമായി അടുത്ത ബന്ധവും. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഇയാളുടെ ഡ്രൈവർ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്. ഷംജീറിൽ നിന്നാണ് പൊലീസിന് ധർമരാജന്റെ ബന്ധങ്ങളും കോടികളുടെ ഇടപാടിന്റെ വിവരവും ലഭിച്ചത്. സത്യം മറച്ചുവച്ച് പരാതി നൽകിയതും സംശയം വർധിപ്പിച്ചു. സ്വാഭാവികമായും ധർമരാജന്റെ ബന്ധങ്ങൾ അറിയാൻ കാൾ ലിസ്റ്റ് പരിശോധിച്ചേ മതിയാകൂ. കോടതിയിൽ പോയാലും അതിന് അനുവദിക്കുകയും ചെയ്യും.
21 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ശേഖരിച്ച ചില വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വച്ചാണ് കെ സുരേന്ദ്രനിലേക്ക് അന്വേഷണം എത്തിയത്.
കുഴൽപ്പണം വന്നതും വീതിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങൾ ഒരു വിഭാഗം ബിജെപി നേതാക്കളുടെതന്നെ പരാതിയിൽനിന്ന് വ്യക്തവുമാണ്. തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫ്ളക്സ് അടിച്ച വകയിൽ കൊടുക്കാനുള്ള തുക കുഴൽപ്പണത്തിൽനിന്ന് കൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇരട്ടി തുകയുടെ ബിൽ ആവശ്യപ്പെട്ടത് പ്രശ്നമായി. ഇതു സംബന്ധിച്ച് പരാതി ഇനിയും തീർന്നിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/3v5Bxf2
via IFTTT
No comments:
Post a Comment