ബുറേവി ചുഴലിക്കാറ്റ്‌ ശ്രീലങ്കൻ തീരത്ത്‌; കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 2, 2020

ബുറേവി ചുഴലിക്കാറ്റ്‌ ശ്രീലങ്കൻ തീരത്ത്‌; കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌


തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ബുറേവി' ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തെത്തി. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജാഗ്രതാ നടപടികൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നാല്ജില്ലകളിൽ റെഡ്അലർട്ട് പ്രഖ്യാപിച്ചു. മുൻ കരുതലായി ഡാമുകൾ തുറന്നു. 1077 ആണ് കൺട്രോൾ റൂം നമ്പർ .

ശ്രീലങ്കയിൽ ട്രിങ്കോമാലിക്കും മുല്ലെതീവിനും ഇടയിലുടെയാണ് ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ശ്രീലങ്കയിൽനിന്ന് ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട് തീരത്ത് പ്രവേശിക്കും. തമിഴ്നാട്ടിൽ കനത്ത മഴ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്ചവരെ ഇത് തുടരും. കടൽ പ്രക്ഷുബ്ധമാകും



തിരുവനന്തപുരം ജില്ലയില് അപകട സാധ്യതാ മേഖലയില് താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില് 180 ക്യാമ്പുകളാണ് തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളില് സുരക്ഷിതമായി പാര്പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്പ്പിക്കുന്നതടക്കമുള്ള നടപടികള് പുരോഗമിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മണിക്കൂറിൽ 60 കിലോമീറ്ററിനു മുകളിൽ വേഗതയിൽ കാറ്റുണ്ടാകും. എറണാകുളത്തും ഇടുക്കിയിൽ ചിലയിടത്തും 30 മുതൽ 40 കിലോമീറ്ററാകും വേഗത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മലയോരമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കും സാധ്യതയുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളെ വിന്യസിച്ചു. എയർഫോഴ്സിന്റെ സജ്ജീകരണങ്ങൾ കോയമ്പത്തൂർ സുലൂർബേസിൽ ഒരുക്കി. നാവികസേനയും സജ്ജമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി. എല്ലാ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേർന്നു. ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി.

സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളെ നേരിടാനായത് സർക്കാരിനൊപ്പം എല്ലാ ജനവിഭാഗങ്ങളും സഹകരിച്ച്, യോജിച്ചു പ്രവർത്തിച്ചതിനാലാണെന്നും ആ യോജിപ്പും കൂട്ടായ പ്രവർത്തനവുമാണ് ഈ ഘട്ടത്തിലും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകൾ തുറന്നു
മുൻകരുതലായി സംസ്ഥാനത്തെ ഡാമുകൾ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര, കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമുകളാണ് തുറന്നത്. നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. ചെറിയ ഡാമുകളിൽനിന്ന് വെള്ളം പുറത്തേക്ക് വിടേണ്ട സാഹചര്യം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളും തുടങ്ങി.

4 ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലീ മീറ്ററിൽ കൂടുതൽ മഴയുണ്ടാകും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് (അതിശക്തമായ മഴ). വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ, പാലക്കാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.

from Kerala || Deshabhimani ​Online ​News https://ift.tt/39D8HLZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages