അഗളി> ഷോളയൂരിൽ രണ്ട് ഡസനിലേറെ വീടുകൾ ഇടിച്ചു നിരത്തിയ ബുൾഡോസറെന്ന മോഴയാനക്ക് ദാരുണാന്ത്യം. ഓഗസ്റ്റ് 17 മുതൽ വായിൽ പരിക്കുമായി തീറ്റയെടുക്കാനാകാതെ അട്ടപ്പാടി ഷോളയൂർ വനമേഖലയിൽ ചുറ്റി തിരിഞ്ഞിരുന്ന കാട്ടാനയാണ് ബുധനാഴ്ച രാവിലെ ആറരയോടെ ആനക്കട്ടിക്ക് അടുത്ത് മരപ്പാലത്ത് റോഡിൽ തളർന്ന് വീണ് ചെരിഞ്ഞത്.

ജൂൺ, ജൂലൈ മാസങ്ങളിൽ ഷോളയൂർ മേഖലയിൽ 25 ലേറെ വീടുകൾ തകർക്കുകയും നിരന്തരമായി ആക്രമണം നടത്തുകയും ചെയ്തിരുന്ന മോഴയാനക്ക് നാട്ടുകാരിട്ട പേരാണ് ബുൾഡോസർ. ബുൾഡോസറിന്റെ ആക്രമണം രൂക്ഷമായതോടെ റേഡിയോ കോളർ സംവിധാനം ഘടിപ്പിക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിടയിൽ ജൂലൈ പകുതിയോടെ തമിഴ്നാട് വനമേഖലയിലേക്ക് പോയ ബുൾഡോസർ പിന്നെ തിരികെയെത്തുന്നത് വായിൽ ഗുരുതര പരിക്കുമായാണ്.
കഴിഞ്ഞ 23ന് ഷോളയൂർ, കടമ്പാറ കുത്തനടി വനത്തിൽ വെച്ച് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ മയക്കു വെടിവെച്ച് ചികിത്സ നൽകിയിരുന്നു. സ്പോടക വസ്തുവോ മറ്റോ കടിച്ചത് മൂലം കീഴ്താടി തകർന്നിരുന്നു. നാവ് മുറിഞ്ഞു പോയി, പല്ലുകൾ തകർന്നു, വായിൽ കടുത്ത അണുബാധയും, പഴുപ്പ് ആന്തരിക ഭാഗത്തേക്ക് ബാധിച്ചതുമെല്ലാം കാരണം തുടർന്നും ഭക്ഷണം ഇറക്കാൻ ആനക്ക് കഴിഞ്ഞിരുന്നില്ല.
ഒരാഴ്ച മുൻപ് വീണ്ടും തമിഴ്നാട് വനത്തിലേക്ക് മറഞ്ഞ ബുൾഡോസർ കണുവായിൽ ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ ഒരാളെ കൊലപ്പെടുത്തിയിരുന്നു. കൂടാതെ നരസിപുരത്ത് 12 വീടുകളും തകർത്തു. ഞായറാഴ്ച രാത്രിയോടെ തിരികെ വീണ്ടും കേരള അതിർത്തിയായ തൂവക്കടുത്ത് കുലുക്കുരിൽ എത്തിയ ബോൾഡസർ ബുധനാഴ്ച ചെരിഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3k0b4ut
via IFTTT
No comments:
Post a Comment